konnivartha.com: റിസർവ് ബാങ്ക് സ്ഥാപിതമായതിന്‍റെ 90 വർഷം പൂർത്തിയാകുന്ന അവസരത്തോടനുബന്ധിച്ച് ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച RBI90Quiz-ൻ്റെ രണ്ടാം സോണൽ റൗണ്ട് മത്സരത്തിൽ ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കളായി. കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഹയാത്തിൽ നടന്ന മത്സരത്തിൽ കേരളം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാനതല വിജയികളാണ് മാറ്റുരച്ചത്.
ഭാവിയിലെ പ്രൊഫഷണലുകളും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടവരുമായ ബിരുദ വിദ്യാർത്ഥികളുമായി ഇടപഴകുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നവതി ആഘോഷിക്കുന്ന വേളയിൽ RBI90 ക്വിസ് നടത്തുന്നത് എന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ എസ് റാത്തോ പറഞ്ഞു.
സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം അദ്ദേഹം എടുത്തുകാണിക്കുകയും വിദ്യാർത്ഥി സമൂഹത്തിൽ സാമ്പത്തിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ആർബിഐ സ്വീകരിച്ച വിവിധ നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
PES യൂണിവേഴ്സിറ്റി, ബെംഗളൂരു (കർണാടക), മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം (കേരള) എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ മൂന്ന് ടീമുകൾക്ക് യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. ഹുസൈൻ അഹമ്മദ്, സയ്യിദ് മുഹമ്മദ് ഹാഷ്മി എന്നിവരടങ്ങുന്ന ഒസ്മാനിയ മെഡിക്കൽ കോളേജ് ടീം 2024 ഡിസംബർ 6 ന് മുംബൈയിൽ നടക്കുന്ന RBI90 ക്വിസിൻ്റെ ദേശീയ റൗണ്ടിൽ മറ്റ് സോണുകളിൽ നിന്ന് യോഗ്യത നേടുന്ന ടീമുകൾക്കെതിരെ മത്സരിക്കും.