Trending Now

മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും

 

konnivartha.com: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട (നവംബർ 15) തുറക്കും.വൈകിട്ട് അഞ്ച് മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്.

ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിം​ഗ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിം​ഗ് കഴിഞ്ഞിട്ടുണ്ട്. ഇനി 30-ാം തിയതി ഉച്ചക്ക് ശേഷമുള്ള കുറച്ച് സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് ബുക്കിം​ഗ് ആയിരിക്കും. സ്പോട് ബുക്കിം​ഗിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും.

മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നു പൊലീസ് അറിയിച്ചു. വൃശ്ചിക മാസം 1 ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് നട തുറക്കുക.

ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിന്റെ ഭാ​ഗമായി 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര മാറ്റിവച്ചാൽ ബുക്കിം​ഗ് റദ്ദാക്കണം. അങ്ങനെ വരുന്ന അവസരത്തിൽ സ്പോട്ട് ബുക്കിം​ഗിലേക്ക് മാറ്റണം. റദ്ദാക്കിയില്ലെങ്കിൽ പിന്നീട് അവസരം ലഭിക്കില്ല. സ്പോട്ട് ബുക്കിം​ഗിനുവേണ്ടി ആധാറോ പകർപ്പോ ഹാജരാക്കേണ്ടതാണ്. ഇനി ആധാർ ഇല്ലെങ്കിൽ വോട്ടർ ഐഡിയോ പാസ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ബുക്കിം​ഗ് സാധ്യമാകുകയുള്ളൂ. ഇതിനായി പമ്പയിൽ 7 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.

error: Content is protected !!