Trending Now

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 31/10/2024 )

ഗവർണറുടെ ദീപാവലി ആശംസ
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപാവലി ആശംസകൾ നേർന്നു. ”ആഘോഷത്തിന്റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്‌നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെ”. – ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.

 

 

തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാൻ ചുമതലയേറ്റു

തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് പി. ഡി. രാജൻ ചുമതലയേറ്റു. സെക്രട്ടേറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും സാന്നിധ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ അലക്‌സാണ്ടർ തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ്

തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ/ടെലികോം പെൻഷൻകാർക്കായി ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന പെൻഷൻകാർക്ക് ക്യാമ്പിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. പത്ത് മണി മുതലാണ് ക്യാമ്പ്. നവംബർ 5ന് തൃശൂരിലെ ബി.എസ്.എൻ.എൽ സഞ്ചാർ ഭവനിലും നവംബർ 11ന് കണ്ണൂരിലെ ജി.എം.ടി ബി.എസ്.എൻ.എൽ ഭവനിലും നവംബർ 12ന് എറണാകുളത്തെ പി ജി എം ടി ബി.എസ്.എൻഎല്ലിലും നവംബർ 13ന് കോട്ടയം പി ജി എം, ബി.എസ്.എൻ.എല്ലിലും നവംബർ ഒന്നു മുതൽ 30 വരെ (ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ) തിരുവനന്തപുരം ദൂർസഞ്ചാർ ഭവനിലുമാണ് ക്യാമ്പ് നടക്കുക. വിശദവിവരങ്ങൾക്ക്: https://cgca.gov.in/ccakrl

നാഷണൽ സർവീസ് സ്കീം ചരിത്രത്തോടും വർത്തമാനത്തോടും നീതി പുലർത്തുന്നു: മുഖ്യമന്ത്രി:പുരസ്കാര വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ചരിത്രത്തോടും വർത്തമാനത്തോടും നീതി പുലർത്താൻ നാഷണൽ സർവീസ് സകീമിനു കഴിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല എൻഎസ്എസ് പുരസ്കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 37 സർവകലാശാലകളിൽ 40000 വോണ്ടിയർമാരുമായി പ്രവർത്തനമാരംഭിച്ച എൻഎസ്എസ് ഇന്ന് 40 ലക്ഷത്തോളം വോളണ്ടിയർമാർ ഉൾപ്പെടുന്ന സന്നദ്ധ സംഘടനയായി മാറി. നവോത്ഥാന മൂല്യങ്ങളടക്കം പിൻതുടരുന്ന പുരോഗമനപരമായ നിലപാടിലൂടെയാണ് എൻഎസ്എസ് മുന്നോട്ട് പോകുന്നത്. മതനിരപേക്ഷതയുടെ മാതൃകയായ നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും യാതൊരുവിധ വിവേചനങ്ങളുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. നാഷണൽ സർവീസ് സ്കീമിന്റെ സ്വാഗതഗാനത്തിലെ മനസ്സു നന്നാകട്ടെ എന്നു തുടങ്ങുന്ന വരികളും ഇതേ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നു. വിഷലിപ്തമായ ആശയങ്ങൾ നമ്മുടെ മനസിലേക്ക് കയറാതെ മാതൃകാപരമായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും തലമുറയെ നയിക്കാനും നാഷണൽ സർവീസ് സ്കീമിന് കഴിയുന്നു.

ഇന്ന് മാലിന്യ നിർമ്മാർജ്ജനത്തിലും ശുചീകരണ പ്രവർത്തനങ്ങളുമായുള്ള വിവിധ പരിപാടികൾ എൻഎസ്എസിന് സംസ്ഥാന വ്യാപകമായി വിജയകരമായി പൂർത്തിയാക്കൻ സാധിച്ചു എന്നത് അഭിമാനകരമാണ്. സഹപാഠികളുടെ അവസ്ഥകൾ പരിഗണിക്കുകയും അവരുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്യുന്ന വോളണ്ടിയർമാരാണ് എൻഎസ്എസിന്റെ ഭാഗമായുള്ളത്. സമൂഹത്തിന്റെ പിന്തുണയോടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ പതിനായിരത്തോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം ബ്ലഡ് യൂണിറ്റുകൾ സംഭാവന ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങൾ, ആദിവാസി സംരക്ഷണ കേന്ദ്രങ്ങൾ, കരിയർ ഡെവലപ്മെന്റ് പരിപാടികൾ, പച്ചക്കറിത്തോട്ടങ്ങൾ, വയോജന സംരക്ഷണ പരിപാടികൾ തുടങ്ങിയ നിരവധി പരിപാടികൾ എൻഎസ്എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നു. ഇതിനെ പ്രോൽസാഹിപ്പിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അരക്കോടിയിലധികം രൂപ ബജറ്റിൽ എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി വകയിരുത്തിയതും നാല് വർഷ ബിരുദ കോഴ്സുകളുടെ പാഠ്യപദ്ധതിയിൽ നാഷണൽ സർവ്വീസ് സ്കീം സേവനങ്ങൾ ഉൾപ്പെടുത്തിയതും ഇതിനുദാഹരണങ്ങളാണ്. ചൂരൽമല ദുരന്തത്തിലടക്കമുള്ള പ്രതിസന്ധികളിൽ നാഷണൽ സർവീസ് സ്കീം നടത്തിയ പ്രവർത്തനങ്ങളും ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്.

വിദ്യാർഥി കാലഘട്ടങ്ങളിൽ വോളണ്ടിയർമാർ കാട്ടുന്ന സന്നദ്ധതയും നൻമയും സ്നേഹവും തുടർന്നുള്ള ജീവിത ഘട്ടങ്ങളിലും ആവർത്തിക്കാൻ കഴിയണം. മാതൃകാപരമായ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അവാർഡ് ജേതാക്കളായവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ ആസാദ് സേന രൂപീകരിച്ചും സാമൂഹിക നീതി വകുപ്പിന്റെ വയോജന പരിപാടികളിലടക്കം സഹകരിച്ചും വൈവിധ്യമാർന്ന പദ്ധതികളിലൂടെ എൻ എസ് എസ് മാതൃക തീർക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. യുവാക്കളുടെ കർമശേഷി രാഷ്ട്ര പുനർനിർമാണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് എൻ എസ് എസ് രൂപീകരണത്തിന് കാരണമായത്. ഇന്ന് സംസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത ചരിത്രം നാഷണൽ സർവീസ് സ്‌കീം സൃഷ്ടിക്കുന്നു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഉദ്യാനങ്ങളാക്കി മാറ്റിയ സ്‌നേഹാരാമം പദ്ധതി വിജയകരമായി പൂർത്തിയാക്കി സംസ്ഥാനത്തെ മൂന്നര ലക്ഷം വരുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയമാർ നടത്തുന്ന പ്രവർത്തനങ്ങളാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

2022 – 23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. മികച്ച സ്‌നേഹാരാമങ്ങൾ നിർമിച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. പ്രശാന്ത് എം എൽ എ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസർ ആർ എൻ, എൻ എസ് എസ് റീജീയണൽ ഡയറക്ടർ പി എൻ സന്തോഷ്, കാലിക്കറ്റ് സർവകലാശാല ഇ ടി ഐ ട്രെയിനിംഗ് കോർഡിനേറ്റർ ഡോ. സണ്ണി എൻ എം, കേരള സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഷാജി എ തുടങ്ങിയവർ സംബന്ധിച്ചു.

മോട്ടോസ്റ്റുഡന്റ് സീസൺ 3: ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിന് നേട്ടം

ഫ്രറ്റേർണിറ്റി ഓഫ് മെക്കാനിക്കൽ ആൻഡ് ഓട്ടോമോട്ടീവ് എൻജിനിയേഴ്സ് ഒക്ടോബർ 18 മുതൽ 25 വരെ നടത്തിയ മോട്ടോസ്റ്റുഡന്റ് സീസൺ 3 മത്സരത്തിൽ പാപ്പനംകോട് ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിലെ ഓട്ടോമൊബൈൽ വിദ്യാർഥികൾ (ടീം വെലോസ്റ്റേർസ്) രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഡിസൈൻ, ഫാബ്രിക്കേഷൻ, റേസ് ബൈക്കുകളുടെ ടെസ്റ്റിങ്ങും മാർക്കറ്റിങ്ങും തുടങ്ങിയവയാണ് വെലോസ്റ്റേർസ് ടീം ചെയ്തത്. ബ്രേക്ക് ടെസ്റ്റ്, ആക്സെലറേഷൻ ടെസ്റ്റ്, എൻഡുറൻസ് റേസ്, സ്തെറ്റിക്ക്സ് എന്നീ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും ഓട്ടോക്രോസ് എന്ന വിഭാഗത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് ഓവറോൾ റണ്ണറപ്പായത്.

1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം നവംബർ 5ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/462/2024-ഫിൻ. തിയതി 30.10.2024) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.

വിലനിലവാര സൂചിക

എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2024 ഓഗസ്റ്റ് മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2024 ജൂലൈ മാസത്തിലേത് ബ്രാക്കറ്റിൽ.

തിരുവനന്തപുരം 207 (208), കൊല്ലം 205 (207), പുനലൂർ 201 (203), പത്തനംതിട്ട 220 (219), ആലപ്പുഴ 208 (210), കോട്ടയം 215 (215), മുണ്ടക്കയം 212 (211), ഇടുക്കി 210 (212), എറണാകുളം 202 (202), ചാലക്കുടി 220 (221), തൃശൂർ 215 (216), പാലക്കാട് 197 (198), മലപ്പുറം 211 (210), കോഴിക്കോട് 215 (217), വയനാട് 208 (209), കണ്ണൂർ 219 (219), കാസർഗോഡ് 225 (225).

ശാസ്ത്രീയ മാലിന്യനിർമാർജനമാർഗങ്ങൾ പിൻതുടരണം: മലിനീകരണ നിയന്ത്രണ ബോർഡ്

മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് അംഗീകൃത ഏജൻസികൾ മുഖാന്തിരം ശാസ്ത്രീയമായി നിർമാർജനം ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. 2016ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങൾ, ഖര മാലിന്യ പരിപാലന ചട്ടങ്ങൾ എന്നിവ പ്രകാരമാണ് അറിയിപ്പ്.

2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ ഷെഡ്യൂൾ II (സി) യിൽ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ടു അറകൾ ഉള്ളതും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോട് കൂടിയതുമായ ഇൻസിനറേറ്ററുകളും സാനിറ്ററി മാലിന്യം കത്തിക്കുന്നതിനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗരേഖ പ്രകാരമുള്ള ഇൻസിനറേറ്ററുകളുമാണ് നിലവിൽ അനുവദീയമായിട്ടുള്ളത്. ഇതിന് വിരുദ്ധമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം കത്തിക്കാം എന്ന് അവകാശപ്പെട്ട് ചില ഉപകരണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത് നിയമവിരുദ്ധമാണെന്നും ഇപ്രകാരം അശാസ്ത്രീയമായി മാലിന്യം കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു.

സ്‌ട്രേ വേക്കൻസിഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2024-25 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്.

സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ നവംബർ 5 വൈകുന്നേരം നാലു മണിക്ക് മുമ്പ് പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300

പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസരം

2024-25 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31 രാത്രി 11.59 വരെ ലഭ്യമാണ്.

മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. KEAM 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യ ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്.

എല്ലാ വിദ്യാർത്ഥികളും പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് 26.03.2024 ലെ വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകൾ, അക്കാദമിക് യോഗ്യതകൾ, സമർപ്പിക്കേണ്ട രേഖകൾ തുടങ്ങിയവയും www.www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സർക്കാർ അംഗീകൃത പ്രോസ്പെക്ടസും പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300

 

error: Content is protected !!