konnivartha.com/ കോന്നി :കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ പട്ടയ അദാലത്ത് തണ്ണിത്തോട് മൂഴി എസ്എൻഡിപി ഹാളിൽ നവംബർ 19 ചൊവ്വാഴ്ച രാവിലെ 10.30 ന് ചേരുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അദാലത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടിയിൽ പ്രതിനിധികൾ,വ്യാപാരി- വ്യവസായിസംഘടനാ പ്രതിനിധികൾ, വിവിധ സാമുദായിക സംഘടന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലിയിൽ വിതരണം ചെയ്ത അപേക്ഷാഫോറം ഭൂമി കൈവശക്കാർ പൂരിപ്പിച്ച് അദാലത്തിൽ സമർപ്പിക്കണം.പട്ടയം നൽകുന്ന നടപടികളുടെ ഭാഗമായി ഡിജിറ്റൽ സർവേ തണ്ണിത്തോട് വില്ലേജിൽ പൂർത്തീകരിക്കും.ഡിജിറ്റൽ സർവേയുടെയുടെ ഭാഗമായി തണ്ണിത്തോട് വില്ലേജിലെ എല്ലാ സർവേ നമ്പറുകളിലെ ഭൂമിയും സർവേ ചെയ്യും.
യോഗത്തിൽ ഡിജിറ്റൽ സർവേ ചെയ്ത ഭൂമിയുടെ വിശദാംശങ്ങളും പരിശോധിക്കും. ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടില്ലാത്ത കൈവശക്കാരുടെ ഭൂമിയിൽ സർവ്വേ നടത്തുന്നതിന് ആവശ്യമായ നടപടികളും തണ്ണിത്തോട് നടക്കുന്ന റവന്യൂ, ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അദാലത്തിൽ തീരുമാനിക്കും.
നിയോജക മണ്ഡലത്തിലെ ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തുന്നതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു.പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത് പ്രസിഡന്റ്മാർക്കും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും നൽകിയിരുന്നു.
പട്ടയം ലഭിക്കാനുള്ളവരുടെ വിവര ശേഖരണവും അപേക്ഷ സ്വീകരിക്കലും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കോന്നി മണ്ഡലം പട്ടയം അസംബ്ലിയിൽ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകിയിരുന്നു.
കോന്നി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സെപ്റ്റംബർ മാസം സെക്രട്ടറിയേറ്റിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചിരുന്നു.
അരുവാപുലം, കലഞ്ഞൂർ,കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായും മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തിയിരുന്നു.
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്.മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.