Trending Now

മുപ്പതിലധികം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി

Spread the love

 

പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടി ബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസിധര (48)നാണ് അറസ്ററിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പന്തളം ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, ഏനാത്ത് എസ് എച്ച് ഒ അമൃത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

. കഴിഞ്ഞ 8 ന് രാത്രി പന്തളം കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബ്ബർ ഷീറ്റുകളും ആക്ടീവ സ്കൂട്ടറും കവർന്ന് പ്രതി കടന്നിരുന്നു.പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്.

തുടർന്ന്, പന്തളം പോലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തി സംശയമുള്ള നിരവധിപേരെ നിരീക്ഷിച്ചു .സ്ഥിരമായി ഈ രീതിയിൽ മോഷണം നടത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. മോഷ്ടാവ് തുളസി ആണെന്ന് താമസിയാതെ തിരിച്ചറിഞ്ഞു. ഓരോ മോഷണത്തിനുശേഷവും പോലീസ് തിരിച്ചറിയുന്ന സാഹചര്യത്തിൽ താമസിക്കുന്ന വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് വാടകയ്ക്ക് മാറുകയാണ് ഇയാളുടെ പതിവ്. മോഷണം നടത്തുന്ന സമയം പാന്റ് ആണ് ധരിക്കാറ്, ഷർട്ട്‌ ഇൻ ചെയ്താവും നടപ്പ്. മോഷ്ടാവിനെ നിരീക്ഷിച്ചു പിന്തുടർന്ന പോലീസ് സംഘം, ചുനക്കരയിൽ ഒളിച്ചു താമസിക്കുന്നതായി മനസ്സിലാക്കി. അന്വേഷണസംഘം ആ ഭാഗത്ത് തമ്പടിച്ച് ഇയാളുടെ നീക്കം നിരീക്ഷിച്ചു. പക്ഷെ പോലീസിന്റെ വലയിൽ കുരുങ്ങാതെ തുളസി വിദഗ്ദ്ധമായി അവിടുന്ന് കടന്നു.

പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇയാൾ ചുനക്കരയിൽ നിന്നും പത്തനാപുരത്തേക്ക് രക്ഷപ്പെടുന്നതിനിടയിൽ പോലീസിന്റെ വലയിലാവുകയായിരുന്നു. മോഷ്ടിച്ച സ്കൂട്ടറിൽ കവർന്നെടുത്ത റബ്ബർ ഷീറ്റുകൾ കിളിമാനൂരിൽ കൊണ്ടുപോയി അവിടുത്തെ കടയിൽ വിറ്റശേഷം തിരിച്ചുവരുമ്പോൾ വാളകത്തുവച്ച് സ്കൂട്ടർ കേടായി. അവിടെ വർക്ക്‌ ഷോപ്പിൽ കയറ്റി വണ്ടി നന്നാക്കി യാത്ര തുടർന്നുവരവേയാണ് പോലീസ് സംഘങ്ങളുടെ സംയുക്തനീക്കത്തിൽ കുടുങ്ങിയത്.പിന്നീട് ഇയാളെ ഷീറ്റ് വിറ്റ കടയിലും മറ്റും എത്തിച്ച് പന്തളം പോലീസ് തെളിവെടുപ്പ് നടത്തി അവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഇതുവരെ 10 കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പന്തളം പോലീസ് സ്റ്റേഷന് പുറമെ അടൂർ കൊടുമൺ നൂറനാട് കിളിമാനൂർ തുടങ്ങിയ സ്റ്റേഷനുകളിലും ഇയാൾക്ക് മോഷണ കേസുകൾ നിലവിലുണ്ട്.

error: Content is protected !!