Trending Now

ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍

Spread the love

 

മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി പ്രവീണ്‍ പറഞ്ഞു.

പട്ടികവര്‍ഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. വളരെ ഊര്‍ജസ്വലരായി അവര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതായും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം പൂര്‍ത്തിയാക്കാനാകുമെന്നതാണ് കുടിവെള്ള വിതരണത്തിന്റെ ഏറ്റവും പ്രധാന നേട്ടം. പ്ലാസ്റ്റിക് കുപ്പികള്‍ മൂലമുണ്ടാകുന്ന മാലിന്യം പൂര്‍ണമായും ഇല്ലാതാക്കാനും ഇതുമൂലം സാധിച്ചിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് കുടിവെള്ളത്തോടൊപ്പം ബിസ്‌കറ്റ് ലഭിക്കുന്നതും ആശ്വാസമാണ്. ഒരു കോടി അറുപത്തിയേഴ് ലക്ഷത്തിലധികം ബിസ്‌കറ്റാണ് ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് നല്‍കിയത്. മകരവിളക്കുത്സവത്തിനായി നട തുറന്ന ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ മാത്രം 25 ലക്ഷത്തിലധികം ബിസ്‌കറ്റ് വിതരണം ചെയ്തതായി സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു.

error: Content is protected !!