konnivartha.com: ജനറൽ വിഭാഗം ഓവറോൾ കിരീടം ഇതിലൂടെ കോന്നിക്ക് സ്വന്തമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 150 ഓളം കുട്ടികൾ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 196 പോയിൻ്റുകളോടെ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ 222 പോയിൻറുകളോടെ ഒന്നാം സ്ഥാനവും,അറബിക് വിഭാഗത്തിൽ അപ്പർ പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങളിൽ നേടിയ ഒന്നാം സ്ഥാനവുമാണ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിനെ ഓവറോൾ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.
കലോത്സവ ഇനങ്ങളിൽ ഈ വർഷം മുതൽ നടപ്പിലാക്കിയ അഞ്ച് ഗോത്ര വിഭാഗ കലകളിൽ മലയപ്പുലയാട്ടം, മംഗലംകളി മുതലായ ഇനങ്ങളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് സദസ്സിൻ്റെ ആദരവ് നേടിയെടുക്കാനും മത്സരാർഥികൾക്കായി. ഏറെ വൈകിയും സ്കൂളിൽ തങ്ങി കുട്ടികളെ പരിശീലിപ്പിച്ച രക്ഷകർത്താക്കളും,അധ്യാപകരും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നതായി സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ്മിസ്ട്രസ്സ് എസ് എം ജമീലാ ബീവി എന്നിവർ അറിയിച്ചു. വിജയികളെ സ്കൂളിൻ്റെ നേതൃത്വത്തിൽ പ്രത്യേകമായി അനുമോദിക്കുകയും ചെയ്തു. സംസ്ഥാന സ്കൂൾ കായികമേളയിലും, സംസ്ഥാന ശാസ്ത്ര മേളയിലും ജില്ലയെ പ്രതിനിധീകരിച്ച് ധാരാളം കുട്ടികളെ ഈ വർഷം പങ്കെടുപ്പിക്കാനായി എന്ന നേട്ടവും ഈ വിജയം ഇരട്ടി മധുരമുള്ളതാക്കുന്നതായി സ്കൂൾ പി ടി എ പ്രസിഡൻ്റ് എൻ അനിൽകുമാർ പറഞ്ഞു.