Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/12/2024 )

മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് തുടങ്ങി:അദാലത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നടപടി – മന്ത്രി പി.രാജീവ്

പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാരനടപടികള്‍.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും അദാലത്ത് വിജയമായി എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയുന്നത്. അദാലത്തുകളിലൂടെ വിപുലമായ പ്രശ്‌നപരിഹാരത്തിനാണ് അവസരം.

വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം  തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്ത് നിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനം.

അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്ല ശതമാനം പരാതികള്‍ക്കും അദാലത്തിലൂടെ പരിഹാരം കാണാനാകുന്നുവെന്ന് പറഞ്ഞു. കഴിഞ്ഞ അദാലത്തിന് പിന്നാലെ തുടര്‍യോഗങ്ങള്‍-പരിശോധനനടത്തി പരിഹാരനടപടികള്‍ വേഗത്തിലാക്കി. അദാലത്തിലെ തീരുമാനങ്ങള്‍ ചുവപ്പ് നാടയിലും കോടതി വരാന്തകളിലേക്കും നീളരുത് എന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ 38 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ കൈമാറി.
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെ ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോണ്‍സണ്‍ വിളവിനാല്‍,  മിനി ജിജു ജോസഫ്, മറ്റു ജനപ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




രമണിക്ക് കൈത്താങ്ങായി മന്ത്രി പി. രാജീവിന്റെ ഉത്തരവ്

മരങ്ങളായിരുന്നു പത്തനംതിട്ട നഗരസഭ  നന്നുവക്കാട് മുതുവരത്തില്‍ വീട്ടില്‍ എം കെ രമണിയുടെ ഉറക്കംകെടുത്തിയിരുന്നത്. വീടിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മഹാഗണിയും പനയും വീഴാവുന്നനിലയിലായത് ജീവഹാനിയെന്ന ഭയമാണ് ഉളവാക്കിയത്. ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയാന്‍ വിധിക്കപ്പെട്ടതോടെ ഭയാശങ്കകള്‍ക്ക് ആക്കംകൂടി. അയല്‍വാസിയോടുപറഞ്ഞിട്ടു  കാര്യമില്ലന്നും മനസിലായി; മുട്ടിയ ഭരണതലവാതിലുകള്‍ തുറക്കുന്നില്ലെന്ന തിരിച്ചറിവും. അങ്ങനെയാണ് കോഴഞ്ചേരി താലൂക്ക് അദാലത്ത് എന്ന വഴിയിലേക്ക് എത്തിയത്.

ആവലാതി കേട്ടറിഞ്ഞതോടെ തത്സമയം പരിഹാരം നിര്‍ദേശിക്കുകയായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നഗരസഭ സെക്രട്ടറിയുടെ ചുമതലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ് നല്‍കിയത്.

വര്‍ഷങ്ങളായി അലട്ടിയിരുന്ന പരാതിയുമായാണ്  പത്തനംതിട്ട നഗരസഭ  നന്നുവക്കാട് മുതുവരത്തില്‍ വീട്ടില്‍ എം കെ രമണിയമ്മ കരുതലും കൈത്താങ്ങും കോഴഞ്ചേരി അദാലത്തില്‍ എത്തിയത്.   ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി അമ്മ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. മക്കള്‍ രണ്ടുപേരും ജോലി ആവശ്യവുമായി ദൂരെയാണ് ഉള്ളത്. അയല്‍വാസിയുടെ അതിരിലെ  മഹാഗണി, പന വൃക്ഷങ്ങള്‍ അപകടാവസ്ഥയില്‍ പുരയിടത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്നതാണ്  ഉറക്കം കെടുത്തിരുന്നത്. പലതവണ അയല്‍വാസിയോട് ആവശ്യപ്പെട്ടെങ്കിലും മുറിച്ചുമാറ്റിയില്ല. പഞ്ചായത്തിലും ആര്‍ ഡി ഓ ഓഫീസിലും പരാതി നല്‍കി ശിഖരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും ഇപ്പോള്‍ വീണ്ടും അവസ്ഥയിലാണ് മരങ്ങള്‍ നില്‍ക്കുന്നത്.  അദാലത്തില്‍ വിഷയം പരിഗണിച്ച മന്ത്രി പി രാജീവ്  നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

വെറുമൊരു കാര്‍ഡല്ല ; ഇതു പുതുജീവിതം

റേഷന്‍കാര്‍ഡ് എല്ലാവര്‍ക്കും ഒരുപോലെയെങ്കിലും മേലുകര ആലുച്ചേരിയില്‍ ലീലാമണിക്കും ബാലന്‍ പിള്ളയ്ക്കും ദുരിതങ്ങളില്‍നിന്ന് മോചനം സാധ്യമാക്കിയ കാര്‍ഡായാണ് അതുമാറിയത്. കരുതലും കൈത്താങ്ങുമായി മാറിയ അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നുമാണ് മുന്‍ഗണനാ കാര്‍ഡ് ലീലാമണിക്ക് കിട്ടയത്. പട്ടിണിയോടും രോഗങ്ങളോടും പൊരുതിയുള്ള ജീവിതത്തിനുകൂടിയാണ് ഇനി മാറ്റമുണ്ടാകുക.

ശരീരംതളര്‍ന്നും മറ്റുരോഗപീഢകളാലും ഉഴറവെ മുന്നോക്കവിഭാകാര്‍ഡില്‍പെട്ടത്  ചികിത്സാനുകൂല്യങ്ങള്‍ക്കുപോലും തടസമായി. പലനാള്‍ തുടര്‍ന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് അദാലത്തെന്ന പ്രതീക്ഷ മുന്നിലെത്തിയത്. നിവേദനം പരിശോധിച്ച മന്ത്രി ഉടനടി തീരുമാനമെടുത്താണ് കാര്‍ഡ് അനുവദിച്ചത്.




ജോണിന്റെ ജീവിതവും തെളിഞ്ഞു

വര്‍ഷങ്ങളായി കുടുംബ ഭാഗപത്രത്തില്‍ വസ്തുവിന്റെ സര്‍വ്വേ നമ്പര്‍ തെറ്റികിടന്നിരുന്നതിനാല്‍ പോക്കുവരവോ മറ്റു ഇടപാടുകളോ നടത്താന്‍ കഴിയാതെ മാത്തൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് കെ. എസ്. ആര്‍. ടി. സി ഉദ്യോഗസ്ഥനുമായ പി. എസ്. ജോണിന്റെ ജീവിതത്തിന്റെ താളവും തെറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ‘ കരുതലും കൈത്താങ്ങും അദാലാത്തിനെ കുറിച്ച് അറിയാന്‍ ഇടയായത്. പ്രതീക്ഷയോടെ അപേക്ഷ നല്‍കി. ഒട്ടും വൈകിയില്ല. മന്തി വീണാ ജോര്‍ജ് പരിഹാരനിര്‍ദേശം നല്‍കി.\
ജില്ലാ രജിസ്ട്രാര്‍, താഹസില്‍ദാര്‍, വില്ലജ് ഓഫീസര്‍ തുടങ്ങിയവര്‍ പരിശോധിച്ചു, ധൃതഗതിയില്‍ പരിഹരിച്ചു. അതോടെ കാര്യങ്ങള്‍ വേഗതത്തിലായി….. അദാലത്ത് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം ശരിയായി. മന്ത്രിയില്‍ നിന്നും ജോണ്‍ രേഖ നേരിട്ട് കൈപറ്റി. മന്ത്രി വീണാ ജോര്‍ജ്ജിനും സന്തോഷം, ജോണിന്റെ ദുരിതത്തിന് ആശ്വാസമാകാന്‍ കഴിഞ്ഞതില്‍.


റിസര്‍വേയില്‍ ഏഴ് സെന്റ് ഭൂമി കുറവ് ;  രണ്ടാഴ്ചക്കുള്ളില്‍ 
പരിഹാരം കാണാന്‍ മന്ത്രി പി രാജീവിന്റെ നിര്‍ദേശം

പന്തളം കുളനട വില്ലേജില്‍ എസ്. ജലജയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച ഭൂമിയില്‍ റീ സര്‍വയ്ക്ക് ശേഷം 7 സെന്റ് കുറഞ്ഞുവെന്ന പരാതിയുമായാണ്  മകളുടെ ഭര്‍ത്താവ്  എം അജയ് കുമാര്‍ കോഴഞ്ചേരി അദാലത്തില്‍ എത്തിയത്.   രേഖകളിലെല്ലാം  41 സെന്റ് ഭൂമി തന്നെയാണ് ഉള്ളതെന്നും  സര്‍വ്വേരേഖകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് അത് പരിശോധിക്കാന്‍ അറിയില്ലായിരുന്നുവെന്നും നിലവില്‍ രേഖകളില്‍ പുറമ്പോക്കായി രേഖപ്പെടുത്തിയത് മൂലം നഷ്ടപ്പെട്ട  ഭൂമി തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആയിരുന്നു പരാതി.

പരാതിക്കാരന്റെ ആധാരത്തിലും നികുതി രേഖകളിലും എല്ലാം 41 സെന്റ് സ്ഥലമാണ് ഉള്ളതെന്നും റിസര്‍വേ കഴിഞ്ഞപ്പോള്‍ പുറമ്പോക്ക്  ഇത്രയും കൂടി വന്നത് അസാധാരണമെന്നും മന്ത്രി പി രാജീവ് വിലയിരുത്തി. ആധാരം, നികുതി രേഖകള്‍, സെറ്റില്‍മെന്റ് രജിസ്റ്റര്‍ എന്നിവ പരിശോധിച്ചു രണ്ടാഴ്ചക്കുള്ളില്‍  പരിഹാരം കണ്ടെത്തി അറിയിക്കാന്‍ ഭുരേഖ തഹസില്‍ദാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അദാലത്തിലെ മറ്റൊരു അതിവേഗ തീരുമാനമായി മാറി ഇതും.


കിണറ്റരികിലേക്ക് മലിനജലം ഒഴുക്കിവിടുന്നു; 10 ദിവസത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ നേരിട്ട് വിളിക്കാമെന്ന് മന്ത്രി പി രാജീവ്

അയല്‍ക്കാരന്‍ ഓടനിര്‍മ്മിച്ച്   മാലന്യങ്ങള്‍പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നുവെന്നും  ഇത് തുടര്‍ന്നാല്‍ വസ്തുവില്‍ നില്‍ക്കുന്ന ശുദ്ധജലം ലഭിക്കുന്ന കിണര്‍ മലിനപ്പെടുമെന്നുമായിരുന്നു 85 കാരനായ പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി സ്വദേശിയായ പി. എസ്. ഇബ്രാഹിമിന്റെ പരാതി. അദാലത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് പൊതുവഴിയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പ് അടയ്ക്കാന്‍ അയല്‍ക്കാരന് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്ന്  നഗരസഭ സെക്രട്ടറി  അറിയിച്ചു.
നോട്ടീസ്പ്രകാരമുള്ള നടപടിസ്വീകരിച്ചുവെന്ന് സെക്രട്ടറി ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ മന്ത്രി പി. രാജീവ്  10 ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ നേരിട്ട് വിളിക്കാനും പരാതിക്കാരനോട് പറഞ്ഞു.

വസ്തുവിന്റെ കുരുക്കഴിക്കാന്‍ അര നൂറ്റാണ്ടിലധികമെടുത്തെങ്കിലും.

52 വര്‍ഷത്തിനു ശേഷം കുട്ടിയമ്മയും എത്തി, ഊരാ കുരുക്കഴിക്കാന്‍. വില കൊടുത്ത് 20 സെന്റ് സ്ഥലം വാങ്ങിയതില്‍പിന്നെ വര്‍ഷങ്ങളോളം കിടപ്പിലായി. എഴുന്നേറ്റ് നടക്കാമെന്നായപ്പോള്‍  ചുരുളിക്കോട് ഇരുത്തിയില്‍ കുട്ടിയമ്മ വസ്തുവിന്റെ തലവിധി തപ്പിയിറങ്ങി.
പോക്കു വരവ് ചെയ്തിട്ടില്ല എന്ന് കണ്ടപ്പോള്‍ ഞെട്ടി.പക്ഷെ സര്‍ക്കാരിന്റെ അദാലത്തുണ്ടല്ലോ എന്നൊരു പ്രതീക്ഷ.  ആകെയുള്ള സമ്പാദ്യം കൈവിട്ടു പോകരുതെന്ന നിവേദനവുമായി  ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മുന്നിലെത്തി. മന്ത്രി ഉറപ്പ് നല്‍കി, പരിഹാരമാകും.  തുടര്‍നടപടികള്‍ക്ക്  ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയായിരുന്നു മന്ത്രി.

ഉപതിരഞ്ഞെടുപ്പ് (ഡിസംബര്‍ 10)

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് (ഡിസംബര്‍ 10)
നടത്തുമെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ; വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു.

കോന്നി ബ്ലോക്ക്പഞ്ചായത്തിലെ  ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ  കിഴക്കുംമുറി,  എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ  പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും.

തിരിച്ചറിയല്‍ രേഖകള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക്  ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

നവംബര്‍ 13, 20 തീയതികളില്‍ പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലങ്ങളിലും വയനാട് ലോക്‌സഭാമണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ സമ്മതിദായകരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനു പകരം ഇടതുകൈയ്യിലെ  നടുവിരലിലാണ് മഷി പുരട്ടുക. വോട്ടെണ്ണല്‍ 11ന് രാവിലെ 10ന് നടക്കും.




ക്ഷീരകര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുറഞ്ഞ പ്രീമിയം തുകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് അവസരം. രണ്ട് ലക്ഷം രൂപ ആരോഗ്യ സുരക്ഷ കവറേജ് നല്‍കുന്ന പദ്ധതിയില്‍ 80 വയസുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.  ഇന്‍ഷുറന്‍സില്‍ ചേരുന്ന തീയതി മുതല്‍ കവറേജ് ലഭിയ്ക്കുന്ന പദ്ധതിയില്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ഉറപ്പ് നല്‍കുന്നു. അപകട മരണത്തിനും സ്ഥായിയായ അംഗവൈകല്യത്തിനും ഏഴു ലക്ഷം രൂപ വരെ ധനസഹായം ലഭിയ്ക്കുന്ന പദ്ധതിയില്‍  സ്വാഭാവിക മരണത്തിന് ഒരു ലക്ഷം രൂപയുടെ ആനുകൂല്യവും അവകാശികള്‍ക്ക് ലഭിയ്ക്കും. ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് പ്രീമിയത്തില്‍ ഇളവ്  ലഭിയ്ക്കും.  കര്‍ഷകരോടൊപ്പം അവരുടെ ജീവിത പങ്കാളിക്കും ഒരു കുട്ടിയ്ക്കും അംഗത്വം നല്‍കുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതി  ഡിസംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരും. വിവരങ്ങള്‍ക്ക് തൊട്ടടുത്തുള്ള ക്ഷീരവികസന ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ ബന്ധപ്പെടാം.
ഫോണ്‍ : 04682223711.


സൈക്കിള്‍ വിതരണം

ഗോത്രസാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതുമായ  13
പട്ടിക വര്‍ഗ വിഭാഗ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തിയതിന്റെ ഉദ്ഘാടനം റാന്നി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നയന സാബു അധ്യക്ഷയായി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ്, പഞ്ചായത്ത്് അംഗം സന്ധ്യദേവി, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി രാജപ്പന്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എ നജീം റാന്നി റ്റിഇഒ വി.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


സമന്യയം പദ്ധതി;  ഉദ്ഘാടനം നടത്തി

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സമന്യയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഫാ: ജിജി  തോമസ് അധ്യക്ഷനായി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം സൈഫുദ്ദീന്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ എം.എച്ച് ഷാജി, ജില്ലാ കണ്‍വീനര്‍ റെയ്‌നാ ജോര്‍ജ്, നോഡല്‍ ഓഫീസര്‍ പ്രഫ: തോമസ് ഡാനിയല്‍, സിറാജുദ്ദീന്‍ വെള്ളാപ്പള്ളി, ജമാലുദ്ദീന്‍ മൗലവി , ഫാ : ജോണ്‍സണ്‍, യൂസഫ് മോളൂട്ടി , ഫാ : ബെന്യാമിന്‍ ശങ്കരത്തില്‍, അലങ്കാര്‍ അഷറഫ്, തോമസ് പാസ്റ്റര്‍, ഫാ : എല്‍വിന്‍ ചെറിയാന്‍ തോമസ്, മുഹമ്മദ് റഷിദ് ,ഷിജു തോമസ് ,ഷിജു എം സാംസണ്‍, മജീദ് കോട്ട വീട് എന്നിവര്‍ പങ്കെടുത്തു.

ടാലി എസെന്‍ഷ്യല്‍ കോംപ്രിഹന്‍സിവ് കോഴ്‌സ്

കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി എസെന്‍ഷ്യല്‍ കോംപ്രിഹന്‍സിവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :  9495999688 / 7736925907.


മോണ്ടിസോറി, പ്രീ -പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റന്‍സ് ഇന്ത്യ ലിമിറ്റഡ്  ട്രെയിനിംഗ്  ഡിവിഷന്‍ ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്‌സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു /എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . ഫോണ്‍ :7994449314


സിറ്റിംഗ്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി  ഡിസംബര്‍ 11 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക് ശേഷം മൂന്നു വരെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു, അംശാദായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ്
പ്ലോഗ്രാമിലേക്ക് ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 9207267625, 9447705300.


ഫോട്ടോജേണലിസം കോഴ്‌സ്

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അവസാന തീയതി ഡിസംബര്‍ 16. വിവരങ്ങള്‍ക്ക് ഫോണ്‍: (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275.


error: Content is protected !!