ശബരിമല ക്ഷേത്ര സമയം (01.12.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
ശബരീശനായി പാൽ ചുരത്തി സന്നിധാനത്തെ ഗോശാല
ശബരിമല: സന്നിധാനത്തെ ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കുന്ന പാൽ സന്നിധാനത്തെ ഗോശാലയിൽനിന്ന്. വെച്ചൂരും ജഴ്‌സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്.
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന സ്വദേശിയായ ആനന്ദ് സാമന്തോയാണ് ഒൻപതുവർഷമായി ഗോശാലയുടെ പരിപാലകൻ.
പുലർച്ചെ ഒന്നരയോടെ ഗോശാല ഉണരുമെന്നും രണ്ടു മണിക്ക് ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കാനായി സന്നിധാനത്ത് പാൽ എത്തിക്കുമെന്നും ആനന്ദ് പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിനും പാൽ സന്നിധാനത്ത് എത്തിക്കും.
പശുക്കളിൽ അഞ്ചെണ്ണം വെച്ചൂർ ഇനത്തിലുള്ളതും ബാക്കി ജഴ്‌സി, എച്ച്.എഫ്. ഇനത്തിലുള്ളതുമാണ്. ഇവയെല്ലാം ഭക്തർ ശബരീശന് സമർപ്പിച്ചതാണ്. പശുക്കളെ കൂടാതെ ഭക്തർ സമർപ്പിച്ച 18 കോഴികളും ഒരു ആടും ഗോശാലയിലുണ്ട്.
വൃത്തിയോടും ശ്രദ്ധയോടുമാണ് പശുക്കളെ പരിപാലിക്കുന്നത്. ഫാനും ലൈറ്റുമടക്കം ഗോക്കൾക്ക് എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആസ്വാദ്യകരവുമായ ജോലിയാണ് സന്നിധാനത്തെ പശുപരിപാലനമെന്ന് ആനന്ദ് സാമന്തോ പറയുന്നു.
പതിനെട്ടിന്‍റെ പുണ്യമായിതൈനട്ട് ഗുരുസ്വാമിമാർ :ദിവസം ഇരുനൂറിലേറെ ഭക്തർ തെങ്ങിൻ തൈ നടുന്നു
ശബരിമല: ദിവസം ഇരുനൂറിലധികം സ്വാമിമാരാണ് സന്നിധാനത്തെ ഭസ്മക്കുളത്തിനു സമീപം പതിനെട്ടാംവർഷത്തെ വരവറിയിച്ച് തെങ്ങിൻ തൈ നടുന്നത്. നാൽപ്പത്തിയൊന്നുദിവസം വ്രതമെടുത്ത് എത്തുന്ന സ്വാമിമാർ ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ചശേഷമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലത്ത് തെങ്ങിൻ തൈ നടുക. 18 വർഷം പതിനെട്ടാംപടി ചവിട്ടിയവരാണ് ഗുരുസ്വാമിയായി അറിയപ്പെടുന്നത്. തെങ്ങിൻ തൈ നടാനെത്തുന്ന ഗുരുസ്വാമിമാരിൽ കൂടുതലും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തെങ്ങിൻ തൈ കൂടുതലാകുമ്പോൾ ലേലം ചെയ്ത് നഴ്‌സറികൾക്ക് നൽകുന്നു.
”2004 മുതൽ സന്നിധാനത്ത് എത്തുന്നതാണ്. ഇത് 18-ാം വർഷമാണ്. ഗുരുസ്വാമിയാകാൻ അയ്യപ്പസ്വാമി അനുഗ്രഹിച്ചിരിക്കുന്നു. 18 വർഷം ലഭിച്ച അനുഗ്രഹത്തിനായി തെങ്ങിൻ തൈ നട്ടു”മൈസൂർ നഞ്ചൻകോട് സ്വദേശിയും കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ ഡ്രൈവറുമായ പി. ശ്രീനിവാസൻ പറയുന്നു. മൂന്നാംക്ലാസ് വിദ്യാർഥിയായ മകൾ കനിഷ്‌കയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ശ്രീനിവാസൻ ഇത്തവണ ശബരീശ സന്നിധിയിലെത്തിയത്.
ദേവസ്വം ജീവനക്കാർക്ക് ജീവൻരക്ഷാ പരിശീലനം നൽകി ഐ.എം.എ.
ശബരിമല: സന്നിധാനത്ത് ജോലിചെയ്യുന്ന ദേവസ്വം ജീവനക്കാർക്ക് സി.പി.ആർ. അടക്കം അടിയന്തരമായി നൽകേണ്ട പ്രാഥമിക ശുശ്രൂഷകളിൽ പരിശീലനം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐ.എം.എ. തിരുവനന്തപുരം ബ്രാഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.
സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. എ. അജികുമാർ ഉദ്ഘാടനം ചെയ്തു. കുഴഞ്ഞുവീഴുന്നവർക്കും ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയവർക്കും നൽകേണ്ട പ്രാഥമിക ശുശ്രൂഷകളിലടക്കം പ്രായോഗിക പരിശീലനമാണ് നൽകിയത്. ഡോ. പ്രദീപ് കിടങ്ങൂർ, ഡോ. കെ പി. വിവേക് എന്നിവർ ക്ലാസെടുത്തു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് എന്നിവർ പങ്കെടുത്തു.
സന്നിധാനത്ത് ജലമെത്തിക്കാൻ കുന്നാർ ഡാമിൽനിന്ന് ഒരു പൈപ്പ് ലൈൻ കൂടി: ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമല: ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കുന്നാർ ഡാം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നാർ ഡാമിൽനിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തിൽ ഇതിലൊന്ന് തകർന്നുപോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്. കുന്നാർ ഡാമിൽനിന്ന് ജലം എത്തിക്കാൻ സർക്കാർ എല്ലാ സഹായവും നൽകാമെന്ന് ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953ലാണ് കുന്നാർ ഡാം കമ്മീഷൻ ചെയ്തത്. സന്നിധാനത്തിന് എട്ടു കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതിചെയ്യുന്നത്. മലമുകളിൽനിന്നുള്ള ജലം ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. വൈദ്യുതിയോ മോട്ടോറോ ഉപയോഗിക്കാതെ ഗുരുത്വകർഷണബലത്താലാണ് വെള്ളം സന്നിധാനത്തെ പാണ്ടിത്താവളത്തുള്ള ജലസംഭരണികളിൽ എത്തുന്നത്. ഇവിടെനിന്നാണ് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.
വനത്തിനുള്ളിലൂടെ കാൽനടയായേ ഡാമിൽ എത്താനാകൂ. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. പൊലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമിൽ ഒരുക്കിയിട്ടുള്ളത്. കുന്നാർ ഡാമിലെ ജലവിതരണസംവിധാനങ്ങളുടെ പ്രവർത്തനം ദേവസ്വം പ്രസിഡന്റും എൻജിനീയർമാരും വിലയിരുത്തി.
ദേവസ്വം എക്‌സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ്, ഇലക്ട്രിക്കൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വി. രാജേഷ് മോഹൻ, എ.ഇ.ഒ. ശ്രീനിവാസൻ നമ്പൂതിരി എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു
പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വിജയകരം: സ്‌പെഷൽ ഓഫീസർ
ശബരിമല: മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വലിയ വിജയമായതായി സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി ചുമതലയേറ്റ പി. ബിജോയ് പറഞ്ഞു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലാണ് അദ്ദേഹം.
നിലവിൽ എല്ലാം സുഗമമായതിനാൽ ക്രമീകരണങ്ങൾ തുടരുമെന്നും മാറ്റങ്ങൾ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 13 വരെയാണ് ചുമതല. പെരുമ്പാവൂർ എ.എസ്.പി: ശക്തി സിംഗ് ആര്യ ജോയിന്റ് സ്‌പെഷൽ ഓഫീസറായും ചുമതലയേറ്റു.
ശബരിമലയിൽ ചാറ്റൽമഴ
ശബരിമലയിൽ ശനിയാഴ്ച ചാറ്റൽ മഴ പെയ്തു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്. സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.