Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 19/11/2024 )

ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായിഫയർ ആൻഡ് റസ്‌ക്യൂ സംഘം

konnivartha.com: ശബരിമലയിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.

ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്‌ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു.അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്‌ക്യൂ ഓഫീസർമാർ, ഒരു ഡ്രൈവർ, ഒരു സ്‌പെഷ്യൽ ഫയർ റസ്‌ക്യൂ ഓഫീസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായും ജോലിക്കുണ്ടാകും.

സന്നിധാനത്തെ സ്ട്രക്ചർ സർവീസ് ഉൾപ്പടെയുള്ള സഹായത്തിനായി 15 സിവിൽ ഡിഫൻഡ് വാളണ്ടിയേഴ്‌സിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൺട്രോൾ റൂം കൂടാതെ 8 ഫയർ സ്റ്റേഷൻ പോയിന്റുകളും ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

നടപ്പന്തൽ, മാളികപ്പുറം, ഭസ്മക്കുളം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർ പോയിന്റുകളായി പ്രവർത്തിക്കുന്നത്. ഓരോ ഫയർപോയിന്റിലും നാല് ജീവനക്കാരുടെ സേവനവും ഏർപ്പെടുത്തിയിരിക്കുന്നു. അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഡിമോളിഷിങ് കട്ടർ, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ് തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാണ്. സ്ട്രക്ചർ സർവീസിന് സഹായവുമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സന്നിധാനത്ത് സജീവമാണ്.

സന്നിധാനത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അയ്യപ്പഭക്തനെ എൻ.ഡി.ആർ.എഫ് സംഘം സ്ട്രക്ചറിൽ കൊണ്ടുപോകുന്നു

ശബരിമല ക്ഷേത്ര സമയങ്ങൾ

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതൽ
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

സന്നിധാനത്ത്  നടന്ന കളഭം എഴുന്നള്ളത്ത്

തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

konnivartha.com:ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്.

 

ആധാർകാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും

. നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർകാർഡിന്റെ കോപ്പി, വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പി.ഡി.എഫ് എന്നിവ കരുതണം.

 

സന്നിധാനത്തുൾപ്പടെ തീർഥാടകരുടെ സുരക്ഷയ്ക്കായി പൊലീസിന്റെ പ്രത്യേക സംഘം-സന്നിധാനം സ്‌പെഷ്യൽ ഓഫീസർ

konnivartha.com/ശബരിമല: തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പോലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ കെ.ഇ.ബൈജൂ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പോലീസ് സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.

പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെയുള്ള ഭാഗത്ത് പോലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.

മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പോലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പോലീസ് സ്റ്റേഷനിൽ ഉണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്ന ചുമതല ഇപ്പോൾ സെപഷ്യൽ ഓഫീസർക്കാണ്

പതിനെട്ടാംപടിയിലെ മാറ്റങ്ങൾ

തന്ത്രിമാരുടെ ഉപദേശമുൾപ്പടെ തേടി ദേവസ്വം ബോർഡ് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം വരുത്തിയ മാറ്റങ്ങൾ ഇത്തവണ ഏറെ ഗുണം ചെയ്തതായി സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു. 45 പോലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തിൽ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതൽ ഭക്തരെ ഒരേ സമയം പടി കയറ്റി വിടാനാകുന്നുണ്ട്. മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പോലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാനെങ്കിൽ ഇപ്പോൾ രണ്ടു കൈ കൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു.

ഭക്തരുടെ പ്രദക്ഷിണ വഴിയിൽ തടസ്സം ഉണ്ടാക്കില്ല

സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ല. വി.ഐ.പി.കൾ അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്ക്ക് സമാന്തരമായി മാത്രമേ ദർശന സൗകര്യമൊരുക്കുകയുള്ളൂ.

ഭക്തരെ സഹായിക്കാൻ വൻ പോലീസ് സംഘം

അയ്യപ്പ ഭക്തരെ സഹായിക്കാനും സുരക്ഷയൊരുക്കാനുമായി സന്നിധാനത്ത് പ്രവർത്തിക്കുന്നത് വൻ പോലീസ് സംഘം.ശബരിമല സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു അഡീഷണൽ എസ്.പി., ഒരു എ.എസ്. ഒ. എട്ട് ഡിവൈ.എസ്.പി.മാർ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. 11 സർക്കിൾ ഇൻസ്‌പെക്ടർ മാർ , 33 സബ് ഇൻസ്‌പെക്ടർമാർ,980 പോലീസുകൾ എന്നിവരും സംഘത്തിലുണ്ട്.കൂടാതെ ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, സായുധ കമാൻഡർമാർ, എൻ.ഡി.ആർ.എഫ്. , ദ്രുതകർമ്മസേന തുടങ്ങിയവയും പ്രവർത്തിക്കുന്നു.

 

error: Content is protected !!