Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (04/12/2024 )

കരുതലും കൈതാങ്ങും  എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : ജില്ലാ കലക്ടര്‍

പത്തനംതിട്ട ജില്ലയില്‍  ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ മന്ത്രിമാരായ വീണാ ജോര്‍ജിന്റെയും പി. രാജീവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക് തല  പൊതുജന അദാലത്തിലേക്കുളള എല്ലാ സൗകര്യവും  ഉറപ്പാക്കും  എന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

  അദാലത്ത് വേദിയില്‍ മെഡിക്കല്‍ ടീമിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം ഉണ്ടാകും. കുടിവെള്ളം, വീല്‍ചെയര്‍ എന്നിവയും ക്രമീകരിക്കും. തദ്ദേശവകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഹരിതചട്ടം പാലിച്ചാകും അദാലത്ത്. അവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കുടുംബശ്രീ സ്റ്റാള്‍ ഇവിടെ പ്രവര്‍ത്തിക്കും.
അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം താലൂക്കുകളില്‍ ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി.

ഗതാഗതം നിരോധിച്ചു

പുത്തന്‍കാവ് – കിടങ്ങന്നൂര്‍ റോഡില്‍ കിഴക്കേച്ചിറ കലുങ്ക് – നീര്‍വിളാകം ഭാഗത്തെ കലുങ്കിന് ബലക്ഷയം ഉണ്ടായിട്ടുള്ളതിനാല്‍ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം ഡിസംബര്‍ നാല് മുതല്‍ നിരോധിച്ചു.  പുത്തന്‍കാവ് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് മാലക്കര വഴി കിടങ്ങന്നൂര്‍ എത്താവുന്നതും തിരിച്ച് ഈ വഴി തന്നെ ഉപയോഗപ്പെടുത്തണമെന്നും കോഴഞ്ചേരി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എ. ആര്‍/വി. ആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സര്‍ട്ടിഫൈഡ് വി ആര്‍ ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്റ്റര്‍ ചെയ്യുവാനും വിവരങ്ങള്‍ക്കുമായി 9495999693 എന്ന നമ്പറില്‍ ബന്ധപ്പെടുക. അവസാന തീയതി ഡിസംബര്‍ ഏഴ്.

കേരളോത്സവം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം  ഡിസംബര്‍ ആറിന് വൈകിട്ട് നാലിന് കീക്കൊഴൂര്‍ ഇലഞ്ഞിക്കല്‍ സ്‌പോര്‍ട്‌സ് അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി. തോമസ് അധ്യക്ഷനാകും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ഡിസംബര്‍ ആറിന് വൈകിട്ട് നാലിന് കീക്കൊഴൂര്‍ ഇലഞ്ഞിക്കല്‍ സ്‌പോര്‍ട്‌സ് അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മറ്റു കായിക മത്സരങ്ങള്‍ ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ ഡിസംബര്‍ 15 ന് കോഴഞ്ചേരി കമ്മ്യൂണിറ്റി ഹാളിലും രചനാ മത്സരങ്ങള്‍ ഡിസംബര്‍ 15 ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും നടത്തും.

താലൂക്ക് വികസന സമിതി യോഗം ഏഴിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.