കരുതലും കൈത്താങ്ങും’: ഡിസംബര്‍ ഒമ്പത് മുതല്‍
പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്. അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും സമര്‍പ്പിക്കാം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിംഗ് സെല്ലുണ്ടാകും. സബ് കലക്ടര്‍/ആര്‍.ഡി.ഒമാര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അംഗവുമാണ്. അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവര്‍ത്തിക്കും.
പരിഗണിക്കുന്ന വിഷയങ്ങള്‍: ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മല്‍സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുളള പരാതികള്‍ /അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുളള നഷ്ടപരിഹാരം.
അദാലത്തില്‍ പരിഗണിക്കാത്തവ: നിര്‍ദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതിത്തളളല്‍, പൊലിസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായത്തിനായുളള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുളള അപേക്ഷകള്‍(ചികിത്സാസഹായം ഉള്‍പ്പെടെ), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും.
വോട്ടര്‍ പട്ടിക:ആക്ഷേപങ്ങള്‍ 28 വരെ മാത്രം – ജില്ലാ കലക്ടര്‍
സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായി ഒക്‌ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും വാദങ്ങളും നവംബര്‍ 28 വരെ മാത്രം സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി എല്ലാ വോട്ടര്‍മാര്‍ക്കും ആക്ഷേപങ്ങളും വാദങ്ങളും സമര്‍പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താമെന്നും ഓര്‍മിപ്പിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ നിന്നും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. വെബ്‌സൈറ്റ് : https://www.ceo.kerala.gov.in/special-summary-revision
ദേശീയ വിരവിമുക്ത ദിനാചരണം : കുട്ടികള്‍ക്ക് മരുന്ന് നല്‍കി
ദേശീയ വിരവിമുക്തദിനം ജില്ലയിലും. ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും ആല്‍ബന്‍ഡസോള്‍ ഗുളികവിതരണം ചെയ്തായിരുന്നു പരിപാടി.
ജില്ലാതല ഉദ്ഘാടനം വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. വ്യക്തി- ഭക്ഷണശുചിത്വം പാലിച്ച് രോഗങ്ങളെ തടയാം; ആരോഗ്യപൂര്‍ണമായ ജീവിതത്തിനും വഴിയൊരുക്കാം- കലക്ടര്‍ പറഞ്ഞു.
വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിന്‍ ജോസഫിന് ജില്ലാ കലക്ടര്‍ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിന് ലഭ്യമാക്കുമെന്ന് അറിയിച്ചു.
ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ-വിദ്യാഭ്യാസ വകുപ്പുകള്‍, വനിതാ-ശിശുവികസന വകുപ്പ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ചടങ്ങില്‍ അധ്യക്ഷയായി. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. ആര്‍. അശ്വതി, വാര്‍ഡ് അംഗം ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, ഡി. എം.ഒ ഇതര ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ഡലകാലത്ത് ഭക്ഷ്യമേളയുമായി കുടുംബശ്രീ
മണ്ഡലകാലത്തോടനുബന്ധിച്ച് ഇന്ന് (നവംബര്‍ 27) മുതല്‍ ഡിസംബര്‍ ആറ് വരെ പന്തളം കുളനട കുടുംബശ്രീ പ്രീമിയം കഫെയില്‍ ‘ദേശി ധമാക്ക’ വെജിറ്റേറിയന്‍ ഭക്ഷ്യമേളയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനമേളയും സംഘടിപ്പിക്കുന്നു. ഇന്ന് (27) രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം
വെച്ചൂച്ചിറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും കരാട്ടേ പരിശീലനം ആരംഭിച്ചു. സ്വയം പ്രതിരോധം ലക്ഷ്യമാക്കിയാണ് അയോധനകലയിലെ ക്ലാസുകള്‍.സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മണ്ണടിശാല, എസ് എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂള്‍, എംറ്റിവിഎച്ച്എസ്എസ് കുന്നം എന്നിവിടങ്ങളിലും പരിശീലനം നേടാം.അടുത്ത വിദ്യാഭ്യാസവര്‍ഷം ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും.
റീ ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനത്തിന് മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം- മഹീന്ദ്ര ജീപ്പ്/ബൊലേറോ/സൈലൊ, 7/6 സീറ്റ്, എ.സി, 2015 ന് മുകളിലുളള മോഡലും ആയിരിക്കണം. അവസാന തീയതി ഇന്ന് (നവംബര്‍ 27). ഫോണ്‍ : 04734 224827.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ തുടങ്ങി
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) ‘നയി ചേതന’ ദേശീയ ക്യാമ്പയിന്റെ മൂന്നാംഘട്ടത്തിന് തുടക്കമിട്ടു. ഡിസംബര്‍ 23 വരെ നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി.ഡി.എസ്, എ.ഡി.എസ്, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സമാപന ദിവസം ജെന്‍ഡര്‍ കാര്‍ണിവലുമുണ്ട്.
നയിചേതന 3.0 ജില്ലാതല ഉദ്ഘാടനം കുളനട കുടുംബശ്രീ പ്രീമിയം കഫെ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷയായി.
എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് പരിശീലനം
കളമശേരിയിലെ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നുദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നുമുതല്‍ അഞ്ചുവരെയാണ് പരിശീലനം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30. https://kied.info/training-calender/ ഫോണ്‍ – 0484 2532890, 2550322, 9188922785.
കേരളോത്സവം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം വിവിധ കലാകായിക മല്‍സരങ്ങളോടുകൂടി ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തും. ഡിസംബര്‍ മൂന്നിന് മുമ്പ് https://keralotsavam.com/ വെബ് സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ബ്ലോക്ക് തലത്തില്‍ മല്‍സരിക്കുന്നതിന് യോഗ്യതയും ലഭിക്കും.
സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് (27)
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം നടത്തിപ്പിനുളള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് (നവംബര്‍ 27) ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്
കളമശേരിയിലുള്ള കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) ഏകദിന വര്‍ക്ക്‌ഷോപ്പ് നവംബര്‍ 30ന് സംഘടിപ്പിക്കുന്നു. ഫോണ്‍ – 0484 2532890, 2550322, 9188922800.
https://keralotsavam.com/
നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14ന്
കേരള സ്റ്റേറ്റ് – ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് നാഷണല്‍ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് നടത്തുക. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റു ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍ – 0468 2220141.
മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങള്‍ നവംബര്‍ 28ന് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9526378475, 7511152933, 0468 2214589.
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2025 ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്ക് കാന്റീന്‍ നടത്തുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 18. ഫോണ്‍ : 04735 266671.
തീയതി നീട്ടി
കെല്‍ട്രോണ്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജി കോഴ്‌സിന് ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്താ അവതരണം, വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ്, പി. ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവക്കുള്ള അവസരം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിഇല്ല. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍.ഫോണ്‍: 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154.
ടെന്‍ഡര്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 10 ന് അകം ആറന്മുള മിനി സിവില്‍ സ്‌റ്റേഷന്‍ മൂന്നാംനിലയിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2319998, 8281954196.
സൗജന്യ യൂണിഫോം വിതരണം 30 ന്
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ യൂണിഫോം ജില്ലാതല വിതരണോദ്ഘാടനം നവംബര്‍ 30 ന് ഉച്ചയ്ക്ക് 2.30 ന് മുന്‍സിപ്പല്‍ ഠൗണ്‍ ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും. സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി.ബി സുബൈര്‍ അധ്യക്ഷനാകും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേമനിധി അംഗങ്ങള്‍ക്ക് പാസ്ബുക്കുമായി നേരിട്ടെത്തി യൂണിഫോം കൈപ്പറ്റാം. ഫോണ്‍ : 0468 2222709.