Trending Now

സിപിഐ (എം) പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( ഡിസംബര്‍ 27-30 )

 

konnivartha.com: സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാനൊരുങ്ങി കോന്നി. റോഡ് വശങ്ങളിൽ പ്രചാരണ ബോർഡുകളും കൊടികളും ലൈറ്റ് ബോർഡുകളും നിറഞ്ഞതോടെ കോന്നി ചുവന്നു തുടങ്ങി. വ്യത്യസ്‌തങ്ങളായ കമാനങ്ങളും ക്രിസ്‌മസ് നക്ഷത്രങ്ങളും സമര പോരാട്ടങ്ങളുടെ ചിത്രങ്ങളും പ്രചാരണത്തിന് മിഴിവേകുന്നു.

അഞ്ച് പഞ്ചായത്തുകളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഞ്ച് സെമിനാറുകൾ നടന്നു. കോന്നി ചന്ത മൈതാനിയിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായിരുന്നു. മലയാലപ്പുഴയിൽ നടന്ന വനിതാ സെമിനാറിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. വകയാറിൽ നിത്യ ചൈതന്യയതിയുടെ മണ്ണിൽ നവോത്ഥാനത്തെ ആസ്‌പദമാക്കി നടന്ന സെമിനാർ ചരിത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതായിരുന്നു.

പ്രമാടത്ത് കർഷക സെമിനാറും കൈപ്പട്ടൂരിൽ ശാസ്ത്ര സെമിനാറും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ബ്രാഞ്ചടിസ്ഥാനത്തിൽ സിപിഐ എം പ്രവർത്തകർ സമ്മേളന വിജയത്തിന്‌ രാപ്പകൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആദ്യമായി കോന്നിയിൽ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവർത്തകരും.

സ്വാഗതസംഘം ഓഫീസിൽ അലങ്കാരങ്ങളുടെ പണിപ്പുരയിലാണ് പ്രവർത്തകർ. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, സ്വാഗതസംഘം ചെയർമാൻ പി ജെ അജയകുമാർ, കൺവീനർ ശ്യാംലാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

27ന് വിവിധ സ്ഥലങ്ങളിൽനിന്നും കപ്പി, കയർ, കൊടി, കൊടിമര, ബാനർ ജാഥകളാരംഭിച്ച് വൈകിട്ട് പൊതുസമ്മേളന നഗരിയായ കോന്നി കെഎസ്ആർടിസി മൈതാനിയിൽ ( സീതാറാം യെച്ചൂരി നഗർ) എത്തും. ഇവിടെ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

28ന് രാവിലെ വകയാർ മേരി മാതാ കമ്യൂണിറ്റി ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം നടക്കും. രണ്ടുദിവസം പ്രതിനിധി സമ്മേളനം തുടരും. 30ന് വൈകിട്ട് റെഡ് വാളന്റിയർ പരേഡും ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനവും നടക്കും. തുടർന്ന് കോന്നി കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ മൈതാനിയിൽ ചേരുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 

error: Content is protected !!