Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/11/2024 )

ദേശീയ വിരവിമുക്ത ദിനം ഇന്ന് (നവംബര്‍ 26)

ദേശീയ വിരവിമുക്ത ദിനമായ നവംബര്‍ 26 ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 11 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനാണ് നല്‍കുക.

ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യും. ഒന്നു മുതല്‍ രണ്ടുവയസ് വരെയുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ടുമുതല്‍ മൂന്നുവയസ് വരെയുള്ള കുട്ടികള്‍ക്ക് ഒന്നുമാണ് വെള്ളത്തില്‍ അലിയിച്ച് കൊടുക്കേണ്ടത്. മൂന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. എല്ലാകുട്ടികളും ഗുളിക കഴിച്ചെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണം.

പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാതെ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം, കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുക തുടങ്ങിയവ രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാം. ആറുമാസത്തിലൊരിക്കല്‍ വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കുന്നത് പ്രതിരോധമാകും.ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ- വിദ്യാഭ്യാസ വകുപ്പുകള്‍, വനിതാ-ശിശുവികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ സംയോജിച്ചാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് ഡിസംബര്‍ രണ്ട് വരെ

ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തില്‍ ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് ഡിസംബര്‍ രണ്ട് വരെ www.kite.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രേഖപ്പെടുത്തണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളും നിശ്ചിത തീയതിക്കകം പൂര്‍ത്തീകരിക്കണമെന്ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ദ്വിദിന ശില്‍പ്പശാല സമാപിച്ചു

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല ദ്വിദിന ശില്‍പ്പശാല സമാപിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികളാണ് പങ്കെടുത്തത്. മാലിന്യ സംസ്‌കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂര്‍ണത, സുസ്ഥിരത എന്നിവയിലായിരുന്നു സംവാദങ്ങള്‍. കുളനട പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനഅധ്യക്ഷര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്ക്, ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാന്‍, നവകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ ഏഴ്. ഫോണ്‍ : 0468 2263636, 9446334740.

സിറ്റിംഗ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഇന്ന് (നവംബര്‍ 26) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

 

കേരളോത്സവം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 29, 30 തീയതികളില്‍ നടക്കും. കലാകായിക മത്സരങ്ങള്‍ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നടക്കുക. മത്സരാര്‍ഥികള്‍ക്ക് https://keralotsavam.com/ വെബ്സൈറ്റ് മുഖേനയോ പഞ്ചായത്ത് ഓഫീസില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2362037, 7012184622.

 

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

പൊതുവിഭാഗം (നീല, വെളള എന്‍.പി.എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്നും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി ഡിസംബര്‍ 10 വരെ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222212.

 

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസ്) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത- ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത- പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത- എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ റെഗുലര്‍/ പാര്‍ട്ട്‌ടൈം ബാച്ചുകള്‍. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 8304926081.

ലൈസന്‍സ് എടുക്കണം

വളളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാര-വ്യവസായ -വാണിജ്യ സ്ഥാപനങ്ങളും അപേക്ഷയും അനുബന്ധരേഖകളും ഓഫീസില്‍ സമര്‍പ്പിച്ച് ലൈസന്‍സ് എടുക്കണം. അനധികൃതമായി പ്രവര്‍ത്തിക്കുന്നവയ്‌ക്കെതിരെ പിഴഉള്‍പടെയുളള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350229.

 

റേഷന്‍കാര്‍ഡ് തരംമാറ്റം: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല കാര്‍ഡുകള്‍) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റുന്നതിനുളള അപേക്ഷ ഡിസംബര്‍ 10 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സിവില്‍ സപ്ലൈസ് വകുപ്പ് സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222612.

 

ഗതാഗത നിരോധനം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ കലശക്കുഴി പുളിച്ചിമത്തടം മെഡിക്കല്‍ കോളജ് റോഡില്‍ ടാറിംഗ് പുനരുദ്ധാരണ പ്രവൃത്തിക്കായി നവംബര്‍ 27,28,29 തീയതികളില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

 

തൊഴില്‍ മേള

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി യില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല്‍ തെറപ്പിയില്‍ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, ഗോള്‍ഡ് സ്മിത്ത് യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം പങ്കെടുക്കാം. ഫോണ്‍ : 0468-2222745, ഇ-മെയില്‍: [email protected]  

റാലി സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാന്‍ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയി’ ന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി എ.ഡി.എം ബി ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി റാലിക്ക് നേത്യത്വം നല്‍കി

error: Content is protected !!