Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (06/11/2024)

വിവരാവകാശത്തിന്റെ ചിറകരിയരുത് – കമ്മിഷണര്‍

രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ജനപക്ഷ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ചിന്തിക്കുന്നവര്‍ മലയാളത്തിലാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നും ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. സബ് കലക്ടര്‍ സുമീത് കുമാര്‍ ഠാക്കൂര്‍, എ. ഡി. എം ബീന എസ്. ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി. ജ്യോതി, ജേക്കബ് ടി. ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഭാഷാ വാരാഘോഷത്തിന് (നവംബര്‍ 7) സമാപനം

ഒരാഴ്ചയായി തുടരുന്ന ഭരണഭാഷാ വാരാഘോഷത്തിന് (നവംബര്‍ 7) സമാപനം. കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ ആലപ്പുഴ എസ്. ഡി. കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്. സജിത്ത് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പ്രശ്‌നോത്തരി മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം. സമാപന സമ്മേളനം ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ അധ്യക്ഷനാകും. എ ഡി. എം. ബീന എസ്. ഹനീഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശ്‌നോത്തരി വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനം നല്‍കും.

 

ലേലം എട്ടിന്

കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 14-ാം നമ്പര്‍ കടമുറിയുടെയും ജനറല്‍ വിഭാഗക്കാര്‍ക്കുളള ആറാം നമ്പര്‍ കടമുറിയുടെയും ലേലം നവംബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0469 2677237.

 

ഇലന്തൂരില്‍ ഡബിള്‍ ചേംമ്പേര്‍ഡ് ഇന്‍സിനറേറ്റര്‍ പദ്ധതി വരുന്നു

ഡബിള്‍ ചേംമ്പേര്‍ഡ് ഇന്‍സിനറേറ്റര്‍ പദ്ധതി ഇലന്തൂരില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കും. സാനിട്ടറി വേസ്റ്റ്, ബയോ മെഡിക്കല്‍ വേസ്റ്റ്, ബേബി കെയര്‍- അഡല്‍റ്റ് ഡയപ്പേഴ്സ് എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാനുളള പദ്ധതിയാണിത്. ആലോചനായോഗം പ്രസിഡന്റ് ജെ ഇന്ദിരാ ദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പഞ്ചായത്ത് പരിധിയില്‍ സാനിട്ടറി മാലിന്യ സംസ്‌കരണത്തിന് ഏറെ സഹായകരമാകും പുതുസംരംഭമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുളള സംഘം പദ്ധതിരൂപരേഖ വിലയിരുത്തി. സാനിട്ടറി പാര്‍ക്ക് സ്ഥാപിക്കുന്നതും പരിഗണനയിലാണ്.

റോഡുകള്‍ നവീകരിക്കണം; താലൂക്ക് വികസന സമിതി

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ റോഡുകള്‍ നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബാന്‍ മേല്‍പാലം, സുബല പാര്‍ക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശിച്ചു. പമ്പാനദിയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പമ്പാനദി മാലിന്യമുക്തമാക്കണം എന്ന ആവശ്യവും ഉയര്‍ന്നു. താലൂക്ക് വികസന സമിതി അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

യുവജന കമ്മീഷന്‍ അദാലത്ത് 7 ന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ നവംബര്‍ ഏഴിന് രാവിലെ 11 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തുന്നു. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് പരാതി സമര്‍പ്പിക്കാം. ഫോണ്‍ : 0471- 2308630.

ഉപന്യാസ രചനാമത്സരം-രചനകള്‍ ക്ഷണിച്ചു

ശിശുദിന വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍- ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു. ‘പ്രകൃതിദുരന്തങ്ങളും കുട്ടികളും’ വിഷയത്തെ ആസ്പദമാക്കിയുളള ഒന്നര പുറത്തില്‍ കവിയാത്ത രചനകള്‍ ജില്ലയിലെ കുട്ടികളില്‍ നിന്ന് ക്ഷണിച്ചു.
നിബന്ധനകള്‍
• 10 വയസ് മുതല്‍ 14 വയസുവരെയും 15 വയസ് മുതല്‍ 18 വയസുവരെയും രണ്ടുവിഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ജില്ലയിലെ ഏതൊരു കുട്ടിക്കും പങ്കെടുക്കാം.
• രചനകള്‍ പൂര്‍ണമായും വിഷയത്തെ ആസ്പദമാക്കിയുളളതായിരിക്കണം.
• രചനകള്‍ പുതിയതും മത്സരത്തിനായി കുട്ടികള്‍ സ്വയം തയ്യാറാക്കിയിട്ടുളളതുമായിരിക്കണം.
• മലയാളരചനകള്‍ മാത്രം
• ഇരുവിഭാഗത്തിലുമുളള മികച്ച രചനകള്‍ക്ക് സമ്മാനം (ഒന്ന്, രണ്ട് , മൂന്ന് ) ഉണ്ടാകും.
• രചയിതാവിന്റെ വിവരങ്ങള്‍ ( കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.)
• അപൂര്‍ണ്ണ രചനകളും വ്യക്തിവിവരങ്ങള്‍ കൃത്യമല്ലാത്തവയും നിരസിക്കും.
പൂര്‍ണമായ രചനകള്‍ തപാല്‍ മുഖേനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനിസിവില്‍ സ്റ്റേഷന്‍, ആറ•ുള, പത്തനംതിട്ട-689533 വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി നവംബര്‍ 16. ഫോണ്‍ :0468-2319998.

 

പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന് പത്തുകോടി രൂപയും കോന്നി നിയോജകമണ്ഡലത്തിലെ മാങ്കാട്- കുന്നിട റോഡിന് 10.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കോന്നി മണ്ഡലത്തിലെ വയ്യാറ്റുപുഴ- തേരകത്തുമണ്ണ്- മണിപ്ലാവ്- നീലിപ്പിലാവ്- ചിറ്റാര്‍ ഓള്‍ഡ് ബസ് സ്റ്റാന്‍ഡ്- ഫോറസ്റ്റ് ഡിപ്പോ- മണക്കയം ചിറ്റാര്‍ ടൗണ്‍ റോഡ്- ഹിന്ദി മുക്ക്- താഴേപാമ്പിനി- ചിറ്റാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡ് 1.1 കിലോമീറ്റര്‍ ബിഎംബിസി നിലവാരത്തില്‍ പണിയുന്നതിനും 7 കിലോമീറ്റര്‍ 20 എംഎം സിസി ഓവര്‍ലേ ചെയ്യുന്നതിനുമായി 6.7 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

എല്ലാ പ്രതിസന്ധികള്‍ക്ക് ഇടയിലും പശ്ചാത്തല വികസനം സാധ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി റോഡുകളുടെ നിലവാരം ഉയര്‍ത്തും. ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടി ചേര്‍ത്തു.

 

തീയതി നീട്ടി

കേന്ദ്ര/കേരള സര്‍ക്കാര്‍ എന്‍ട്രന്‍സ് മുഖേന സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ എംബിബിഎസ്, ബിടെക് തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് ഒന്നാംവര്‍ഷം പ്രവേശനം ലഭിച്ച കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാനുളള തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍ : 0469 2603074.

 

ടെന്‍ഡര്‍

പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19. ഇ-മെയില്‍ : [email protected].

error: Content is protected !!