konnivartha.com: ചിറ്റാർ ഗവൺമെൻറ് എൽപി സ്കൂളിന് 2നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ 5500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം ഉയരുന്നു.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണ ചുമതല. 18 മാസ കാലാവധിയ്ക്കള്ളിൽ നിർമ്മാണം പൂർത്തിയാക്കുവാനായുള്ള പണികൾ പുരോഗമിക്കകയാണ്.കൂത്താട്ടുകുളം എൽപി സ്കൂളെന്നും കൊച്ചു സ്കുളെന്നും അറിയപ്പെടുന്ന ചിറ്റാർ ഗവൺമെൻ്റ് മോഡൽ എൽപി സ്കൂൾ 1942ൽ സ്ഥാപിതമായ ചിറ്റാറിലെ ആദ്യ വിദ്യാലയമാണ്.
ചിറ്റാറിനു പുറമെ സീതത്തോട്, ആങ്ങമൂഴി, തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിള്ളിൽനിന്നുള്ളവർക്ക് വിദ്യാഭ്യാസം നല്കിയ ചരിത്രം ഈ സ്കൂളിനുണ്ട്.8 ക്ലാസ് മുറികളും സ്റ്റാഫ് റൂമും ശുചി മുറിയുമുള്ള 5500 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കെട്ടിടമാണ് സ്കുളിനായി ഒരുങ്ങുന്നത്.
ശനിയാഴ്ച്ച സ്കൂളിലെത്തിയ എംഎൽഎ അഡ്വ.കെ യു ജനീഷ് കുമാർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.ചിറ്റാർ പഞ്ചായത്ത് പ്രസിഡൻ്റ് എ ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിമോഹൻ, പഞ്ചായത്തംഗങ്ങളായ
രവി കണ്ടത്തിൽ, ആദർശവർമ്മ, പ്രധാന അധ്യാപകൻ ബിജു തോമസ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി മുരളീധരൻ, ടി കെ സജി എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.
കരിങ്കല്ലിൽ ചുവര് തീർത്ത് ഓടുപാകിയ മൂന്നു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ആവശ്യത്തിന് കളിസ്ഥലം ഇല്ല എന്ന ഒരു പോരായ്മയാണ് സ്കൂളിനുള്ളത്.പുതിയ കെട്ടിടം പണി പൂർത്തിയാകുന്നതോടെ ആ പ്രശ്നത്തിന് പരിഹാരവുമാകും.
പുതിയ കെട്ടിടം വരുമ്പോൾ പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ട സാഹചര്യം വരും. ആ ഭാഗം കെട്ടി ഉയർത്തി മണ്ണിട്ട് നിരപ്പാക്കുന്നതോടെ ആവശ്യത്തിന് കളിസ്ഥലവുമാകും.
എല്ലാ വർഷവും ഒന്നാം ക്ലാസിലേക്ക് പ്രവേശനം ആരംഭിച്ച് കഴിഞ്ഞാൽ ആവശ്യത്തിന് വിദ്യാർത്ഥികൾ എത്തുന്നതോടെ ഏതാനും ദിവസത്തിനുള്ളിൽ അഡ്മിഷൻ ക്ലോസ് ചെയ്യുന്ന പ്രത്യേകതയുള്ള സ്കൂളാണിത് മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി 300 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.കൂടാതെപ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.