Trending Now

ശബരിമല : പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കൊണ്ടുവരേണ്ട

ശബരിമല : പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കൊണ്ടുവരേണ്ട , വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കിയോസ്കുകൾ റെഡി

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കായി വഴിനീളെ കുടിവെള്ള കിയോസ്ക്കുകൾ സ്ഥാപിച്ചിരിക്കുകയാണ് സംസ്ഥാന വാട്ടർ അതോറിറ്റി.ഇത് കാരണം പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വരേണ്ട സാഹചര്യം അയ്യപ്പഭക്തർക്ക് ഒഴിവാകുകയാണ് .

 

പമ്പ മുതൽ സന്നിധാനം വരെ 106 കുടിവെള്ള കിയോസ്ക്കുകളാണുള്ളത് .മണിക്കൂറിൽ 35,000 ലിറ്റർ ആകെ ഉത്പാദനശേഷിയുള്ള ഒൻപത് ആർ ഓ പ്ലാന്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട് . പമ്പയിൽ മൂന്നും,അപ്പാച്ചിമേട് , മരക്കൂട്ടം , ശരംകുത്തി എന്നിവയ്ക്ക് പുറമെ നീലിമലയിൽ രണ്ടും സന്നിധാനത്തും ആർ ഓ പ്ലാന്റുകൾ പ്രവർത്തിക്കുന്നു.

വിതരണം ഉറപ്പാക്കുന്നതിന് പമ്പയിൽ 6 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി,നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും രണ്ട് ലക്ഷം വീതം ശേഷിയുമുള്ള ടാങ്കുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.ശരംകുത്തിയിൽ സ്‌ഥാപിച്ചിട്ടുള്ള 6 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിന്നാണ് ദേവസ്വംബോർഡിൻറെ ടാങ്കുകളിലേക്ക് ജലം നൽകുന്നത്.

ക്വാളിറ്റി കൺട്രോളിനായി സന്നിധാനത്തും പമ്പയിലും പരിശോധന യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഒരു മണിക്കൂർ ഇടവിട്ടാണ് പരിശോധന.സ്ഥിരം ജീവനക്കാർക്ക് പുറമെ എൺപതോളം താത്കാലിക ജീവനക്കാരെയും വാട്ടർ അതോറിറ്റി മണ്ഡലകാലത്ത് ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്.

പമ്പ, നിലയ്ക്കൽ, സന്നിധാനം തുടങ്ങിയ ഏതെങ്കിലും സ്ഥലത്ത് കുടിവെള്ളം കിട്ടാതെ വരികയോ മറ്റ് പരാതികൾ അറിയിക്കാനോ 04735 203360 എന്ന ഫോണിൽ വിളിക്കാവുന്നതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.