Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/12/2024 )

ഭിന്നശേഷികുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍
രക്ഷിതാക്കളും മുന്‍കൈ എടുക്കണം : ജില്ലാ കലക്ടര്‍

ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്‍. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാകായിക മേള ‘ഉണര്‍വ് 2024’  ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷന്‍ ആര്‍. അജിത്ത് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ. പി. ജയലക്ഷ്മി, കൊഴുവല്ലൂര്‍ മൗണ്ട് സിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. കെ. മാത്യു, ഡിഫ് ഫോറം പ്രസിഡന്റ് മുഹമ്മദ് സലിം, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. സന്തോഷ്, ഭിന്നശേഷി സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ദിവസമായി നടക്കുന്ന കലാകായിക മേളയ്ക്ക്  (ഡിസംബര്‍ 3) സമാപനമാകും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയും നവാഗത സംവിധായകന്‍ രാകേഷ് കൃഷ്ണന്‍ വിശിഷ്ടാതിഥിയുമാകും.





യുവജനങ്ങളുടെ കലാ – കായിക സര്‍ഗവാസനകള്‍ക്ക് ചിറക് വിടര്‍ത്താന്‍ 
കേരളോത്സവം വഴിതെളിക്കുന്നു :-ഡെപ്യൂട്ടി സ്പീക്കര്‍

യുവജനങ്ങളുടെ കലാ-കായിക സര്‍ഗവാസനകള്‍ക്ക് ചിറക് വിടര്‍ത്താന്‍ കേരളോത്സവം വഴിതെളിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പള്ളിക്കല്‍ പഞ്ചായത്ത് കേരളോത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 യുവജനങ്ങളുടെ കലാ – കായിക – സാഹിത്യ കാര്‍ഷികരംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്  കേരളോത്സവം സംഘടിപ്പിക്കുന്നത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും  യുവജന ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തില്‍  വിവിധ ക്ലബുകളെ പ്രതിനധീകരിച്ച് നിരവധി മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം മനു, യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍ ബിപിന്‍ എബ്രഹാം,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു ജയിംസ്, ഷീന റെജി വാര്‍ഡ് അംഗങ്ങളായ സുപ്രഭ, ജി.പ്രമോദ് , ജി.സുമേഷ് , യമുന മോഹന്‍, സാജിത റഷീദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍  പി കെ ഗീത, വിനീത് വാസുദേവ്, ബിനു വെള്ളച്ചിറ, മായാ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




എയ്ഡ്‌സ്ദിനാചരണം  ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണറാലിയും സംഘടിപ്പിച്ചു

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ.പി മുകുന്ദന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.കെ.എസ് നിരണ്‍ ബാബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍.ദീപ,  ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി. സുരേഷ് കുമാര്‍, ജില്ലാ ടിബി അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ കെ.വി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ ബോധവല്‍ക്കരണ റാലിയില്‍ വിവിധ നഴ്‌സിംഗ് കോളജുവിദ്യാര്‍ഥികള്‍ അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ റാലി, സെമിനാറുകള്‍, ദീപം തെളിയിക്കല്‍, ഫ്‌ലാഷ്‌മോബുകള്‍, റെഡ് റിബണ്‍ ധരിക്കല്‍ തുടങ്ങി വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. റാലിയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ പുഷ്പഗിരി കോളജ് ഓഫ് തിരുവല്ല, പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ് കോഴഞ്ചേരി ,മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിംഗ് പത്തനംതിട്ട എന്നിവര്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.


തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചും സെന്റ് തോമസ് കോളജ് കോഴഞ്ചേരിയും സംയുക്തമായി കോളജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍  ഡോ. ജോര്‍ജ്. കെ. അലക്‌സ് , ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.രാജീവ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് , വാര്‍ഡ് മെമ്പര്‍ ബിജോ പി മാത്യു,  കോളജ് പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ തോമസ് മാത്യു, എംപ്ലോയ്‌മെന്റ് ഓഫീസര്‍  ജെ.എഫ്. സലിം എന്നിവര്‍ പങ്കെടുത്തു.


അദാലത്ത്

കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ചു നല്‍കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ അദാലത്ത.്  മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവുതൂക്ക ഉപകരണങ്ങളുടെ കുടിശിക അടച്ച് ഉപകരണങ്ങള്‍ മുദ്രചെയ്യാം.

പിഴതുക 2000 രൂപയ്ക്കു പകരം 500 രൂപ അടച്ചാല്‍ മതി. ഡിസംബര്‍ 14 വരെ ജില്ലയിലെ  താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കും. ഡിസംബര്‍ 15 മുതല്‍ 24 വരെ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രചെയ്തു നല്‍കും. ഫോണ്‍:  കോഴഞ്ചേരി താലൂക്ക്:  04682322853,റാന്നിതാലൂക്ക്: 04735223194, അടൂര്‍ താലൂക്ക്: 04734221749,മല്ലപ്പള്ളി താലൂക്ക്:04692785064, തിരുവല്ലതാലൂക്ക്: 04692636525,
കോന്നിതാലൂക്ക്: 04682341213.



സംരംഭകത്വ റെസിഡെന്‍ഷ്യല്‍ വര്‍ക്ഷോപ്പ്

കളമശ്ശേരിയിലുള്ള കേരള  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്‌മെന്റ് (കീഡ് ) ഡിസംബര്‍ അഞ്ചു മുതല്‍ 13 വരെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു.   http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -0484 2532890 / 2550322/9188922800.

അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍  ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി  അപേക്ഷ ക്ഷണിച്ചു. യോഗ്യത  പ്ലസ് ടു. പ്രായപരിധി 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8281114464.

യോഗപരിശീലകരാകാം

റാന്നി ബ്‌ളോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. അംഗീകൃത സര്‍വകാലശാലയില്‍ നിന്നുളള ബിഎന്‍വൈഎസ് ബിരുദം/ തതുല്യ യോഗ്യത,   യോഗ അസോസിയേഷന്‍ /സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നുളള  യോഗ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക്  അപേക്ഷിക്കാം. ഒഴിവ് : നാല്. അവസാന തീയതി ഡിസംബര്‍ 24. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്,  ശബരിമല ഇടത്താവളത്തിന് സമീപം, മഠത്തുംമൂഴി , റാന്നി- പെരുനാട്-689711 വിലാസത്തില്‍ അപേക്ഷിക്കണം.

അഭിമുഖം

പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍  അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബികോമും പിജിഡിസിഎ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ : 04734 288621.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം.307/2023)  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട   ഉദ്യോഗാര്‍ഥികള്‍ക്കുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ രാവിലെ 5.30 മുതല്‍ നടത്തും.  ഫോണ്‍ : 0468 2222665.

ക്വട്ടേഷന്‍  

പത്തനംതിട്ട സബ് കോടതിയിലെ 2018 മുതല്‍ 2022 വരെയുളള ജേര്‍ണലുകള്‍ ബയന്റിംഗ് ചെയ്തു നല്‍കാന്‍ വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി ഒന്ന്. ഫോണ്‍ : 0468 2271734.

ചുരുക്കപട്ടിക

വനം വന്യ ജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 111/2022), ഫോറസ്റ്റ് ഡ്രൈവര്‍ എന്‍സിഎ എം (702/2021), എന്‍സിഎ എല്‍സി/എഐ (703/2021), എന്‍സിഎ ഒബിസി (704/2021) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഇ-ദര്‍ഘാസ്

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്  മുഖേന ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിക്ക് ഇ-ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍ : 0468 2224070, വെബ് സൈറ്റ് : www.etenders.kerala.gov.in

error: Content is protected !!