Trending Now

ഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ

 

konnivartha.com: ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു.

കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ ഹൃദയപേശികൾക്ക് ഗുരുതരമായ വീക്കമുണ്ടായതിനെ തുടർന്ന് പതിനൊന്നാം തീയതിയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്.

വൈറൽ മയോകാർഡൈറ്റിസ് മൂലം ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതോടെ മൂന്ന് ദിവസത്തോളം എക്‌മോ സംവിധാനം ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത് (ശരീരത്തിൽ നിന്ന് ഓക്‌സിജൻ കുറഞ്ഞ അശുദ്ധ രക്തത്തെ എക്‌മോ സംവിധാനം വഴി കടത്തിവിട്ട് ഓക്സിജൻ പൂരിതമാക്കിയ ശേഷം രക്തചംക്രമണത്തിനാവശ്യമായ മർദ്ദത്തിൽ തിരികെ ശരീരത്തിലേയ്ക്ക് നൽകുന്ന അടിയന്തിര ജീവൻ രക്ഷാചികിത്സയാണ് എക്‌മോ)

ഫ്ലൂ അഥവാ ഇൻഫ്ലുവൻസ വളരെ സാധാരണമാണെങ്കിലും അപൂർവ്വമായി അത് കുട്ടികളിലും രോഗപ്രതിരോധശക്തി കുറഞ്ഞ മുതിർന്നവരിലും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത പീഡിയാട്രിക് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മേധാവി ഡോ. സജിത്ത് കേശവൻ പറഞ്ഞു.

പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. കെ .എച്ച്. ഷൈൻ കുമാർ, ചീഫ് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. പി.കെ. ബ്രിജേഷ് , പീഡിയാട്രിക് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. ഗ്രീഷ്‌മ ഐസക്ക് എന്നിവർ ചികിത്സയിൽ പങ്കാളികളായി.

ചികിത്സയിലൂടെ ക്രമേണ ഹൃദയത്തിന്റെ പ്രവർത്തനം പൂർണ്ണമായി വീണ്ടെടുത്തശേഷം കുട്ടി ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മധുരം പങ്കുവച്ച ശേഷമാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്.

error: Content is protected !!