റോള്‍ ഒബ്‌സര്‍വറുടെ മൂന്നാം സന്ദര്‍ശനം : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു
സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇആര്‍ഒമാരുടെയും യോഗം റോള്‍ ഒബസര്‍വര്‍ ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്നു.
ജനുവരി ആറിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അന്തിമ വോട്ടര്‍ പട്ടികയുടെ രണ്ടുസെറ്റ് പകര്‍പ്പുകള്‍ നല്‍കും. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണമെന്ന് റോള്‍ ഒബ്‌സര്‍വര്‍ അറിയിച്ചു.
അന്തിമ വോട്ടര്‍ പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് യഥാസമയം കണ്ടെത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ രേഖാമൂലം അറിയിക്കണം. ഇതുവഴി തെറ്റായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കുന്നതിന് സാധിക്കും. രണ്ട് മാസത്തിലൊരിക്കല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും യോഗം വില്ലേജ് തലത്തില്‍ വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനായി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അബ്ദുള്‍ ഹാരിസ് തോപ്പില്‍, ആര്‍. ജയകൃഷ്ണന്‍, ജോണ്‍സ് യോഹന്നാന്‍, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ഇ.ആര്‍.ഒമാരായ ബി.രാധാകൃഷ്ണന്‍, മിനി തോമസ്, ജേക്കബ് റ്റി. ജോര്‍ജ്ജ്, ആര്‍.ശ്രീലത, എഇആര്‍ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 18 വരെ പേരുചേര്‍ക്കാം, അന്തിമ പട്ടിക 28ന്
ഉപതിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണവാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടിക 28ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാവുന്നത്;sec.kerala.
പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതിവരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലുമുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാര്‍ഡുകളുടെ വിവരം- പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍.
എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനികേസുകളുണ്ട്.
വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കണം; രോഗംകുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണാം.
എലിയുടെ മാത്രമല്ല നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക ,കൃഷിപ്പണി, നിര്‍മ്മാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക , വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണാമാകാം.
വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണജോലിക്കാര്‍, ഹരിതകര്‍മസേന, കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍, ചെറിയകുളങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, കെട്ടിടം പണിചെയ്യുന്നവര്‍, വര്‍ക് ഷോപ്പ് ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ഡോക്സിസൈക്ലിന്‍ കഴിക്കാം. മടിക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ടെണ്ണം) ആഹാരം കഴിച്ചതിനു ശേഷം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം. പണിക്കിറങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ ആറാഴ്ച വരെ തുടര്‍ച്ചയായി ഗുളിക കഴിക്കണം.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ മരുന്ന് കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ബയോഫ്ളോക്ക് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40ശതമാനം തുകയും എസ്.സി/എസ്.റ്റി വനിതാ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60ശതമാനം തുകയും സബ്സിഡിയായി നല്‍കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുനബന്ധ രേഖകളും 2025 ജനുവരി 14- നകം തൊട്ടടുത്തുള്ള മത്സ്യഭവന്‍ ഓഫീസിലോ പത്തനംതിട്ട ജില്ലാ ഓഫീസിലോ നല്‍കാം. ഫോണ്‍: 0468 2967720
ആയുര്‍വേദ തെറാപ്പിസ്റ്റ്
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍ ,സ്ത്രീ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ്് കോഴ്സ് (ഡിഎഎംഇ അംഗീകാരം)/ചെറുതുരുത്തി NARIP നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ്് കോഴ്സ്. പ്രായപരിധി 2025 ജനുവരി മൂന്നിന് 40 വയസ് കവിയരുത്. അവസാന തീയതി ജനുവരി 10. www.nam.kerala.gov.in-careers വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ഫോണ്‍ : 0468 2995008.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി ആറുമാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.
ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. അവസാന തീയതി ജനുവരി എട്ട്. ഫോണ്‍ : 9495999688.
കുടിവെളളവിതരണം മുടങ്ങും
പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക് കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.