
ശബരിമല: പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ടായിരുന്നു. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല. എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു.
ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച (ഡിസംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച(ഡിസംബർ 2) പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.