A Kannur native returning from the UAE has tested positive for Mpox. State Health Minister Veena George confirmed that both infected individuals are in isolation, and their route map will be published soon
എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോർജ്
:ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു
:സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി
എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്‌സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
എംപോക്‌സ് വളരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എംപോക്‌സ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് ഉണ്ടാകുക.
മുണ്ടിനീരിനുള്ള പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്. മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്. സ്റ്റേറ്റ് അഡൈ്വസറി യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി