ഇൻഷുറൻസ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ: ധാരണാപത്രം ഇന്ന് (ബുധൻ) ഒപ്പിടും
സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ബുധനാഴ്ച (ഒക്ടോബർ 30) ഒപ്പിടും. പകൽ 11ന് സെക്രട്ടറിയറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരും പങ്കെടുക്കും.
ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വർഷത്തിനുള്ളിൽ ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക് 50 ശതമാനവും, പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക് 70 ശതമാനവും പ്രീമിയം തുക സർക്കാർ സബ്‌സിഡി നൽകും. യുണൈറ്റഡ് ഇൻഷുറൻസ് കമ്പിനി വഴി നടപ്പാക്കുന്ന പദ്ധതിയിൽ ഒരുവർഷ ഇൻഷുറൻസ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
പദ്ധതിയിൽ കർഷകർക്കുള്ള പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കർഷകന് ലഭിക്കുന്ന പേർസണൽ ആക്സിഡന്റൽ ഇൻഷുറൻസ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ് കർഷകൻ നൽകേണ്ടത്. പദ്ധതിയിൽ കർഷകർക്കുള്ള പേർസണൽ ആക്സിഡന്റ് ഇൻഷുറൻസ് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കർഷകന് ലഭിക്കുന്ന പേർസണൽ ആക്സിഡന്റൽ ഇൻഷുറൻസ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ് കർഷകൻ നൽകേണ്ടത്.
മസ്റ്ററിങ് നടത്തണം
സംസ്ഥാന ട്രഷറികൾ മുഖേനയും ട്രഷറികളിൽ നിന്നും വിവിധ ബാങ്കുകൾ മുഖേനയും പെൻഷൻ വാങ്ങുന്ന, 2024 വർഷത്തിൽ മസ്റ്ററിങ് നടത്താത്ത പെൻഷൻകാർ, നവംബർ 30ന് മുമ്പായി അടുത്തുള്ള ട്രഷറിയിൽ വാർഷിക മസ്റ്ററിങ് നടത്തി തുടർ പെൻഷൻ ലഭ്യത ഉറപ്പ് വരുത്തണം.
പി.ജി. ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: 31 വരെ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാം
2024-25 അധ്യയന വർഷത്തെ പി.ജി.ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വൈകിട്ട് 5 മണിവരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
പ്രൊഫൈൽ പരിശോധിക്കാൻ അവസരം
2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി നവംബർ 1ന് ഉച്ചയ്ക്ക് 12 മണിവരെയായി ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300.
സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരിശീലനം
ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ നവംബർ 16നാണ് പരിശീലനം നൽകുന്നത്. നവംബർ 14നകം 8714259111, 0471-2320101 എന്നീ നമ്പറുകളിൽ വിളിച്ചോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യാം.
2024-ലെ ഭരണഭാഷാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:മികച്ച ജില്ല പത്തനംതിട്ട
മികച്ച വകുപ്പ് ഹോമിയോപ്പതി വകുപ്പ്
ഭരണത്തിന്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷാമാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വകുപ്പായി തിരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതിവകുപ്പാണ്. മികച്ച ജില്ല പത്തനംതിട്ട ജില്ലയാണ്.
ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്ക്കാരം ക്ലാസ് I വിഭാഗത്തിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കെ.കെ.സുബൈർ അർഹനായി. ക്ലാസ് II വിഭാഗത്തിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ (ഹോമിയോപ്പതി) സീനിയർ സൂപ്രണ്ടായ വിദ്യ പി.കെ, ജഗദീശൻ സി. (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, സബ് റീജിയണൽ സ്റ്റോർ, പടിഞ്ഞാറത്തറ, കെ.എസ്.ഇ.ബി ലിമിറ്റഡ്, വയനാട് എന്നിവരും, ക്ലാസ് III വിഭാഗത്തിൽ കോഴിക്കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ ക്ലാർക്കായ കണ്ണൻ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ പി.ബി.സിന്ധു എന്നിവരും, ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ) വിഭാഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റിലെ യു.ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എൽ., തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ്.ആർ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സർവകലാശാലയിലെ പ്രൊഫസർ ആൻഡ് ഹെഡ് ആയ ഡോ. സീമാജെറോം അർഹയായി. നവംബർ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
വായ്പാ വിതരണം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിൽ അനുവദിച്ച വിവിധ വായ്പകളുടെ വിതരണം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ സി.ഡി.എസ് 1ന് അനുവദിച്ച 1.01 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ, 2.51 കോടി രൂപയുടെ വിവിധ വായ്പകൾ എന്നിവയുടെ വിതരണം മന്ത്രി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ നിർവഹിച്ചു. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് പങ്കെടുത്തു
16.65 ലക്ഷം രൂപയുടെ വായ്പാ ഇളവ് നൽകി
പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ സാന്നിധ്യത്തിൽ നടന്ന എൽ.ഡി.ആർ.എഫ് അദാലത്തിൽ 13 വായ്പകളിലായി 16.65 ലക്ഷം രൂപയുടെ ഇളവ് നൽകി വായ്പകൾ തീർപ്പാക്കി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര എന്നീ ഓഫീസുകളിൽനിന്നും വായ്പ എടുത്തശേഷം മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരരോഗം ബാധിച്ചവർക്കും ഉൾപ്പെടെ വായ്പാതിരിച്ചടവിൽ ഇളവ് നൽകുന്നതിനായാണ് എൽ.ഡി.ആർ.എഫ് അദാലത്ത്.
എം.എസ്‌സി നഴ്സിങ്: സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ എം.എസ്‌സി കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ് കോഴ്സിൽ ഒഴിവുള്ള സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അനുബന്ധ രേഖകളുമായി ഒക്ടോബർ 30ന് ഉച്ചയ്ക്ക് രണ്ടിനകം കോളജ് ഓഫീസിൽ ഹാജരാകണം.
അഭിമാനത്തോടെ വീണ്ടും: സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 പിജി സീറ്റുകൾക്ക് അനുമതി
*രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഡിഎം പീഡിയാട്രിക് നെഫ്രോളജി
സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പൾമണറി മെഡിസിൻ 2 സീറ്റ്, എംഡി അനസ്തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയിൽ കൂടുതൽ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സർക്കാർ വന്ന ശേഷം പുതുതായി 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായി. കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. രാജ്യത്ത് തന്നെ ഈ മേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതിനാൽ തന്നെ കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരെ സൃഷ്ടിക്കാൻ ഇതിലൂടെ സഹായിക്കും.
പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഡിഎം പീഡിയാട്രിക് നെഫ്രോളജി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സാണ് ഡിഎം പൾമണറി മെഡിസിൻ. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഡിഎം പൾമണറി മെഡിസിൻ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൂടി അനുമതി ലഭ്യമായതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനാകും.
അനസ്തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതൽ പിജി സീറ്റുകൾ ലഭിച്ചതോടെ ഈ രംഗങ്ങളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുന്നു. മെഡിക്കൽ കോളേജുകളിൽ സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്. എത്രയും വേഗം ഈ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ സബ് ഓഫിസുകളിലും ഇ-ഓഫീസ് സംവിധാനം
* പദ്ധതി അവലോകന യോഗത്തിൽ തീരുമാനം
പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ സബ് ഓഫീസുകളിലും 2025 മാർച്ച് 31ന് മുമ്പായി ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. തിരുവനന്തപുരം നന്ദാവനത്ത് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളുവിന്റെ സാന്നിധ്യത്തിൽ നടന്ന പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.
കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കുമ്പോൾ റോഡ്, വൈദ്യുതി, കുടിവെളളം എന്നിവയ്ക്ക് മുൻഗണന നൽകും. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വകുപ്പിൽ ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഒരു കോടി രൂപവരെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലാതാമസം ഒഴിവാക്കുന്നതിന് ജില്ലാ തലത്തിൽ അംഗികാരം നൽകുന്നതിന് നടപടി സ്വീകരിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ജില്ലാ ഓഫീസർമാരും പങ്കെടുത്തു.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതിൽ അധ്യാപകർക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകർക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകണം. ഓരോ സ്‌കൂളിന്റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ വേണം. അതിന് സ്‌കൂൾതല ആസൂത്രണം നടത്തണം. കുട്ടികളുടെ വായനാശീലം, എഴുത്ത് എന്നിവ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണം.
ഓരോ കുട്ടിക്കും അധ്യാപകരുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മെന്ററിങ്ങ് ഫലപ്രദമായി നടപ്പാക്കുകയും മോണിറ്ററിങ്ങ് ശക്തിപ്പെടുത്തുകയും വേണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണം. എ ഇ ഒ, ഡി ഇ ഒമാർ അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കുകയും. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കുകയും വേണം. പ്രധാന അധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാക്കും മാനേജ്‌മെന്റ് പരിശീലനം ഉറപ്പാക്കണം. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താൻ സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.