ശബരിമല ക്ഷേത്ര സമയം (05.12.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
കാനനപാത വീണ്ടും തുറന്നു;581 പേരെ കടത്തിവിട്ടു
ശബരിമല: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടത്. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയിൽ ലഭ്യമാണ്.
സംഗീതസാന്ദ്രമീ സന്നിധാനം
ശബരിമല: സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഒാരോ ചുവടിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഗീതത്തിന്റെ മാസ്മരികസ്പർശമുണ്ട്. ഉണർത്തുപാട്ടു മുതൽ ഉറക്കുപാട്ടുവരെ നീളുന്നവ.
രാവിലെ അയ്യപ്പസന്നിധിയെ ഉണർത്തി ശ്രീകോവിൽ നട തുറക്കുന്നത് ‘വന്ദേവിഗ്‌നേശ്വരം…സുപ്രഭാതം’ എന്ന ഗാനമാധുരിയോടെയാണ്. ഉച്ചകഴിഞ്ഞ് ഒന്നിന് നട അടച്ചശേഷം മൂന്നിന് നട തുറക്കുന്നത് ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനത്തോടെയാണ്. ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ഗാനത്തിലലിഞ്ഞാണ് രാത്രി 11ന് ശ്രീകോവിൽ നട അടയ്ക്കുന്നത്.
പിന്നണഗായകനായ കെ.ജെ. യേശുദാസിന്റെ സ്വരഗാംഭീര്യത്തിലാണ് സുപ്രഭാതവും ഹരിവരാസനവും സന്നിധാനം ശ്രവിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരാണ് (കെ.ജി. ജയനും കെ.ജി. വിജയനും) ‘ശ്രീകോവിൽ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നൂ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ഉഷപൂജയും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും സംഗീതസാന്ദ്രമാണ്. സോപാനസംഗീതത്തിന്റെ മാറ്റൊലികൾ ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കും. അഷ്ടപദിയിൽ സന്നിധാനം ലയിക്കും. ചെണ്ടയും പാണിയും ഇലത്താളവും വീക്കൻ ചെണ്ടയും ഇടയ്ക്കയും തകിലും നാദസ്വരവും വിവിധ ക്ഷേത്രചടങ്ങുകൾക്ക് മാറ്റൊലിയേകും. മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടും സർപ്പം/പുള്ളുവൻ പാട്ടും വാദ്യോപകരണ-വാമൊഴി സംഗീതം പൊഴിക്കുന്നു.
സന്നിധാനത്തെ ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും പ്രശസ്തരുടെ സംഗീതപരിപാടികൾ അരങ്ങേറുന്നു. ഭക്തിഗാനസുധകളാലും കീർത്തനാലാപനങ്ങളാലും ഭക്തി-സംഗീതാത്മകമാണ് സന്നിധാനത്തെ സന്ധ്യാനേരങ്ങൾ. കടകളിലും സ്ഥാപനങ്ങളിലുമെല്ലാം അയ്യപ്പഭക്തിഗാനങ്ങൾ സദാകേൾക്കാം.
തീർഥാടകർക്ക് ആശ്വാസമേകി സന്നിധാനം സർക്കാർ ആശുപത്രി; ചികിത്സ തേടിയത് 23,208 പേർ
ശബരിമല: സന്നിധാനത്തെത്തുന്ന തീർഥാടകർക്കും സന്നിധാനത്ത് ജോലിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമേകി സന്നിധാനം സർക്കാർ ആശുപത്രി. ആശുപത്രിയിൽ ഇതുവരെ ചികിത്സതേടിയത് 23,208 പേർ.
ഹൃദ്രോഗത്തിനടക്കം സൗജന്യചികിത്സ ലഭ്യമാക്കുന്ന നിലയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ദിവസം ശരാശരി ആയിരത്തിലധികം പേർ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നുണ്ട്. ഒരേ സമയം പത്തു ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്.
കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, സർജൻ, പൾമനോളജിസ്റ്റ്, ഫിസിഷ്യൻ, ഓർത്തോ, അനസ്തീഷ്യ, ജനറൽ ഡോക്ടർമാരുടെ സേവനമുണ്ട്. 29 പാരാമെഡിക്കൽ ജീവനക്കാരാണ് ജോലിയിലുള്ളത്. ആറു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ആറു കിടക്കകളുള്ള നിരീക്ഷണ വാർഡുമുണ്ട്. ചെറിയ ശസ്ത്രക്രിയകൾ നടത്താനുള്ള തിയറ്ററും സജ്ജമാണ്. നഴ്‌സിന്റെ സേവനം ലഭ്യമാകുന്ന ആംബുലൻസും ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ഹൃദയാഘാതമുണ്ടായാൽ ചികിത്സനൽകാനുള്ള സൗകര്യവും പാമ്പുകടിയേറ്റവർക്കു നൽകാനുള്ള ആന്റീവെനവും ആശുപത്രിയിലുണ്ട്.
ഗുരുതരമായ ഹൃദയാഘാതമുണ്ടായാൽ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് അടക്കം എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ സേവനത്തിന് ഏഴു നഴ്‌സിങ് ഓഫീസർമാരും അഞ്ചു നഴ്‌സിങ് അസിസ്റ്റന്റുമാരും അഞ്ചു ഫാർമസിസ്റ്റുകളും രണ്ടു ലാബ് ടെക്‌നീഷ്യൻമാരും ഏഴു ഹോസ്പിറ്റൽ അറ്റൻഡർമാരും ഫാർമസിസ്റ്റ് സ്‌റ്റോർ കീപ്പറുമുണ്ട്.
ആരോഗ്യപരമായ ഏത് അടിയന്തരസാഹചര്യത്തെയും നേരിടാൻ ആശുപത്രി സജ്ജമാണെന്നും 24 മണിക്കൂറും സേവനം ലഭ്യമാണെന്നും മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കെ. സോമൻ പറഞ്ഞു. പനി, ശരീരവേദന, പേശികൾക്ക് വേദന എന്നീ അസുഖങ്ങൾക്ക് ചികിത്സതേടിയാണ് കൂടുതൽ പേർ എത്തുന്നത്. നീലിമലയിലും അപ്പാച്ചിമേടിലും കാർഡിയോളജി വിഭാഗം ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. നാലു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. പമ്പയിലും നിലയ്ക്കലിലും ചരൽമേടിലും ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.
അയ്യന്‍റെ നടയിൽ ചോറുണ്ട് 225 കുട്ടികൾ
ശബരിമല: മണ്ഡലകാലം ആരംഭിച്ചതു മുതൽ ഇതുവരെ അയ്യപ്പന്റെ സന്നിധിയിലെത്തി ചോറൂണ് നടത്തിയത് 225 കുട്ടികൾ. തിരുനടയിൽ അച്ഛന്റെയോ മുത്തച്ഛന്റെയോ അടുത്ത ബന്ധുവിന്റെയോ മടിയിലിരുന്നാണ് കുട്ടികൾ ചോറുണ്ണുക. ഉഷപൂജയ്ക്കുശേഷം രാവിലെ 7.45 മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെയാണ് ചോറൂണ് സമയം. ഉഷപൂജയ്ക്ക് നേദിച്ച ചോറും ഉപ്പും പായസവും റാക്കിലയിൽ വിളമ്പിയാണ് കുട്ടികൾക്ക് നൽകുക. 300 രൂപയാണ് ചോറൂണിന് രസീത് നിരക്ക്. ഓൺലൈനായും ചോറൂണിന് പണം അടയ്ക്കാം.
പറനിറച്ച്… മനംനിറച്ച്…ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്
– സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ
ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി നടത്തുന്നുണ്ട്. സന്നിധാനത്ത് നാണയപ്പറയും നെൽപ്പറയുമാണ് നിറയ്ക്കുക. നാണയം ഇതാദ്യമായാണ് വഴിപാടായി നിറയ്ക്കുന്നത്. ധനവർധനയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ നാണയപ്പറ വഴിപാട് നേരുന്നത്. നെൽപ്പറ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നേരുന്നു. മാളികപ്പുറത്ത് മഞ്ഞൾപ്പറയും നെൽപ്പറയും പണപ്പറയും നിറയ്ക്കാം. മഞ്ഞൾപ്പറ ഉദ്ദീഷ്ടകാര്യസിദ്ധിക്കായാണ് നേരുന്നത്.
സന്നിധാനത്ത് ഇതുവരെ 6949 നെൽപ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. ശരാശരി മൂന്നിറിലധികം പേർ ദിവസം പറനിറയ്ക്കൽ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞൾപ്പറ വഴിപാടും 369 നെൽപ്പറ വഴിപാടും രണ്ടു പണപ്പറ വഴിപാടുമാണ് നടന്നത്. നെൽപ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞൾപ്പറയ്ക്ക് 400 രൂപയുമാണ് നിരക്ക്. രാവിലെ 3.30 മുതൽ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9.15 വരെയുമാണ് സന്നിധാനത്തെ പറനിറയ്ക്കൽ വഴിപാട് സമയം. മാളികപ്പുറത്ത് രാവിലെ മൂന്നു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് പറനിറയ്ക്കാനാകുക
ഭക്തിഗാനസുധയൊരുക്കി ഹരി ഓം അരുൾ ഇസൈ
ശബരിമല: ചെന്നൈ താംബരത്തെ ഹരി ഓം അരുൾ ഇസൈ സംഗീത ട്രൂപ്പിന്റെ ഭക്തിഗാനസുധ തീർഥാടകരുടെ മനംകവർന്നു. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെന്തിൽ കുമാർ, ബാലാജി, സായിബാല ചന്ദർ, മുത്തു സെൽവൻ, അരുൺ കുമാർ എന്നിവർ ഭക്തിഗാനങ്ങൾ ആലപിച്ചു. ബാബു, രാംകുമാർ, ഭാസ്‌കർ, സായി, ഗോപി എന്നിവർ പക്കമേളമൊരുക്കി.