
konnivartha.com: ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വേണ്ടി വനം വകുപ്പ് ടെൻഡർ ക്ഷണിച്ചു.
20 ലക്ഷം രൂപ അടങ്കൽ തുകയിൽ 6.400 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.24/10/2024 ൽ ടെൻഡർ ഓപ്പൺ ചെയ്യും.തുടർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് 10 ദിവസത്തിനുള്ളിൽ പണികൾ ആരംഭിക്കാൻ കഴിയും എന്ന് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചു..
മണക്കയം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അള്ളുങ്കൽ ഡാം വരെ 2.5 കിലോമീറ്റർ ദൂരം ഒരു റീച്ചും ഡാം മുതൽ സീതത്തോട് ജംഗ്ഷന് സമീപം വരെ 3.9 കിലോമീറ്റർ ദൂരം മറ്റൊരു റീച്ചുമായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഒക്ടോബർ 11 ന് ചിറ്റാർ പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് സൗരോർജ്ജ വേലി സ്ഥാപിക്കുന്നത്.
ഊരാംപാറയ്ക്ക് സമീപം കക്കാട്ടാറിന് മറുകരയിലെ വനമേഖലയിൽ നിന്നാണ് ആനകൾ ജനവാസ മേഖലയിൽ എത്തുന്നത്.രാവെന്നും പകലെന്നുമില്ലാതെ വനപാലക സംഘത്തിൻ്റെ സായുധരായ ടീം ഈ മേഖലയിൽ സ്ഥിതി ഗതികൾ നിരന്തരം വീക്ഷിച്ചു കൊണ്ട് നിലയുറപ്പിച്ചിട്ടുണ്ട്.