Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/10/2024 )

 

സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി

അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അധ്യക്ഷയായ പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് സ്‌നേഹവാസുരഘു, മിഷന്‍ ശക്തി കോ-ഓര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ , സ്‌കൂള്‍ കൗണ്‍സിലര്‍ വീണാ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍സില്‍ ഡ്രോയിംങ് മത്സരത്തില്‍ വിജയികളായ ആര്‍. ദേവിക, അനറ്റ് ലിസ് വര്‍ഗീസ്, ദേവനന്ദ ഡി. നായര്‍, ആഷ്‌ന സന്തോഷ് എന്നീ കുട്ടികളെ അനുമോദിച്ചു. ഡോ. അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി സ്വയംരക്ഷ പ്രതിരോധ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

ടെന്‍ഡര്‍

പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേയ്ക്ക് 2024 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേയ്ക്ക് കാര്‍/ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ട് വൈകുന്നേരം മൂന്ന് വരെ. വിവരങ്ങള്‍ ഓഫീസില്‍ നിന്ന് നേരിട്ടും 04734 256765 എന്ന നമ്പര്‍ മുഖേനയും ലഭിക്കും.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലുള്ള ഒഴിവില്‍ താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. ഹോട്ടല്‍ മാനേജ്മെന്റ് / കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് / കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള ഓപ്പണ്‍ കാറ്റഗറിയില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഓക്ടോബര്‍ 29 ന് രാവിലെ 11.00 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ അഭിമുഖത്തിന് ഹാജരാകണം
ഫോണ്‍: 04682258710.

പരീക്ഷകള്‍ മാറ്റി

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നവംബര്‍ 13 നു നടത്തുവാന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും അന്നേ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാറ്റി വെച്ചു. വിവരങ്ങള്‍ക്ക് www.kuhs.ac.in.

സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌ക്എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്സും ജനമൈത്രി പോലീസും സംയുക്തമായി തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൗണ്‍സലിങ് സെന്റര്‍ തുടങ്ങി. പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കുടുംബ പ്രശ്‌നങ്ങളില്‍ കൗണ്‍സലിങ്, മാനസികപിന്തുണ എന്നിവ നല്‍കി കുടുംബബന്ധങ്ങളെ ദൃഢമുള്ളതാക്കാനും കുട്ടികളുടെയും യുവാക്കളുടെയും ഇതര പ്രശ്‌നങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കാനും കൗണ്‍സലിങ് സെന്ററുകളിലൂടെ സാധ്യമാകുന്നു. അതിക്രമങ്ങള്ക്ക് ഇരയാകുന്ന സ്ത്രീകള്‍ , കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, നിയമ പിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍ , അതിജീവന സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സേവനങ്ങളള്‍ എന്നിവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക് മുഖേന ലഭ്യമാക്കുന്നത്.

തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജിജി വട്ടശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഈസ്റ്റ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല വര്‍ഗീസ് ,ഈസ്റ്റ് സി ഡി എസ് തിരുവല്ല നഗരസഭ മെമ്പര്‍ സെക്രട്ടറി ഉമേഷിത, വെസ്റ്റ് സി ഡി എസ് തിരുവല്ല നഗരസഭ മെമ്പര്‍ സെക്രട്ടറി രേഖ (മെമ്പര്‍ സെക്രട്ടറി, വെസ്റ്റ് സി ഡി എസ് തിരുവല്ല നഗരസഭ ) തുടങ്ങിയവര്‍ പങ്കെടുത്തു.

പരുമല പെരുന്നാള്‍ : തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം- മാത്യു ടി തോമസ് എം.എല്‍.എ

പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം.
വരാല്‍തോട് ഷട്ടറിന്റെ പുനുരുദ്ധാരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. കവിയൂര്‍ പുഞ്ചയില്‍ കൃഷി ഇറക്കാന്‍ കറ്റോട് പാലം മുതല്‍ കാക്കത്തുരുത്ത് വരെയുള്ള സ്ഥലത്ത് തോട് വൃത്തിയാക്കണം.
തിരുവല്ല താലൂക്ക് ഓഫീസിലെ ലിഫ്റ്റ് പ്രവര്‍ത്തനസജമാക്കണമെന്നും  നിര്‍ദ്ദേശിച്ചു.
അടൂര്‍ മുട്ടാര്‍ നീര്‍ച്ചാലിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി ഉടന്‍  പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി പറഞ്ഞു.
കലഞ്ഞൂര്‍ വില്ലേജ് ഓഫീസ്, കൂടല്‍ ഫിഷ് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി പറഞ്ഞു.
ജില്ലാ പദ്ധതി രൂപീകരണത്തില്‍ എല്ലാ വകുപ്പുകളുടേയും കൃത്യമായ പങ്കാളിത്തമുണ്ടാകണമെന്ന്  അധ്യക്ഷനായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പന്തളം മൂന്ന്കുറ്റി പാടശേഖര വികസനം:ചെറുകിട ജലസേചന പദ്ധതിക്ക്  ഭരണാനുമതി ലഭ്യമായി- ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം കൃഷിഭവന്‍ പരിധിയിലുള്ള മൂന്ന്കുറ്റി പാടശേഖര വികസനത്തിന് ചെറുകിട ജലസേചന പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ . 2023-24 ലെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പന്തളം തോന്നല്ലൂര്‍ കൃഷിഭവന്‍ പരിധിയില്‍ പെടുന്ന മൂന്ന്കുറ്റി പാടശേഖരത്തില്‍ ഏകദേശം 20 ഹെക്ടര്‍ സ്ഥലത്ത് കഴിഞ്ഞ മൂന്നുവര്‍ഷമായി നെല്‍കൃഷി ചെയ്തു വരുന്നു. എന്നാല്‍ ആവശ്യമായ വാട്ടറിംഗ് – ഡീവാട്ടറിംഗ്  സംവിധാനം ഇല്ലാത്തതിനാല്‍ ഈ പാടശേഖരം പൂര്‍ണമായും ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നില്ല. ഡീവാട്ടറിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ കൃഷി തുടങ്ങുവാന്‍ ഏറെ വൈകിയിരുന്നു. കൃഷി തുടങ്ങിയാല്‍ തന്നെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കാത്തത്  കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. നിലവിലെ ഈ പ്രോജക്ട് ലൂടെ  10 എച്ച്പിയുടെ രണ്ട് മോട്ടറുകളും  ട്രാന്‍സ്‌ഫോമര്‍ അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ സാധിക്കും. പ്രോജക്ട് നിലവില്‍ വരുമ്പോള്‍ പാടശേഖരത്ത് രണ്ടുപ്രാവശ്യം നെല്‍കൃഷി വിജയകരമായി നടത്തുവാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

കല്ലുവിളപ്പടി വാഴോട്ട് മേലേതില്‍ റോഡ് ഉദ്ഘാടനം ചെയ്തു

എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് നിര്‍മിച്ച കല്ലുവിളപ്പടി വാഴോട്ട് മേലേതില്‍ റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അലാവുദീന്‍ അധ്യക്ഷനായി.
നഗരസഭ കൗണ്‍സിലര്‍ ഗോപാലന്‍, വി. വേണു, പ്രൊഫ. കെ. ആര്‍. ശങ്കരനാരായണന്‍, പി. ടി. വേണുഗോപാലന്‍ നായര്‍, അനന്ദു മധു എന്നിവര്‍ പങ്കെടുത്തു.

സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിംഗ് 28ന് തിരുവല്ലയില്‍

കേരളത്തിലെ സ്വകാര്യമേഖലയില്‍ ജോലിനോക്കുന്ന വനിതകളായ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മിഷന്‍ ഒക്ടോബര്‍ 28ന് തിരുവല്ലയില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് തിരുവല്ല വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയാവും. കമ്മിഷനംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി. ആര്‍. മഹിളാമണി, അഡ്വ: പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ , ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരന്‍, ടിഎന്‍എഐ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ദിലീപ് തുടങ്ങിയവര്‍ സംസാരിക്കും. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളായ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുകമാണ് പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നത്.

ഹൈജീയ 2.0 പത്തനംതിട്ട: ശുചിത്വ മിഷന്‍ ഏകദിന കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലന പരിപാടി 28 ന്

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ ശേഷി വികസന പരിപാടിയുടെ ഭാഗമായി ‘ഹൈജീയ 2.0 പത്തനംതിട്ട’  കപ്പാസിറ്റി ബില്‍ഡിംഗ് കാസ്‌കേഡിങ് പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28 ന് രാവിലെ 10.00  മുതല്‍ പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അസി. എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അധ്യക്ഷ•ാര്‍ക്കും കൂടുതല്‍ അറിവ് പകരുകയാണ് ഏകദിന പരിശീലന പരിപാടിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി. എസ.് മോഹനന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എസ് . പ്രേം കൃഷ്ണന്‍, എംജിഎന്‍ആര്‍ഇജിഎസ് പത്തനംതിട്ട ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ ജി ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

പെരിങ്ങര പി എം വി എച്ച് എസില്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്ക് സ്‌നേഹിതാ @ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളിലേക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരിങ്ങര പി. എം. വി. എച്ച്. എസില്‍ സ്‌നേഹിത@സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പെരിങ്ങര സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ആര്‍. അനൂപ  പദ്ധതി വിശദീകരണം നടത്തി. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ആണ് സ്‌നേഹിത. കുടുംബ പ്രശ്‌നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്‌നങ്ങള്‍ തുടങ്ങിയ കേസുകളാണ് സ്‌നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും കൗണ്‍സലിങ്ങും നിയമസഹായവും നല്‍കാനാണ് സ്‌നേഹിത പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് സുരക്ഷിതമായ സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനുമായി പിന്തുണ ലഭ്യമാക്കുക, ലിംഗവബോധം സൃഷ്ടിക്കുക, ശാരീരിക വൈകല്യം ഉള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കുക, പരീക്ഷ സമയത്തും മറ്റുമുള്ള മാനസിക  സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സിലിങ്, മറ്റു വ്യക്തിഗത കൗണ്‍സിലിംഗുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി  കുട്ടികള്‍ക്കു ലഭ്യമാക്കും. ആഴ്ചയില്‍ ഒരു തവണ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിഗ് സേവനങ്ങള്‍ ലഭ്യമാക്കും.
പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം, വാര്‍ഡ് അംഗങ്ങളായ എം. സി. ഷൈജു, ശര്‍മിള സുനില്‍, സുഭദ്ര രാജന്‍, പി. സ്‌നേഹിതാ സര്‍വീസ് പ്രൊവൈഡര്‍ എം. ഷീമോള്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റിറ്റി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു പ്രതിമാസ വേതനം 20,000 രൂപ.
യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്/ പിഎച്ച്ഡി അഭികാമ്യം), ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വിവരങ്ങള്‍ക്ക് www.supplycokerala.comwww.cfrdkerala.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.

രേഖകള്‍ സമര്‍പ്പിക്കണം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തിയായ 2018 മാര്‍ച്ച് വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കിയിട്ട് ആദ്യഗഡു ലഭിക്കാത്തവര്‍ തുക ലഭിക്കുന്നതിനായി ആധാര്‍കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ടുളള ബാങ്ക് പാസ്ബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും ഹാജരാക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണസര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടു രേഖകളുടെ പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415. 9495505083.

 

error: Content is protected !!