Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2024 )

ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം; 1055 കേസ്, 2.11 ലക്ഷം പിഴ

ശബരിമല: ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം. ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ പരിശോധന നടത്തി. 1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു.

ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും മോട്ടോർവാഹനവകുപ്പും ആരോഗ്യവകുപ്പും എക്സൈസും ചേർന്ന് 17 സംയുക്ത പരിശോധനകൾ നടത്തി. സന്നിധാനത്ത് 65 റെയ്ഡുകളാണ് നടന്നത്. സിഗരറ്റും പുകയിലഉൽപ്പന്നങ്ങളും ഉപയോഗിച്ചതിന് 439 കേസ് രജിസ്റ്റർ ചെയ്തു. പമ്പയിൽ എക്സൈസ് 92 റെയ്ഡുകൾ നടത്തി 370 കേസ് രജിസ്റ്റർ ചെയ്തു.

നിലയ്ക്കലിൽ 57 പരിശോധനകൾ നടത്തി. 246 കേസ് രജിസ്റ്റർ ചെയ്തു. സന്നിധാനത്ത് സി.ഐ. ജി. രാജീവും നിലയ്ക്കലിൽ സി.ഐ. ബെന്നി ജോർജും പമ്പയിൽ സി.ഐ.: എൻ.കെ. ഷാജിയും റെയ്ഡുകൾക്ക് നേതൃത്വം നൽകി. പരിശോധനയ്‌ക്കൊപ്പം കടകളിലെയും ഹോട്ടലുകളിലെയും ജീവനക്കാർക്കിടയിൽ ലഹരിക്കെതിരായ ബോധവത്കരണവും എക്‌സൈസ് നടത്തുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നു എക്‌സൈസ് റേഞ്ചുകളായി തിരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം. സന്നിധാനത്ത് 24 എക്‌സൈസ് ഉദ്യോഗസ്ഥരും നിലയ്ക്കലിൽ 30 പേരും പമ്പയിൽ 20 പേരും ജോലി ചെയ്യുന്നു. ലഹരിനിരോധിത മേഖലയായ ശബരിമലയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കർശനനനിയമനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു.

കെ.എസ്.ആർ.ടി.സി. നടത്തിയത് 8657 ദീർഘദൂര ട്രിപ്പുകൾ

– ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപ- പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പ് നടത്തി

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി. സി. 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്‌പെഷൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്.
180 ബസുകൾ പമ്പ യൂണിറ്റിൽ മാത്രം സർവീസ് നടത്തുന്നു. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നത്. തെങ്കാശി, തിരുനൽവേലി എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. കോയമ്പത്തൂർ, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കും.
പമ്പ ത്രിവേണിയിൽനിന്ന് പമ്പ ബസ് സ്റ്റാൻഡിലേക്ക് രണ്ടു ബസുകൾ സർവീസുകളും നടത്തുന്നുണ്ട്. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് പാർക്കിങ് ഗ്രൗണ്ടുകളെ ബന്ധിപ്പിച്ച് മൂന്നു ബസുകൾ 10 രൂപ നിരക്കിൽ സർക്കുലർ സർവീസ് നടത്തുന്നുണ്ട്.

 

‘പറകൊട്ടിപ്പാട്ടിലകലുംത്രികാലദോഷം’

ശബരിമല: ”പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും”- പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്. പ്രസാദ് പറയുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തർ ഏറെയാണ്. ത്രികാല ദോഷങ്ങൾ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്.

പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയർ. പാരമ്പര്യമായി ലഭിച്ച പാട്ടിന്റെ ഈരടികളിലൂടെ സർവദോഷ പരിഹാരത്തിനായി പാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്.

പരമശിവൻ മലവേടന്റെ രൂപത്തിൽ പന്തളം കൊട്ടാരത്തിൽ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങൾ അകറ്റിയതായാണ് ഐതീഹ്യം. പാലാഴി മഥനത്തെ തുടർന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവൻ വേലനായും പാർവതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്.
പറകൊട്ടി പാടുമ്പോൾ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായുമാണ് സങ്കൽപ്പിക്കുക. പാട്ടിനുശേഷം ഭക്തന്റെ ശിരസിൽ കൈവെച്ച് നെറ്റിയിൽ ഭസ്മം വരച്ച് അനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും സർവദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.

ശബരിമല ക്ഷേത്രനിർമാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോൾ പന്തളം രാജാവ് ദേവപ്രശ്നം വച്ചെന്നും അശുദ്ധിയുള്ളതായി കണ്ടെത്തിയതിനാൽ പരിഹാരമായി വേലൻമാരെ കൊണ്ട് പറകൊട്ടി പാടണമെന്ന് ദേവഹിതത്തിൽ തെളിഞ്ഞെന്നും ഇതോടെയാണ് ശബരിമലയിൽ പറകൊട്ടിപ്പാട്ട് തുടങ്ങിയതെന്നും പ്രസാദ് പറയുന്നു. വർഷങ്ങൾക്ക് മുമ്പ് പതിനെട്ടാംപടിക്കുതാഴെ അരങ്ങേറിയിരുന്ന പറകൊട്ടി പാട്ട് പിന്നീടാണ് മണിമണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളി സമരം പിൻവലിച്ചു

ശബരിമല: ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ രേഖാമൂലം നൽകുന്നതിന് എ.ഡി.എം. നിർദ്ദേശം നൽകി.

പൊലീസ്, എ.ഡി.എം. എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ദേവസ്വംബോർഡ് അധികൃതർക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് എ.ഡി.എം. തൊഴിലാളികൾക്ക് ഉറപ്പുനൽകി. തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വംബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ മിന്നൽ സമരം നടത്തിയത്.

കാനനപാത നാളെ (4 ഡിസംബർ ഡിസംബർ) തീർത്ഥാടകർക്കായി തുറന്നു നൽകും

സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി നാളെ (4 ഡിസംബർ) രാവിലെ മുതൽ തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി

error: Content is protected !!