പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/12/2024 )

ഉപതിരഞ്ഞെടുപ്പ് 10ന് തയ്യാറെടുപ്പുകളായി – ജില്ലാ കലക്ടര്‍

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 10നാണ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു.
കോന്നി ബ്ലോക്ക്പഞ്ചായത്തിലെ  ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ  കിഴക്കുംമുറി,  എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ  പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും.

തിരിച്ചറിയല്‍ രേഖകള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക്  ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ്ബുക്ക് എന്നിവയിലേതെങ്കിലും രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

നവംബര്‍ 13, 20 തീയതികളില്‍ പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലങ്ങളിലും വയനാട് ലോക്സഭാമണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ സമ്മതിദായകരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനു പകരം ഇടതുകൈയ്യിലെ  നടുവിരലിലാണ് മഷി പുരട്ടുക. വോട്ടെണ്ണല്‍ 11ന് രാവിലെ 10ന് നടക്കും.

മെഷീനുകള്‍ തയ്യാര്‍

ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 27 ബൂത്തുകളിലേക്കും നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍,  ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ബീന എസ്. ഹനീഫ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഇലക്ഷന്‍ വെയര്‍ ഹൗസില്‍ നിന്നും ഇവിഎം മെഷീനുകള്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി.  അവ ഇന്ന് (7) കമ്മീഷന്‍ ചെയ്യും. വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം നാളെ (ഡിസംബര്‍ 8) വൈകിട്ട് ആറിന് അവസാനിക്കും.


മദ്യനിരോധനം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍  ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 10ന് വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍  ദിവസമായ ഡിസംബര്‍ 11നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.

പ്രാദേശിക അവധി  

പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, തെങ്ങുംകാവ്  ഗവ.എല്‍.പി.എസ്, പൂവന്‍പാറ 77-ാം നമ്പര്‍ അങ്കണവാടി, വെള്ളപ്പാറ അമൃത എല്‍.പി.എസ്, ഇളകൊള്ളൂര്‍ എം.സി.എം ഐ.റ്റി.സി, കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസ്, കോട്ട ഡി.വി.എല്‍.പി.എസ്, കളരിക്കോട് എം.റ്റി.എല്‍.പി.എസ്, ഇടയാറ•ുള വെസ്റ്റ് റ്റി.കെ.എം.ആര്‍.എം.വി.എച്ച്.എസ്, വല്ലന ശ്രീ കറുമ്പന്‍ ദൈവത്താന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ എല്‍.പി.എസ്, എരുമക്കാട് സെന്റ് മേരീസ് എം.റ്റി. എല്‍.പി.എസ്, നിരണം  സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എഴുമറ്റൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്  ഡിസംബര്‍ ഒമ്പത്, 10 തീയതികളിലും  നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 10നും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  തിരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ക്ക് അവധി ബാധകമല്ല.


ക്ഷയരോഗമുക്ത കേരളത്തിനായി ജനകീയമുന്നേറ്റം; സംസ്ഥാനതല
ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ദേശീയ ക്ഷയരോഗനിവാരണപദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദര്‍ശനത്തിലൂടെയും ക്യാമ്പുകള്‍ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് (ഡിസംബര്‍ 7) രാവിലെ 10.30ന് നിര്‍വഹിക്കും.

ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് സംസ്ഥാനത്ത് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ, മരണം പരമാവധി കുറയ്ക്കുക, അനാവശ്യഭയം ഒഴിവാക്കുക, രോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാപിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, പ്രതിരോധചികിത്സ നല്‍കുക, ബോധവത്കരണം നടത്തുക എന്നിവയാണ് നൂറു ദിന ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ക്ഷയരോഗം നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കാന്‍, ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ആര്‍ദ്രം ആരോഗ്യം വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ക്ഷയരോഗം കൂടി ഉള്‍പ്പെടുത്തി. വിശദമായ പരിശോധനക്യാമ്പയിന്റെ ഭാഗമാകും.

എല്ലാ ജില്ലകളേയും ഉള്‍ക്കൊള്ളിച്ചാണ് ക്യാമ്പയിന്‍. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, പ്രാദേശിക സംഘടനകള്‍, യുവജന പ്രസ്ഥാനങ്ങള്‍, ടിബി ചാമ്പ്യന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്ഷയരോഗനിര്‍ണയ ക്യാമ്പുകള്‍, നിവാരണ പ്രതിജ്ഞ തുടങ്ങിയ പരിപാടികളാണ് നടത്തുക.
വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍, അതിഥി തൊഴിലാളികളി ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കും.  പ്രമേഹബാധിതര്‍, എച്ച്ഐവി അണുബാധിതര്‍, ഡയാലിസിസ് ചെയ്യുന്നഒക്ത, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവരിലും കഫപരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.


പൊങ്കാല : പ്രാദേശിക അവധി

ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.


കലാകായിക മേള

അങ്കണവാടി കുട്ടികളുടെ കലാകായിക മേളയായ ‘ചിലമ്പൊലി’ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം എസ് സി   കമ്യൂണിറ്റി ഹാളില്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി.


ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ ഭൂമിയുടെ വില  നിശ്ചിത പരിധിയില്‍കുറച്ച് രജിസ്റ്റര്‍ ചെയ്തിട്ടുളളവയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി.

2025 മാര്‍ച്ച് 31 വരെയാണ് കാലാവധി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ കേസുകള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പരമാവധി 60 ശതമാനവും രജിസ്ട്രേഷന്‍ ഫീസില്‍ പരമാവധി 75 ശതമാനവും ഇളവുകള്‍   അനുവദിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ :  04682223105, 8281394865.

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്

ആറ•ുള എഞ്ചിനീയറിംഗ് കോളജില്‍ കേരള നോളജ്് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി പാസായവര്‍ക്ക് ആറുമാസം  ദൈര്‍ഘ്യമുള്ള  ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്)  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 9496244701,8005768454.


ബോര്‍ഡുകള്‍, പരസ്യങ്ങള്‍,കൊടികള്‍ നീക്കം ചെയ്യണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, പരസ്യങ്ങള്‍ ,കൊടികള്‍, തോരണങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ ഡിസംബര്‍ 10ന് മുമ്പ്  സ്വന്തംനിലയ്ക്ക് നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്.  നീക്കം ചെയ്തില്ലെങ്കില്‍ പിഴ ചുമത്തുകയും നീക്കം ചെയ്യാന്‍ ചെലവാകുന്ന തുക ഉടമസ്ഥനില്‍ നിന്നും ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.


ടെന്‍ഡര്‍

കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രിക് സ്‌കൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 12. ഫോണ്‍ : 9496113684, 8921990561. ഇ-മെയില്‍ : 0405gvhsskvzpr@gmail.com


റീ ക്വട്ടേഷന്‍

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനത്തിന് മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  വാഹനം- മഹീന്ദ്ര ജീപ്പ്/ബൊലേറോ/സൈലൊ, തതുല്യ ഇതര വാഹനങ്ങള്‍, 7/6 സീറ്റ്, എ.സി, 2015 ന് മുകളിലുളള മോഡലും ആയിരിക്കണം. അവസാന തീയതി ഡിസംബര്‍ ഒമ്പത്.  ഫോണ്‍ : 04734 224827.


വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/സ്വാശ്രയ/സ്വയംഭരണ സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കേളര്‍ഷിപ്പിന് അപേക്ഷിക്കാം.
മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്‌കൂള്‍ / കോളേജ് പ്രിന്‍സിപ്പലിന്‍ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 31. ഫോണ്‍ :  0468 2325168. ഇ-മെയില്‍ : dsjopta @gmalt .com


ടെന്‍ഡര്‍

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള റാന്നി ഐ.സി.ഡി.എസ് പ്രോജക്ട്  ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2025  ജനുവരി ഒന്നുമുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേയ്ക്ക്  നാല് ചക്രവാഹനം (കാര്‍/ജീപ്പ്,എ.സി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍  വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 21. ഫോണ്‍ :  04735 221568,ഇ-മെയില്‍ : icdsranni@gmail.com


ടെന്‍ഡര്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി 15. ഫോണ്‍ : 04734 231776.

Related posts