Trending Now

കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചു

 

konnivartha.com:കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്.ഗവ. ഡ്രഗ് അനാലിസിസ്റ് ഗ്രേഡ് -l,ഗ്രേഡ് -ll, ഗ്രേഡ് -lll, മിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്.

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണ തോതിൽ പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് കോന്നിയിൽ ലാബ് സ്‌ഥാപിച്ചത്.

ഗുണനിലവാരമുള്ള മരുന്നുകള്‍ മിതമായ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏകദേശം 20,000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സംസ്ഥാന ഔഷധവിപണയില്‍, മരുന്നുകളെല്ലാം തന്നെ അന്യസംസ്ഥാനത്ത് നിന്നാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിനാല്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെയും ഭാരിച്ച ചുമതലയാണ്. ഗുണനിലവാരമുള്ള മരുന്നുകള്‍ തുടര്‍ന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് 14 അധിക തസ്തികകൾ കോന്നി ഡ്രഗ്സ്സ് കൺട്രോൾ ലബോറട്ടറിയിൽ അനുവദിച്ചത്.

നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷം കൊണ്ട് 15,000 ചതുരശ്ര അടിയില്‍ മൂന്നു നിലയിലായാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സജ്ജമാക്കിയത്. 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നി ഡ്രഗ്സ് കൺട്രോൾ ലബോറട്ടറി ഉദ്ഘാടനം ചെയ്തത്.

പുതിയതായി സൃഷ്ടിച്ച തസ്തികകളിൽ അടിയന്തരമായി നിയമനങ്ങൾ നടത്തുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു