Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 18/12/2024 )

കരുതലും കൈത്താങ്ങും : തുടര്‍ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്

ഭിന്നശേഷിക്കാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലെ പരാതിയില്‍ തുടര്‍ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. ഭിന്നശേഷിക്കാര്‍ക്ക് സ്വകാര്യ ബസ് യാത്രയില്‍ നിരക്ക്ഇളവ് അനുവദിക്കാത്ത കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുളളവര്‍ക്ക് സ്വകാര്യബസുകളില്‍ യാത്രാ നിരക്കില്‍ ഇളവുണ്ട്. എന്നാല്‍ ചില കണ്ടക്ടര്‍മാര്‍ ഇത് അനുവദിക്കാറില്ല. ഇതിനെതിരെ തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് തിരുവല്ല താലൂക്ക് അദാലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിരുന്നു.

 

ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി അന്ന് വ്യക്തമാക്കി. സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ പൊതുവായി ബാധിക്കുന്ന വിഷയമാണ് എന്ന് വിലയിരുത്തി അടിയന്തര നടപടിക്ക് നിര്‍ദേശമുണ്ടായി. ഭിന്നശേഷിക്കാര്‍ക്ക് യാത്രാവേളയില്‍ നിയമപരമായി അവകാശപ്പെട്ട ഇളവുകള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ടിഒ ഉറപ്പുവരുത്താന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

‘സൗഖ്യം സദാ’ ഉദ്ഘാടനം ഡിസംബര്‍ 22 ന്

സൗഖ്യം സദാ ആന്റിബയോട്ടിക് സാക്ഷരതാ യജ്ഞം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ഉച്ചയ്ക്ക് 2.30 ന് മൈലപ്ര മാര്‍ കുരിയാക്കോസ് ആശ്രമം ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി 343 പഞ്ചായത്തുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിഎച്ച്എസ്ഇ വിഭാഗമാണ് സംഘടിപ്പിക്കുന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡേ സന്ദേശം നല്‍കും.

 

ശിലാസ്ഥാപനം ഡിസംബര്‍ 21 ന്

കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 21 രാവിലെ 11 ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും.

 

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്)തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 20 രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം.
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം) ഫോണ്‍ : 04734 – 231995.

 

യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആറ് പേര്‍ക്കാണ് അവാര്‍ഡ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ [email protected] അറിയിക്കുക. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 0471-2308630

 

കരട് ബൈലോ പ്രസിദ്ധപ്പെടുത്തി

റാന്നി പെരുനാട് പഞ്ചായത്ത് അംഗീകരിച്ച കുടുംബശ്രീ യാത്രാവണ്ടിയുടെ കരട് ബൈലോ പൊതുജന അഭിപ്രായങ്ങള്‍ക്കും ആക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിനുമായി പെരുനാട് കൃഷി ഓഫീസിലും വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപമുളളവര്‍ 30 ദിവസത്തിനുളളില്‍ പഞ്ചായത്തില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

 

സാക്ഷ്യപത്രം ഹാജരാക്കണം

വടശ്ശേരിക്കര പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ച 60 വയസിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 31 നു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04735 252029.

 

ക്ലീനിംഗ് സ്റ്റാഫ് നിയമനം

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ക്ലീനിംഗ് വിഭാഗത്തിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 23 രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. പ്രായപരിധി 40 വയസ് (2024 ജനുവരി ഒന്നിന്).
യോഗ്യത-ഏഴാംക്ലാസ്. പ്രവൃത്തി പരിചയം അഭികാമ്യം.

 

മാതൃജ്യോതി പദ്ധതിക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനമോ അതിലധികമോ ഭിന്നശേഷിയുളളവര്‍ക്കാണ് ധനസഹായം. കുഞ്ഞിന് രണ്ടുവയസ് പൂര്‍ത്തിയാകുന്നതുവരെ 2000 രൂപ ലഭിക്കും. കുഞ്ഞ് ജനിച്ച് ആറുമാസത്തിനുളളില്‍ അപേക്ഷിക്കണം. ഫോണ്‍ : 0468 2325168. വെബ് സൈറ്റ് : www.suneethi.sjd.kerala

 

ശ്രേഷ്ഠം പദ്ധതിക്ക് അപേക്ഷിക്കാം

കലാ-കായിക മേഖലയില്‍ അഭിരുചിയുളള ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0468 2325168. വെബ് സൈറ്റ് : www.suneethi.sjd.kerala

 

സാക്ഷ്യപത്രം ഹാജരാക്കണം

ഏഴംകുളം പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ച 60 വയസിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ മാസത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04734 240637.

error: Content is protected !!