Trending Now

കരുതലും കൈത്താങ്ങും: കോന്നിയിലെ നടപടികള്‍ (17/12/2024 )

 

konnivartha.com: ഒരാഴ്ചയിലേറെയായി മന്ത്രിമാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട  ജില്ലയില്‍ തുടരുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല  അദാലത്തിന് കോന്നിയില്‍ സമാപനം. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ അദാലത്ത് വലിയ അനുഭവമായി. ഉദ്യോഗസ്ഥ സംവിധാനത്തിലെ വേഗതക്കുറവാണ് അദാലത്തുകളിലേക്ക് നയിക്കുന്നത് എന്ന് തിരിച്ചറിയാനാകണം. പരാതികളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ ഇവിടെ സംഭവിക്കുന്നുവെന്നത് പ്രധാനവുമാണ്.

 

ഇല്ലാത്തപ്രശ്‌നങ്ങളുടെ പേരില്‍ ജനങ്ങളുടെഅവകാശങ്ങള്‍ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടുപോകരുത്. തടസങ്ങള്‍ സൃഷ്ടിക്കാന്‍ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരീതി ഭൂഷണമല്ല. ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസവും പാടില്ല. നിയമങ്ങളും ചട്ടങ്ങളും മനുഷ്യര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് വ്യാഖ്യാനിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടവ പരിഗണിക്കും. നീതിനിര്‍വഹണത്തിലെ വേഗതയാണ് സേവനത്തിലെ ഗുണമേന്‍മയുടെ അളവുകോല്‍ എന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. അദാലത്തിന്റെ ഫലപ്രാപ്തിയില്‍ചാരിതാര്‍ഥ്യമുണ്ട്. ചുവപ്പ്‌നാടയുടെ കുരുക്കുകള്‍ അഴിച്ചുള്ള നീതിനിര്‍വഹണം പരാതികളിലുണ്ടായി. സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനകീയ ഇടപെടലായും മാറി. ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ പ്രവര്‍ത്തനം നീതി വേഗത്തിലാക്കിയെന്നും മന്ത്രി വിലയിരുത്തി.

ചടങ്ങില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു.
കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത്, എ.ഡി.എം ബി.ജ്യോതി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തലച്ചോറിന്റെതളര്‍വാതത്തിനും തളര്‍ത്താനാകാത്തആത്മവിശ്വാസത്തിന് ആദരം

konnivartha.com: തലച്ചോറിന്റെ തളര്‍വാതം അഥവ സെറിബ്രല്‍ പാല്‍സി തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് പ്രതീക്ഷപകരുന്ന വിജയമാതൃകയാണ് പന്തളം കൂരമ്പാല സ്വദേശി രാകേഷ് കൃഷ്ണന്‍. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചാണ് ശ്രദ്ധേയനായത്. സ്വപ്നങ്ങള്‍വില്‍ക്കുന്ന വെള്ളിത്തിരയിലേക്കായിരുന്നു മസ്തിഷ്‌ക വെല്ലുവിളിയെ അതിജീവിക്കുന്ന സംഭാവന – ‘കളം@24’ എന്ന സിനിമ. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു.

. കുരമ്പാല കാര്‍ത്തികയില്‍ രാധാകൃഷ്ണ കുറുപ്പിന്റെയും രമാ ആര്‍. കുറുപ്പിന്റെയും മകനായ രാകേഷ് ചരിത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

 

ജീവന് ഭീഷണിയെങ്കില്‍ കടയ്ക്കല്‍ കത്തിയാകാമെന്ന് മന്ത്രി പി. രാജീവ്

konnivartha.com: ‘മരം ഒരു വരം’ എന്നൊക്കെയാണെങ്കിലും പുരയ്ക്ക്‌മേലെ ചാഞ്ഞാല്‍ കടയ്ക്കല്‍ കത്തിവയ്ക്കാമെന്ന് മന്ത്രി പി. രാജീവിന്റെ തീര്‍പ്പ്. ഇതോടെ ചിറ്റാര്‍ പഞ്ചായത്ത് നെല്ലിക്കപറമ്പില്‍ എന്‍.ടി.തോമസിന് വീട്ടില്‍ പ്രാണഭയമില്ലാതെ ഉറങ്ങാം. രണ്ടുവര്‍ഷമായി വീടിന്അരികില്‍ ഭീഷണി ഉയര്‍ത്തിയിരുന്ന കൂറ്റന്‍പ്ലാവ് മുറിക്കാന്‍ തീരുമാനമായതാണ് ആശ്വാസം.

അയല്‍പറമ്പിലെ മരമാണ് 40 വര്‍ഷം പഴക്കുള്ള തോമസിന്റെ വീടിന് ഭീഷണിയായത്. പലതവണ ചിറ്റാര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും അയല്‍ക്കാരന്‍ വാശിയിലായിരുന്നു. അവസാന പ്രതീക്ഷയായിരുന്നു കോന്നിയിലെ താലൂക് അദാലത്ത്. തോമസിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി മരം മുറിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എതിര്‍ കക്ഷി സ്വയം മരം മുറിച്ചില്ലെങ്കില്‍ 1994 ലെ പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം പഞ്ചായത്ത് നേരിട്ട് മരംമുറിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് തോമസ് സര്‍ക്കാരിന് നന്ദിപറഞ്ഞ് പിരിഞ്ഞത്.

കോവിഡ് ദുരന്തത്തിന്റെ ശേഷിപ്പായ സുഷമയ്ക്ക് സാന്ത്വനമായി മന്ത്രി പി. രാജീവ്

konnivartha.com: കോവിഡിന്റെ ആസുരതയില്‍ വൈധവ്യം അനുഭവിക്കുന്ന സുഷമയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറി മന്ത്രി പി. രാജീവിന്റെ ഉത്തരവ്. കോവിഡ് മരണാനന്തര പെന്‍ഷനായി അപേക്ഷിച്ച് രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഫലമില്ലന്നപരാതിയുമായാണ് തണ്ണിത്തോട് കോയിക്കലേത്ത് വീട്ടില്‍ സി. സുഷമ കോന്നി താലൂക്ക് അദാലത്തില്‍ എത്തിയത്.

സുഷമയുടെ ഭര്‍ത്താവ് പ്രസന്നന്‍ കോവിഡ് ബാധിച്ച് 2021 നവംബറിലാണ് മരണമടഞ്ഞത്. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന രണ്ട് പെണ്‍മക്കളെയും സുഷമയേയും ഒറ്റയ്ക്കാക്കിയുള്ള മടക്കം. നികത്താനാകാത്ത നഷ്ടത്തിനൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥയും കുടുംബത്തെ തളര്‍ത്തി.
പഞ്ചായത്ത് ഓഫീസില്‍നിന്ന് ലഭിക്കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്തിലാണ് വില്ലേജിലെ മുന്‍ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നത്. വിഷയം പരിശോധിച്ച മന്ത്രിപരാതിക്കാരി ഹാജരാക്കിയ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍തന്നെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശംനല്‍കി.

ഇത്പ്രകാരം തത്സമയം വില്ലേജ് ഓഫീസര്‍ അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ പരിശോധിച്ച് സര്‍ക്കാരിലേക്ക് സഹായധനത്തിന് ശുപാര്‍ശചെയ്തു. ഇനിയുള്ള മൂന്നു വര്‍ഷം സുഷമയ്ക്ക് 5000 രൂപ വീതം പ്രതിമാസം ലഭിക്കും. മക്കളുടെ ഉപരിപഠനത്തിനും മറ്റ് ചിലവുകള്‍ക്കും പെന്‍ഷന്‍ പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണിവര്‍.

വഴി കയ്യേറ്റം : തര്‍ക്കംപരിഹരിച്ച് മന്ത്രി വീണാ ജോര്‍ജ്

konnivartha.com: വഴിയുടെ വീതി 12 അടിയില്‍ നിന്ന് രണ്ടടിയിലേക്ക് എത്തിച്ച കയ്യേറ്റത്തിന്റെ കൗശലവും പരാതിയായെത്തി അദാലത്തില്‍. കോന്നി ഐരവണ്‍ സ്വദേശിയായ ഷേര്‍ലി ജോസഫ് വഴി ‘ചുരുങ്ങുന്നത്’ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നും രണ്ടുമല്ല ഒമ്പതായി. ആധാരപ്രകാരം 12 അടി വീതിയുള്ള വഴിയാണ് കൈയ്യേറി രണ്ടടിയാക്കി ചുരുക്കിയത്. സ്ഥലംവാങ്ങിയ ആളിനിട്ടുതന്നെ ‘പണി’ കൊടുത്ത അയല്‍വാസിക്കെതിരെ നീങ്ങാന്‍ വഴികളടഞ്ഞപ്പോഴാണ് മന്ത്രി വീണാ ജോര്‍ജിന് മുന്നില്‍ പരാതിയുമായി എത്തിയത്.
വില്ലേജ് ഓഫിസിറുടെ സാന്നിധ്യത്തില്‍ നടന്ന ആധാര പരിശോധനയില്‍ 12 അടി വീതിയില്‍ ഉള്ള വഴി ഉണ്ടെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് മധ്യസ്ഥചര്‍ച്ച. മാനുഷിക പരിഗണനയുടെ വില തിരിച്ചറിയണമെന്ന മന്ത്രിയുടെ ഉപദേശം കൂടിയായപ്പോള്‍ വഴി ആധാരപ്രകാരം നല്‍കാമെന്ന് എതിര്‍ കക്ഷിയുടെ സമ്മതം. പരാതിക്ക് പരിഹാരവും.

പോരാട്ടത്തിന് വയസ് 20 ; അദാലത്തില്‍ പരിഹരിച്ച് മന്ത്രി വീണാ ജോര്‍ജ്

konnivartha.com: അരുവാപ്പുലം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട വെള്ളാള മഹാസഭാ ഉപമന്ദിരം കഴിഞ്ഞ 20 വര്‍ഷമായി കെട്ടിട നമ്പര്‍ കിട്ടാതെ കരം അടയ്ക്കാനാകാത്ത നിലയിലാണ്. അധികാരത്തിന്റെ വാതിലുകള്‍ മുട്ടിമടുത്ത് മഹാസഭാ സെക്രട്ടറി എസ്.ശശിധരന്‍ പിള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മുന്നിലാണ് നീതിതേടിയെത്തിയത്.
40 വര്‍ഷമായുള്ള മന്ദിരത്തിന് കെട്ടിടം ഉണ്ടാക്കിയകാലം മുതല്‍ നമ്പറുള്ളതാണ്. വാര്‍ഡ് പുനര്‍നിര്‍ണയിച്ചപ്പോള്‍ കെട്ടിടം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് മാറുകയും ഉടമസ്ഥാവകാശം മാറിയതായും കണ്ടെത്തി.

പഞ്ചായത്തീരാജ് ആക്ട് പ്രകാരം റോഡ് കയ്യേറിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല എന്ന കാരണവും പറഞ്ഞാണ് പഞ്ചായത്ത് സെക്രട്ടറി നമ്പര്‍ നിഷേധിച്ചത്.

രേഖകള്‍ വിശദമായി പരിശോധിച്ചതില്‍നിന്നും 1994 ല്‍ കരമടച്ച രസീതില്‍ ശ്രീ മഹേശ്വരി വിലാസം ശൈവവെള്ളാളസഭ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ റോഡ്‌വികസനത്തിനായി കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമസ്ഥര്‍ക്ക് സമ്മതവും ആണ്. ഈ സാഹചര്യത്തില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തടസം നില്‍ക്കാതെ നമ്പര്‍ ഉടനടി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി പരാതി പരിഹരിച്ചു.

error: Content is protected !!