
konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ വലിപ്പത്തിൽ പുനസൃഷ്ടിച്ച് ഡിജിറ്റൽ പ്ലേറ്റ്ഫോമിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നതാണ് “അനാട്ടമേജ്” വെർച്വൽ അനാട്ടമി ടേബിളിന്റെ സവിശേഷത.
സ്കൂൾ ഓഫ് മെഡിസിനിൽ സംഘടിപ്പിച്ച ചടങ്ങിൽ വെർച്വൽ അനാട്ടമി ടേബിൾ ഉൾപ്പെടുന്ന ഡിജിറ്റൽ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രേം നായർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി ഗിരീഷ് കുമാർ, ഡോ. മിനി പിള്ളൈ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. ആശ. ജെ. മാത്യു, ഡോ. രതി സുധാകരൻ, ഡോ. നന്ദിത എന്നിവർക്കൊപ്പം വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
മൃതദേഹങ്ങൾ ഉപയോഗിച്ചുള്ള പഠനത്തെ വെർച്വൽ അനാട്ടമി ടേബിൾ ഇന്ററാക്റ്റീവായ പുതിയ തലത്തിലേക്ക് ഉയർത്തുന്നു . ശരീരഭാഗങ്ങളുടെ ത്രീഡി അവതരണത്തിലൂടെ സങ്കീർണ്ണമായ ശരീരഘടനകളെ അടുത്തറിയാനും റിയൽ ടൈം ക്ലിനിക്കൽ സിമുലേഷൻ വഴി രോഗങ്ങൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാനും സാധിക്കുമെന്ന് അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി ഗിരീഷ് കുമാർ പറഞ്ഞു. അമൃത ഹെൽത്ത് സയൻസസ് ക്യാമ്പസിലെ അയ്യായിരത്തോളം മെഡിക്കൽ വിദ്യാർഥികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടും.
രോഗനിർണയം, ശസ്ത്രക്രിയകളുടെ ആസൂത്രണം, എന്നിവയ്ക്കൊപ്പം രോഗികളോടുള്ള ആശയവിനിമയത്തിനും അനാട്ടമേജ് ടേബിൾ ഉപയോഗപ്പെടുന്നു. മെഡിക്കൽ ട്രെയിനികൾക്ക് ഡിസെക്ഷൻ,ക്രേനിയോട്ടമി, അൾട്രാസൗണ്ട്, കത്തീറ്ററൈസേഷൻ എന്നിവ സുരക്ഷിതമായി പരിശീലിക്കാനും തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത കുറച്ച് കൃത്യതയാർന്ന ശസ്ത്രക്രിയകൾക്കും പ്രൊസീജ്യറുകൾക്കും വഴിയൊരുക്കാനും ഇതിനാൽ സാധിക്കുന്നു. വെർച്വൽ അനാട്ടമി ടേബിളിലെ ആയിരക്കണക്കിന് പേഷ്യന്റ് കേസുകളും ഹിസ്റ്റോളജി സ്കാനുകളും വിവിധങ്ങളായ രോഗകാരണങ്ങളും കോശഘടനകളും മനസ്സിലാക്കാൻ സഹായിക്കുന്നു.
യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുമുള്ള ശീതീകരിച്ച ശരീരഭാഗങ്ങളിൽ നിന്ന് രൂപകല്പന ചെയ്ത ഡിജിറ്റൽ കഡാവറുകളായതിനാൽ തന്നെ ഉയർന്ന വ്യക്തതയോടെ അവയുടെ യഥാർത്ഥ വലുപ്പത്തിൽ ത്രീഡി ദൃശ്യമായി അവതരിപ്പിക്കാൻ സാധിക്കുന്നു. പുരുഷന്റെയും സ്ത്രീയുടെയും വാർദ്ധക്യ ബാധിതന്റെയും, ഗർഭിണിയുടെയും ശരീരങ്ങൾ 0.5 മില്ലി മീറ്റർ വരെ സൂക്ഷ്മതയോടെ ഉയർന്ന ദൃശ്യനിലവാരത്തിൽ വെർച്വൽ അനാട്ടമി ടേബിളിൽ ലഭ്യമാണ്. ഈ ശരീരങ്ങളിലെ രക്തചംക്രമണ വ്യവസ്ഥയും പൂർണ്ണമായി ചിത്രീകരിച്ചിരിക്കുന്നു. പഠനത്തിനും വിശകലനങ്ങൾക്കുമായി ആയിരക്കണക്കിന് ശാരീരിക ഘടനകളെ ഈ സംവിധാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് സുവ്യക്തമായ അനാട്ടമി വിശകലനങ്ങൾക്ക് പ്രയോജനപ്പെടും.