
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന അനുഭവം സുഗമമാക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിര്‍മ്മിക്കുന്ന ”സ്വാമി ചാറ്റ് ബോട്ട് ” എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.
നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തര്‍ക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, ഫോറെസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകും.
ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തര്‍ക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.