ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്:സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ
ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി നടത്തുന്നുണ്ട്. സന്നിധാനത്ത് നാണയപ്പറയും നെൽപ്പറയുമാണ് നിറയ്ക്കുക. നാണയം ഇതാദ്യമായാണ് വഴിപാടായി നിറയ്ക്കുന്നത്. ധനവർധനയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ നാണയപ്പറ വഴിപാട് നേരുന്നത്. നെൽപ്പറ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നേരുന്നു. മാളികപ്പുറത്ത് മഞ്ഞൾപ്പറയും നെൽപ്പറയും പണപ്പറയും നിറയ്ക്കാം. മഞ്ഞൾപ്പറ ഉദ്ദീഷ്ടകാര്യസിദ്ധിക്കായാണ് നേരുന്നത്.
സന്നിധാനത്ത് ഇതുവരെ 6949 നെൽപ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. ശരാശരി മൂന്നിറിലധികം പേർ ദിവസം പറനിറയ്ക്കൽ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞൾപ്പറ വഴിപാടും 369 നെൽപ്പറ വഴിപാടും രണ്ടു പണപ്പറ വഴിപാടുമാണ് നടന്നത്.
നെൽപ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞൾപ്പറയ്ക്ക് 400 രൂപയുമാണ് നിരക്ക്. രാവിലെ 3.30 മുതൽ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9.15 വരെയുമാണ് സന്നിധാനത്തെ പറനിറയ്ക്കൽ വഴിപാട് സമയം. മാളികപ്പുറത്ത് രാവിലെ മൂന്നു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് പറനിറയ്ക്കാനാകുക.
മതമൈത്രിയുടെ പ്രതീകമായി ശബരിമല
ശബരിമല: മതമൈത്രിയുടെ പ്രതീകമായ സന്നിധാനത്തെ വാവരു നടയിൽ ഭക്തജനത്തിരക്ക്. അയ്യപ്പനും വാവരുമായുള്ള ഉറ്റബന്ധത്തിൻ്റെ പ്രതീകമായ വാവരുനടയിലാണ് ഭക്തജനതിരക്ക് അനുഭവപ്പെടുന്നത്.
താഴെ തിരുമുറ്റത്തെത്തുന്ന മിക്ക തീർഥാടകരും വാവരുനടയിലെത്തി പ്രസാദം വാങ്ങിയാണ് മടങ്ങുന്നത്. 40 വർഷമായി പരികർമ്മിയായിരുന്ന വായ്പൂരിലെ നൗഷറുദ്ദീൻ മുസലിയാറാണ് വാവര് നടയിലെ ഇത്തവണത്തെ മുഖ്യകർമ്മി . ഇതാദ്യമായാണ് വെട്ടിപ്ലാക്കൽ കുടുംബത്തിലെ പത്തൊമ്പതാം തലമുറക്കാരനായ നൗഷറുദ്ദീൻ മുഖ്യകർമിയാകുന്നത്. കൽക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് ഇവിടത്തെ പ്രസാദം.
അനുകരണീയമായ ലോക മാതൃകയാണിതെന്നും മാനവികതയെന്ന ലോക ദർശനം ഇവിടെയെത്തുന്ന ഭക്തർ ഉൾകൊള്ളുന്നതിൽ സന്തോഷമുണ്ടെന്നും നൗഷറുദ്ദീൻ മുസലിയാർ പറഞ്ഞു.
തീർഥാടനപാതയിൽ ദേവസ്വം വക ബിസ്ക്കറ്റ് – ചുക്ക് വെള്ള വിതരണം സജീവം
:വിതരണം ചെയ്യുന്നത് രണ്ടു കോടി ബിസ്കറ്റുകൾ
ശബരിമല :ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും . ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിൽ ചുക്ക് വെള്ളവും ശബരി പീഠം മുതൽ സന്നിധാനം വരെ ബിസ്കറ്റുമാണ് വിതരണം ചെയ്യുന്നത്.
മണ്ഡല കാലം പകുതി പിന്നിടുമ്പോൾ ഇതിനകം 85 ലക്ഷത്തോളം ബിസ്ക്കറ്റുകൾ വിതരണം ചെയ്തതായും ഈ തീർഥാടന കാലത്ത് രണ്ടു കോടി ബിസ്ക്കറ്റുകൾ വിതരണം ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. ബിസ്കറ്റ് വിതരണത്തിന് വേണ്ടുന്ന അധിക സംവിധാനം സുമനസുകളുടെയും സ്വകാര്യ ഏജൻസികളുടെയും സഹകരണത്തോടെ ഒരുക്കും.
ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തിളപ്പിച്ചാണ് പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നതെന്നും വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നുണ്ടെന്നും കുടിവെള്ള വിതരണം സ്പെഷ്യൽ ഓഫീസർ ജി പി പ്രവീൺ പറഞ്ഞു.പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.
തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് വരെ 44 കുടിവെള്ള ടാപ്പുകൾ സജ്ജമാക്കിയിട്ടുണ്ട് . നടപ്പന്തലിൽമാത്രം 27 ടാപ്പുകളിലും വലിയ നടപ്പന്തലിൽ അഞ്ച് ട്രോളികളിൽ ദിവസം മുഴുവനും കുടിവെള്ളം വിതരണം ചെയ്തുവരികയാണ് . 614 താൽക്കാലിക ജീവനക്കാരെയാണ് ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിയ്യുള്ളത്.
ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം:മാലിന്യ നിർമ്മാർജ്ജനത്തിൽ മാതൃകയായി ശബരിമല
ശബരിമല: ശബരിമലയിൽ ഇത്തവണ മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം.സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമാണ് വിശുദ്ധി സേനയും ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയും ചേർന്ന് മാലിന്യം നീക്കം ചെയ്തത്.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയിലെ വിശുദ്ധി സേന വാളണ്ടിയർമാരാണ് മാലിന്യം രൂപപ്പെടുന്ന ഘട്ടത്തിൽ തന്നെ നീക്കം ചെയ്ത് വൃത്തിയും ശുദ്ധിയുമുള്ള ശബരിമലയ്ക്ക് തിളക്കം പകരുന്നത് .ദിവസവും 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്.
അഞ്ച് ട്രാക്ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിൻ്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററു കളിലെത്തിച്ചാണ് സംസ്കരിക്കുന്നത് . മണിക്കൂറിൽ 700 കിലോയാണ് ഇവിടത്തെ സംസ്കരണ ശേഷി.
പമ്പയിൽ മൂന്ന് ട്രാക്ടറുകളിൽ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത് . അപ്പാച്ചിമേട് ടോപ്പ് മുതൽ ചാലക്കയം വരെയുള്ള പ്രദേശങ്ങളിൽ നിന്നും ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോർഡിൻ്റെ പമ്പയിലെ ഇൻസിനിറേറ്ററുകളിൽ സംസ്കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്കരണം.
ആയിരം ജീവനക്കാരെയാണ് ശബരിമലയും പരിസരവും വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 300 വിശുദ്ധി സേന വോളണ്ടിയർമാർ പ്രവർത്തിക്കുന്നു.പമ്പയിൽ 210,നിലയ്ക്കൽ ബേസിൽ 450,പന്തളം 20,കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാ വിന്യാസം .സേനയ്‌ക്കൊപ്പം ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയുടെ ഭാഗമായി ദേവസ്വം ബോർഡ് ജീവനക്കാർ ദിവസവും ഒരു മണിക്കൂർ തിരുമുറ്റവും നടപന്തലും മാളികപ്പുറവും വൃത്തിയാക്കുന്നുണ്ട് .രണ്ടു ലോഡ് മാലിന്യമാണ് ദൈനം ദിനം ഇങ്ങനെ നീക്കം ചെയ്യുന്നത്.
ശബരിമലയിലെ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കിയതായും ദിവസവും ശുചിത്വ യാത്ര നടത്തി സന്നിധാനവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നതായും ശബരിമല എ ഡി എം അരുൺ എസ് നായർ അറിയിച്ചു.
സന്നിധാനത്ത് കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സജീവം
ശബരിമല: മാലിന്യ സംസ്കരണത്തിനൊപ്പം സന്നിധാനത്ത് കൊതുകു നിവാരണ പ്രവർത്തനങ്ങളും സജീവം. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇതിനകം നാലു റൗണ്ട് കൊതുകുനിർമ്മാർജ്ജനം പൂർത്തിയാക്കിയിട്ടുണ്ട്.പൊതുസ്ഥല ശുചീകരണം, കൊതുകിൻ്റെ ഉറവിട നശീകരണം, കൂത്താടി നശീകരണ സ്പ്രേയിങ്, ഫോഗിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമാക്കിയാണ് ആരോഗ്യവകുപ്പ് സന്നിധാനത്ത് കൊതുകുനിവാരണം നടപ്പാക്കുന്നത്.