Trending Now

നാൽപ്പത്തിയേഴായിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കി സന്നിധാനം സർക്കാർ ആയുർവേദ ആശുപത്രി

 

ശബരിമല: 41 ദിവസം നീണ്ടുനിന്ന മണ്ഡലമഹോത്സവത്തിന് സന്നിധാനം സർക്കാർ ആയുർവേദ ആശുപത്രിയിൽ നാൽപ്പത്തിയേഴായിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ അറിയിച്ചു.

മല കയറി വരുന്ന അയ്യപ്പന്മാർ പേശി വലിവ്, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് ആയുർവേദ ആശുപത്രിയിലെത്തുന്നത്. പേശിവലിവുമായി എത്തുന്നവർക്ക് അഭ്യംഗമുൾപ്പെടെ പലവിധ ആയുർവേദ ചികിത്സകൾ ഇവിടെ ചെയ്തുവരുന്നുണ്ട്. കഫക്കെട്ടുള്ളവർക്ക്‌ സ്റ്റീമിങ്, നസ്യം തുടങ്ങിയ ചികിത്സകൾ നൽകുന്നു.

മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്ക് ആയുർവേദ ആശുപത്രി കൂടുതൽ മരുന്നുകൾ സംഭരിക്കുന്നുണ്ടെന്നും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള മരുന്ന് വിതരണമാണ് ആശുപത്രി പിൻതുടരുന്നതെന്നും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ .മനേഷ് കുമാർ പറഞ്ഞു. ഔഷധിയാണ് മരുന്നുകൾ നൽകുന്നത്. ഐ.എസ്.എം ഡിപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ ആയുഷ് മിഷനിൽ നിന്നും കൂടുതൽ ജീവനക്കാർ വരും ദിനങ്ങളിൽ സന്നിധാനത്ത് എത്തിച്ചേരും.

 

മണ്ഡലകാലത്ത് മൂവായിരത്തിലധികം പേർ സന്നിധാനം ഗവ ഹോമിയോ ഡിസ്പെൻസറിയുടെ സേവനം പ്രയോജനപ്പെടുത്തി

ശബരിമല: ഈ മണ്ഡലകാലത്ത് മൂവായിരത്തിമുന്നൂറിലധികം പേർ  ശബരിമല സന്നിധാനം സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. എണ്ണൂറിലധികം പേർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

സന്നിധാനം ഹോമിയോ ഡിസ്പെൻസറി എല്ലാവർഷവും മണ്ഡല-മകരവിളക്ക് മഹോത്സവകാലത്ത് തുറന്നു പ്രവർത്തിക്കുന്നു. രണ്ട് ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ശബരിമല തീർത്ഥാടകർ, വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ ചികിത്സ നൽകിവരുന്നു.

പതിനായിരക്കണക്കിന് തീർത്ഥാടകർ ദിവസവും ദർശനം നടത്തുന്ന സന്നിധാനത്ത് സാംക്രമിക രോഗങ്ങളായ കൺജൻക്ടിവൈറ്റിസ്, ചിക്കൻപോക്സ്, ഡെങ്കിപ്പനി മുതലായവ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. മണ്ഡലകാലത്ത് മേൽപ്പറഞ്ഞ രോഗങ്ങളെ നേരിടാനുള്ള പ്രതിരോധ മരുന്നും ഫലപ്രദമായ ചികിത്സയും ഹോമിയോ ഡിസ്പെൻസറിയിലൂടെ ലഭ്യമാക്കാൻ സാധിച്ചതായി ഗവ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ വിഷ്ണു വി. എസ്. പറഞ്ഞു.

error: Content is protected !!