konnivartha.com: കോന്നിയില്‍ റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായതിനെ തുടർന്ന് സിവിൽ സപ്ലൈസ് കോർപറേഷന്റെ കോന്നി(എൻഎഫ്എസ്എ) ഗോഡൗണിൽ വിജിലൻസ് പരിശോധന നടത്തി.
വാതിൽപ്പടി വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരിയുടെ കുറവ് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കോർപറേഷന്റെ തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽനിന്നു വിജിലൻസ് ഓഫീസർ ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം കോന്നിയിലെത്തി പരിശോധന നടത്തിയത്.
താലൂക്കിലെ 139 റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് റേഷൻ അരി എത്തിക്കുന്നത്. ഇതിന്റെ രണ്ട് സബ് ഗോഡൗണുകൾ പൂവൻപാറയിലും മരങ്ങാട്ട് ജങ്ഷന് സമീപവുമുണ്ട്. മൂന്ന് ഇടങ്ങളിലെയും അരിയുടെ സ്റ്റോക്ക് വിജിലൻസ് പരിശോധിച്ചു. പരിശോധനയിൽ എട്ട് ലോഡ് അരി(800 ക്വിന്റൽ) യുടെ കുറവാണ് കണ്ടെത്തിയത്.
ഇവിടെനിന്നു റേഷൻ കടകളിലേക്ക് ലോറികളിൽ ഗോഡൗൺ മാനേജരുടെ നിർദേശപ്രകാരമാണ് കരാറുകാരൻ ലോഡ് എത്തിച്ചു നൽകുന്നത്. എങ്ങനെയാണ് കുറവ് ഉണ്ടായതെന്ന് കണ്ടെത്താനായില്ല. ഘട്ടം ഘട്ടമായി ഉണ്ടായ കുറവാണോ, ഗോഡൗണിൽ നിന്നു ലോഡ് കയറ്റി പോയതാണോ എന്നത് സംബന്ധിച്ച് തുടർ അന്വേഷണം നടക്കും. വിജിലൻസ് റിപ്പോർട്ട് സർക്കാരിന് കൈമാറിയ ശേഷം മാനേജരടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും.