റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
കാറ്ററിംഗ് യൂണിറ്റുകളിൽ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നോർത്ത് സോണിന്റെ കീഴിൽ വരുന്ന കോഴിക്കോട്, മലപ്പുറം കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് 21, 22, 23 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. ജില്ലകൾ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ച് ഭക്ഷ്യവിഷബാധയടക്കം പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. മറ്റ് മേഖലകളിലും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
24 സ്ഥാപനങ്ങളിൽ നിന്നും സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്കായി ലാബുകളിലേയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 40 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 6 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്പോർട്ട് ചെയ്യുന്ന രീതികൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കി.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഹിയറിംഗിന് ഹാജരാകാത്ത ആറ് ഉദ്യോഗസ്ഥർക്ക് സമൻസ്
ഹിയറിംഗിൽ ഹാജരാകാതിരുന്ന ആറ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും 2 വീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് സമൻസ്. ഇവർ ഡിസംബർ 11ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണം. ഹിയറിംഗിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ അംഗീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം അറിയിച്ചു. പകരക്കാരായി എത്തിയ 2 പേരെ തിരിച്ചയച്ചു. സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതുരേഖാ നിയമ പ്രകാരം 5 വർഷം വരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതുരേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്. വിവരാവകാശ അപേക്ഷ ലഭിക്കും വരെ ഓഫീസിൽ ഉണ്ടായിരുന്ന ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് മൊഴി ലഭിച്ചത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നൽകണമെന്നും കമ്മീഷൻ ഉത്തരവായി.
നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നൽകിയില്ല. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ പോലും കഴിയാത്തത്രയും നിരുത്തരവാദിത്തമാണ് നടക്കുന്നതെന്ന് ഹിയറിംഗ് വേളയിൽ കമ്മീഷൻ പരാമർശിച്ചു
മുനമ്പം- ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.
ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷൻ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ താമസക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും വൈപ്പിൻ എം എൽ എ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്. എൻ. ഡി. പി), പി.ജെ ജോസഫ് പ്രദേശവാസി) എന്നിവരും പങ്കെടുത്തു.
ചീഫ് വിജിലൻസ് ഓഫീസർമാരുടെ സമ്മേളനവും ബാഡ്ജ് ഓഫ് ഓണർ വിതരണവും
വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനം നവംബർ 27ന് വിജിലൻസ് ആസ്ഥാനത്തെ കബനി ഹാളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്വേഷണമികവ് തെളിയിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ബാഡ്ജ് ഓഫ് ഓണർ വിതരണം ചെയ്യും. ‘ചീഫ് വിജിലൻസ് ഓഫീസർമാരുടെ കടമകളും, കർത്തവ്യങ്ങളും, ഉത്തരവാദിത്തങ്ങളും’ എന്ന വിഷയത്തിൽ ഡി.ജി.പി. & ഡയറക്ടർ വി.എ.സി.ബി. യോഗേഷ് ഗുപ്ത സെഷൻ നയിക്കും. വിജിലൻസ് റിപ്പോർട്ടുകൾ തയ്യാറാക്കൽ, ചോദ്യോത്തര സെഷൻ, പ്രതിനിധികളുടെ അവലോകനം തുടങ്ങിയ സെഷനുകളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ചടങ്ങിൽ സന്നിഹിതയായിരിക്കും.
ഭരണഘടനാദിനാചരണം- ജസ്റ്റിസ് ജെ. ചെലമേശ്വർ മുഖ്യാതിഥി
സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിൻ കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ. ലോ കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭരണഘടനാദിനാചരണം ഗവ. ലോ കോളേജ് ഹാളിൽ നവംബർ 26ന് വൈകിട്ട് 4 മണിക്ക് നടക്കും. സുപ്രീകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ മുഖ്യതിഥിയാകുന്ന ചടങ്ങിൽ മന്ത്രിമാരായ എം.ബി. രാജേഷ്, ഒ.ആർ കേളു, അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ, ഡോ. എ. സമ്പത്ത്, ഡോ.രാജുനാരായണ സ്വാമി, എസ്.ആർ ശക്തിധരൻ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ ജസ്റ്റിസ് ജെ. ചെലമേശ്വർ ‘ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ നിയമ വാഴ്ചയും ഭരണഘടനാപരമായ ഭരണനിർവ്വഹണവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും തുടർ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. പരിപാടിയിൽ സാമൂഹ്യ-രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖർ പൊതു-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക-വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് നിയമങ്ങൾ നടപ്പിലാക്കണം: ചീഫ് സെക്രട്ടറി
നിയമങ്ങൾ നടപ്പിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ശ്രുതി ഹാളിൽ നിയമവകുപ്പ് സംഘടിപ്പിച്ച അഖിലകേരള ഭരണഘടനാപ്രസംഗ മത്സരമായ വാഗ്മി 2024 ന്റെ ഫൈനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
വിവിധ വ്യാഖ്യാനങ്ങളിൽ കൂടിയും ഭേദഗതികളിൽ കൂടിയും ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മൗലികാവകാശങ്ങളിൽ ഉൾപ്പെടെ വന്ന മാറ്റങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയണം. കേരളത്തെ ഏറ്റവും സ്വാധീനിച്ച തദ്ദേശഭരണ സംവിധാനവുമായി ബന്ധപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികൾ ഇതിനു മികച്ച ഉദാഹരണമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയും തത്വങ്ങളും അടിസ്ഥാനമാക്കിയാണ് നിയമനിർമാണവും ഭേദഗതികളും നടപ്പിലാക്കുന്നത്. നമ്മുടെ ഭരണ സംവിധാനങ്ങൾ നിലനിൽക്കുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണ്. എല്ലാവർക്കും ഒരുപോലെ സ്റ്റേറ്റിന്റെ വിഭവങ്ങളും സംരക്ഷണവും ലഭ്യമാകണം. സമൂഹത്തിലെ പാർശ്വവൽകൃതരെ പരിഗണിക്കാനും അവർക്കുവേണ്ടി നിയമത്തെ വ്യാഖ്യാനിക്കാനും കഴിയണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി നിയമ വകുപ്പിന്റെ ഔദ്യോഗികഭാഷാ പ്രസിദ്ധീകരണ വിഭാഗം ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ കോളജ് വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചത്. വാഗ്മി-2024 മേഖലാമത്സരങ്ങളിലെ വിജയികളായായ ഫൈനലിസ്റ്റുകൾക്ക് കേരള ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഭരണഘടനയുടെ പതിപ്പും സാക്ഷ്യപത്രവും മെമന്റോയും സമ്മാനിച്ചു.
നിയമ (ഭരണ) വകുപ്പ് അഡീഷണൽ നിയമസെക്രട്ടറി എൻ ജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമ സെക്രട്ടറി കെ ശശിധരൻ നായർ, ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ വിഭാഗം അഡീഷണൽ നിയമസെക്രട്ടറി ഷിബു തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.