Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (08/12/2024 )

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രോഗബാധിതരെ കണ്ടെത്തി മികച്ച ചികിത്സ നല്‍കി അണുബാധ വ്യാപനം തടയുക എന്നതാണ് പ്രധാന ദൗത്യം.  രോഗമരണ നിരക്ക് കുറയ്ക്കുക. അനാവശ്യ ഭയം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുന്നത് തടയുക എന്നിവയും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു. സിസ്റ്റം ഫോര്‍ ടി. ബി  എലിമിനേഷന്‍  ഇന്‍ പ്രൈവറ്റ് സെക്ടര്‍ എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ പദ്ധതിക്ക് 2023 ല്‍ ദേശീയ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

കാമ്പയിനുമായി ബന്ധപ്പെട്ട് കര്‍മനിരതരായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരെ മെമന്റോ നല്‍കി ആദരിച്ചു.
ക്ഷയരോഗ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍,എന്‍. എച്ച്. എസ്. ആര്‍. സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍, പ്രൊഫ. അതുല്‍ കോത്വാള്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ. ജെ. റീന,  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ആതിരാ ജയന്‍, വാര്‍ഡ് അംഗം സജി തേക്കുംകര,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി,ആരോഗ്യകേരളം ജില്ലാ പ്ലോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ടി. ബി. ഓഫീസര്‍ ഡോ. കെ. എസ്. നിരണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


വാര്‍ഡ് വിഭജനം- ജില്ലയില്‍  546 പരാതികള്‍

ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍ എന്നിവ ഉള്‍പ്പെടെയുള്ള 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 18 ന് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിന്മേല്‍ 546 പരാതികള്‍ ലഭിച്ചു. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ പത്തനംതിട്ടയിലും (41) കുറവ് പന്തളത്തും (6) ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ വള്ളിക്കോടും (34) ആണ്. റാന്നി, പെരിങ്ങര, റാന്നി-പെരുനാട് എന്നീ പഞ്ചായത്തുകളില്‍ പരാതികളൊന്നും ലഭിച്ചില്ല. പരാതികളിന്മേല്‍ അന്വേഷണം നടത്തുന്നതിന് എട്ട് ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും പരിശോധനാ ഉദ്യോഗസ്ഥരെ നിയമിച്ച് പരീശീലന നടപടികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. ലഭിച്ച പരാതികള്‍  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.  കലക്ടറേറ്റില്‍  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ് പങ്കെടുത്തു.


രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് സൈനികരുടെ സേവനം കൊണ്ട് : ജില്ലാ കല്കടര്‍

അതിര്‍ത്തികളില്‍ സൈനികര്‍ ജീവന്‍ പണയംവച്ചു ജോലി ചെയ്യന്നതുകൊണ്ടാണ് രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന്‍. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  സായുധ സേനാ പതാക ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍  എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ഫ്‌ളാഗ് സ്വീകരിച്ച് സായുധസേന പതാകദിനാഘോഷവും പതാക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു  (റിട്ട) അധ്യക്ഷനായി.  ജില്ലാ സൈനികക്ഷേമ ഓഫീസര്‍ മേജര്‍ ഷിജു ഷെരീഫ് (റിട്ട),  ലഫ്റ്റനന്റ് കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍(റിട്ട), ലഫ്റ്റനന്റ് കേണല്‍ തോമസ് വര്‍ഗീസ് (റിട്ട),  ടി പത്മകുമാര്‍, കെ.എന്‍.മുരളീധരന്‍ ഉണ്ണിത്താന്‍, രവീന്ദ്രനാഥ്,  കെ.ടി തോമസ്,  അജയ് ഡൊമനിക് എന്നിവര്‍ പങ്കെടുത്തു.


എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി
തദ്ദേശ സ്വയം ഭരണ വകുപ്പ്- ശുചിത്വ മിഷന്‍ ‘പിങ്ക് സ്‌ക്വാഡ്’

ശബരിമല തീര്‍ഥാടന കാലത്ത് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും അതുമൂലം ഉണ്ടാകുന്ന മലിനീകരണവും തടയാന്‍ ലക്ഷ്യമിട്ട് വനിതകള്‍ മാത്രം അടങ്ങുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ രംഗത്തിറക്കി തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ലാ ശുചിത്വ മിഷനും.  പന്തളം മുതല്‍ വടശ്ശേരിക്കര വരെയുളള ഭാഗങ്ങളിലെ ഹോട്ടലുകള്‍, ശബരിമല തീര്‍ഥാടകര്‍ വിരിവയ്ക്കുന്ന ഇടത്താവളങ്ങള്‍, വഴിയോര വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി.  നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിലും  മലിനീകരണം തടയുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ടീം ലീഡറും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സി അംബിക അറിയിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിത, ജോയിന്റ് ഡയറക്ടര്‍ ക്ലര്‍ക്ക് മഞ്ചു സക്കറിയ, അടൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ സുമിമോള്‍, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉദ്യോഗസ്ഥ ചിഞ്ചു മോഹന്‍ എന്നിവരാണ് പിങ്ക് സ്‌ക്വാഡിലെ അംഗങ്ങള്‍.


ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ്  നീക്കം ചെയ്യണം

വടശ്ശേരിക്കര പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ്/കൊടിതോരണങ്ങള്‍ എന്നിവ  പഞ്ചായത്ത് നീക്കം ചെയ്തു. പഞ്ചായത്തിന്റെ അനുമതി കൂടാതെ സ്ഥാപിച്ചവ തുടര്‍ന്നും നീക്കം ചെയ്യുമെന്നും ഉത്തരവാദികള്‍ക്ക്  പിഴയിനത്തില്‍ ബോര്‍ഡ് ഒന്നിന് 5000  രൂപയും നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന് ചെലവാകുന്ന തുകയും ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.


വാക്ക് ഇന്‍ ഇന്റര്‍വ്യു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.  ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം  അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ലാബ് ടെക്‌നീഷ്യന്‍:യോഗ്യത -ഡിഎംഎല്‍റ്റി/ബിഎസ്‌സി എംഎല്‍റ്റി (ഡിഎംഇ അംഗീകരിച്ചത്), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി-40 വയസ്. (2024 ജനുവരി ~ഒന്നിന്)  അഭിമുഖം ഡിസംബര്‍ 13 ന് രാവിലെ 10.30 ന്.
റേഡിയോഗ്രാഫര്‍- യോഗ്യത : ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി  (ഡിഎംഇ അംഗീകരിച്ചത്)
പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സിറ്റി/സി-ആം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി-40 വയസ്. (2024 ജനുവരി ഒന്നിന്)  അഭിമുഖം ഡിസംബര്‍ 13 ന് രാവിലെ 11.00 ന്.
ഡയാലിസിസ് ടെക്‌നീഷ്യന്‍ : ബിരുദം / ഡിപ്ലോമ ഇന്‍ ഡയാലിസിസ്(ഡിഎംഇ അംഗീകരിച്ചത്). പ്രവൃത്തി
പരിചയമുളളവര്‍ക്ക് മുന്‍ഗണന . പ്രായപരിധി-40 വയസ്. (2024 ജനുവരി ഒന്നിന്) അഭിമുഖം ഡിസംബര്‍ 17 ന് രാവിലെ 10.30 ന്.


ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍  ഒഴിവ്

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വഹണത്തിന് നിലവിലെ  ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഫാം.ലൈവിലി ഹുഡ്) യോഗ്യത : വിഎച്ച്എസ്ഇ (അഗ്രി ലൈവ് സ്‌റ്റോക്ക് ), കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി അംഗം ആയിരിക്കണം. 2024 ജൂണ്‍ 30ന് 35 വയസില്‍ കൂടരുത്. ശമ്പളം – 20000 രൂപ. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേല്‍വിലാസ രേഖ, പ്രവ്യത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തില്‍  ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പത്തനംതിട്ട പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോര്‍മാറ്റിലുളള അപേക്ഷ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കലക്‌ട്രേറ്റ് എന്ന വിലാസത്തില്‍  ലഭിക്കണം. അപേക്ഷ ഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ് സൈറ്റില്‍ (www.kudumbashree.org) ലഭ്യമാണ്. അവസാന തീയതി  ഡിസംബര്‍ 20. ഫോണ്‍ : 04682221807


അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/ എയിഡഡ്/ പ്രൊഫെഷണല്‍ കോളേജ്  ഉള്‍പ്പെടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളിലെ   പരസഹായം ആവശ്യമായ  40 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് കാര്യനിര്‍വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന  എന്‍എസ്എസ് /എന്‍സിസി /എസ്പിസി  യൂണിറ്റിനെയും  ആദരിക്കുന്നതിനുള്ള പദ്ധതി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, എന്‍ജിഒ  സാമൂഹ്യപ്രവര്‍ത്തകര്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം . അപേക്ഷ ജില്ലാ സാമൂഹ്യ നീതി  ഓഫീസര്‍ക്ക് സമ്മര്‍പ്പിക്കണം.  ഫോണ്‍  0468 2325168.


അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

അടൂര്‍ ഐ.എച്ച്.ആര്‍.ഡി.എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ഡിസംബര്‍ 12 ന് രാവിലെ  10.30-ന്‌കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഫോണ്‍ 04734  231995, വെബ് സൈറ്റ് :www.cea.ac.in


സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പ്

ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ.അപേക്ഷിക്കുന്നതിന് ആധാര്‍ സീഡഡ് അക്കൗണ്ട് നിര്‍ബന്ധം.  ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇ-ഗ്രാന്റ്‌സ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപറ്റുന്നതുമായ സര്‍ക്കാര്‍ /എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന് വാലിഡായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,  ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം)  ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം)  എന്നീ രേഖകള്‍ സ്ഥാപന മേധാവിക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി 2025 ഫെബ്രുവരി 15. ഫോണ്‍ : 0468 2322712.


സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

അനാരോഗ്യകരമായ ചുറ്റുപാടില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുളള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. ജാതി/വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല.  അപേക്ഷകരായ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. അപേക്ഷയോടൊപ്പം അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം) എന്നിവ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കണം.
അവസാന തീയതി 2025 ഫെബ്രുവരി 15. ഫോണ്‍ : 0468 2322712.


പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തെക്കേമല, ചേര്‍തോട്, പാലാച്ചുവട്, കരിയിലമുക്ക്, മഞ്ഞാടി എന്നീ അഞ്ച് സ്ഥലങ്ങളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. https ://pathanamthitta. nic. in, www.akshya.kerala.gov. in എന്നീ വെബ്സൈറ്റുകളില്‍ ഫലം പരിശോധിക്കാം.

ആക്ഷേപമുള്ളവര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം മുതല്‍ 14 ദിവസം വരെ ജില്ലാ കലക്ടര്‍ക്കോ ഐ. ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ക്കോ അപ്പീല്‍ നല്‍കാം

error: Content is protected !!