Trending Now

കോന്നിയില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികള്‍ പിടിയില്‍

konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ അമീർ ഹുസൈൻ (24), ആസാം ചപ്പാരി ചിലക്കദാരി പി ഓയിൽ, ചോണിപ്പൂർ ജില്ലയിൽ അസ്മത്ത് അലിയുടെ മകൻ റബീകുൽ ഇസ്ലാം(25), അസാം ബാർപ്പെട്ട ബാഷ്ബറ കോലാപുട്ടിയ പി ഓയിൽ ഹൈദർ അലിയുടെ മകൻ കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബംഗാൾ സ്വദേശിനിയായ യുവതി കോന്നിയിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിന്റെ ഉടമ ആനകുത്തി ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലെ മുറിയിൽ മൂന്ന് ദിവസമായി ഇവരെ താമസിപ്പിച്ചുവരുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത മുറിയിൽ ആസ്സാം സ്വദേശിയായ കരിമുല്ല വാടകയ്ക്ക് താമസിക്കുകയാണ്. ഒറ്റയ്ക്കാണ് ഇയാൾ താമസിക്കുന്നത്.

ശനിയാഴ്ച്ച രാത്രി യുവതിയെ സ്ഥാപനഉടമ ലോഡ്ജിന് സമീപം കൊണ്ടു വിട്ടു.ആഹാരം പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ പുറത്ത് ശബ്ദം കേട്ട് കതക് തുറന്നു നോക്കാൻ ശ്രമിക്കവേ ഒന്നും രണ്ടും പ്രതികൾ മുറിയിലേക്ക് തള്ളിക്കയറി.തുടർന്ന് ഇവർ യുവതിയെ തള്ളി താഴെയിട്ടു. പിന്നീട് പൊക്കിയെടുത്ത് കുളിമുറിയിൽ കൊണ്ടുപോയി കതകടച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ശക്തമായി എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും, ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. ശബ്ദം പുറത്തു വരാതിരിക്കാനായി വായ് പൊത്തി പിടിക്കുകയും ചെയ്തു. കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു.

അതിക്രമത്തിനിടെ രണ്ടാം പ്രതിയുടെ കൈ വിരലിൽ യുവതിയുടെ കടിയേറ്റു. അടുത്ത മുറിയിലുണ്ടായിരുന്ന കരിമുള്ള ഓടിയെത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെട്ടു. പിന്നീട്, പോലീസിലൊന്നും പരാതി കൊടുക്കേണ്ട താൻ നോക്കിക്കൊള്ളാം എന്ന് ഇയാൾ യുവതിയെ അറിയിച്ചു. ആരെയും ഫോൺ ചെയ്യാൻ അനുവദിച്ചില്ല. എന്നാൽ യുവതി സ്ഥാപന ഉടമയെ വിളിച്ച് വിവരമറിക്കുകയും, തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ചെയ്തെങ്കിലും രണ്ടു പ്രതികളും രക്ഷപ്പെട്ടിരുന്നു.

കരിമുള്ളയോട് വിവരം തിരക്കിയ പോലീസിനോട് ഒന്നും അറിയില്ലെന്നും പ്രതികളാരെന്ന് അറിയില്ല എന്നുമാണ് പ്രതികരിച്ചത്.താൻ വന്നതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടതെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.

ഇയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അതിലെ ഒരു ഫോട്ടോ യുവതി തിരിച്ചറിയുകയും,
തുടർന്ന് കരിമുള്ളയെ പോലീസ് ചോദ്യംചെയ്തതിൽ മൂന്നുപേരും ചേർന്ന് ഗൂഢാലോചന നടത്തിയാണ് കുറ്റകൃത്യം നടത്തിയതെന്ന് വെളിപ്പെട്ടു.യുവതിയെ ഉപദ്രവിച്ച പ്രതികൾ ഇയാളുടെ ബന്ധുക്കളാണെന്നും വ്യക്തമായി. ആനകുത്തിയിലും പയ്യനാമണ്ണിലും
കോഴി കടകളിലെ ജോലിക്കാരാണ് പ്രതികൾ.

പരിക്കുപറ്റിയ യുവതിയെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി പോലീസ് വിദഗ്ധ ചികിത്സ ലഭ്യമാക്കി. തുടർന്ന് ഇവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതികളായ റബിക്കുൾ ഇസ്ലാമും അമീർ ഹുസൈനും ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും അഹല്യ നഗരി എക്സ്പ്രസ് ട്രെയിനിൽ കയറി രക്ഷപ്പെട്ടതായി മനസ്സിലായി. പ്രതികളുടെ ഫോൺ നമ്പരുകൾ ലഭ്യമാക്കി ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കി. തുടർന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർതിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിതാ ബേഗത്തെ അറിയിക്കുകയും, റെയിൽവേ പോലീസ്, തമിഴ്നാട് പോലീസ് എന്നിവരുടെ സഹായത്തോടെ തമിഴ്നാട്ടിലുള്ള ജോളാർ പേട്ടയിൽ വെച്ച് ഒന്നും രണ്ടും പ്രതികളെ കോന്നി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈംഗികആക്രമണ സമയത്ത് യുവതിയുടെ കടിയേറ്റപരിക്ക് റബിക്കുൾ ഇസ്ലാമിന്റെ വലതു കയ്യിൽ കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് വിശദമായി ഇവരെ പോലീസ് ചോദ്യം ചെയ്തു. പ്രതികളെ യുവതിയെ കാട്ടി തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കരിമുളളയുടെ മുറി പരിശോധിക്കുന്നതിനിടയിൽ അരകിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു, കരിമുള്ളയുടെ അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് മൂന്ന് പ്രതികളെയും പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്നും സംഭവസ്ഥലത്തുനിന്നും പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

കോന്നി ഡിവൈഎസ്പി റ്റി രാജപ്പന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഉടനടി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രൊബേഷൻ എസ്ഐ ദീപക്, എ എസ് ഐ അജി തോമസ് എസ് സി പി ഓ അരുൺ രാജ്,
സി പി ഓമാരായ ജോസൺ പി ജോൺ,സേതു കൃഷ്ണൻ,അൽ സാം,നഹാസ്,അരുൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!