Trending Now

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 19/10/2024 )

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ്

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭൂവിനിയോഗവും കലാവസ്ഥാ വ്യതിയാനവും വിഷയത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാറും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രകൃതിവിഭവ ഡേറ്റാ ബാങ്ക് പ്രകാശനവും പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്രീയമായ ഭൂവിനിയോഗ ആസൂത്രണവും പരിമിതമായ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി ഓരോ പ്രദേശവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിവിഭവങ്ങളുടെ അടിസ്ഥാനവിവരശേഖരണം ഏറെ പ്രധാനപ്പെട്ടതാണ്. ഭൂവിനിയോഗാസൂത്രണത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ് ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രസക്തിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയായി. കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ യാസ്മിന്‍ എല്‍. റഷീദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ തദ്ദേശസ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വ്യാവസായിക മേഖലകളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്
ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കില്‍ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്‌സ്) ജില്ലയിലെ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി സംഘടപ്പിച്ച ജില്ലാതല സമ്മിറ്റ് തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൈപുണ്യ വികസനം ഗുണനിലവാരമുള്ളതാകേണ്ടത് ഏറെ പ്രധാനമാണ്. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിനുള്ള പങ്ക് ഏറെ വലുതാണെന്നും മന്ത്രി പറഞ്ഞു.
മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ടി. വി. വിനോദ്, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ്, കെയ്സ് സ്‌കില്‍ കോണ്‍വെര്‍ജെന്‍സ് വിഭാഗം മാനേജര്‍ പി. അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ക്ഷീരവികസനമേഖലയില്‍ നവീന പദ്ധതികള്‍ നടപ്പാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

ക്ഷീരവികസന മേഖലയില്‍ നവീന പദ്ധതികള്‍ നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

 

പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ വിവിധ പദ്ധതികള്‍ ക്ഷീരവികസനവകുപ്പ് നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, തിരുവനന്തപുരം മേഖലാ യൂണിയന്‍ ഡയറക്ടര്‍ മുണ്ടപ്പള്ളി തോമസ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു , അംഗങ്ങളായ കെ.ജി. ജഗദീശന്‍, സിന്ധുജയിംസ്, രഞ്ജിനി കൃഷ്ണകുമാര്‍, വിവിധ പാര്‍ട്ടി നേതാക്കന്മാരായ എം. മധു, അനു സി. തെങ്ങമം, തോട്ടുവാ മുരളി, ബിനു വെള്ളച്ചിറ, ക്ഷീരസംഘം ഭാരവാഹികളായ വിനോദ് തുണ്ടത്തില്‍, ബി.രാജേഷ്, ആര്‍. ദിനേശന്‍, സൗദാരാജന്‍, പ്രസന്നകുമാരി എസ്, ഷിബു, ജോബോയ് ജോസഫ്, ശ്രീജാകുമാരി, ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ടെന്‍ഡര്‍

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. വെബ്‌സൈറ്റ് : www.etenders.kerala.gov.in, ഫോണ്‍ : 0468 2325168, 8281999004.

പളളിയോടങ്ങളെ ആദരിച്ചു

ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. ജലോത്സവത്തില്‍ പങ്കെടുത്ത പഞ്ചായത്തിലെ അഞ്ച് പളളിയോടങ്ങള്‍ക്ക് 10,000 രൂപ വീതം ഗ്രാന്റ് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ അധ്യക്ഷയായ യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. കൃഷ്ണകുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി മാത്യു, വാര്‍ഡ് അംഗങ്ങളായ റ്റി. കെ. രാമചന്ദ്രന്‍ നായര്‍, കെ. പ്രതീഷ്, റെന്‍സിന്‍ കെ. രാജന്‍, രശ്മി ആര്‍. നായര്‍, അനിത ആര്‍. നായര്‍, റീന തോമസ്, അജിത റ്റി. ജോര്‍ജ്, ലത ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കും ജനമൈത്രി പോലീസും സംയുക്തമായി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ധന്യാദേവി അധ്യക്ഷയായ ചടങ്ങില്‍ സബ് ഇന്‍സ്പക്ടര്‍ എസ്. വിപിന്‍കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂര്യകലാദേവി, എ. വിജയന്‍ നായര്‍, എ. ജി. ശ്രീകുമാര്‍, പി. എസ്. രാജു, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്. ആദില. , സിഡിഎസ് ചെയര്‍പേഴ്സണ്‍ എം. ടി. സീജാമോള്‍, വൈസ് ചെയര്‍പേഴ്സണ്‍ ലളിത രാമചന്ദ്രന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. ആര്‍. അനുപ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുടുംബ പ്രശ്നങ്ങളില്‍ കാണ്‍സിലിംഗ്, മാനസികപിന്തുണ എന്നിവ നല്‍കി കുടുംബബന്ധങ്ങളെ ദൃഢതയുള്ളതാക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടേയും ഇതര പ്രശ്നങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കുവാനും കൗണ്‍സിലിംഗ് സെന്ററുകളിലുടെ സാധ്യമാകുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കും.

 

സൗജന്യ പിഎസ്സി പരിശീലനം

പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് തിരുവനന്തപുരം സിജിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പിഎസ്സി മത്സര പരീക്ഷ പരിശീലനപരിപാടിയുടെ ഭാഗമായി പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 30 ന് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ പത്താം നിലയിലുളള പ്രൊഫഷണലുകള്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0471 2330756, 8547676096.

ആര്‍ടിഎ യോഗം ഒക്ടോബര്‍ 24 ന്

മോട്ടര്‍ വാഹന വകുപ്പിന്റെ ആര്‍ടിഎ യോഗം ഒക്ടോബര്‍ 24 ന് രാവിലെ 11 ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കുടുംബശ്രീ സിഡിഎസുകളില്‍ അക്കൗണ്ടന്റുമാരെ നിയമിക്കുന്നു

ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രുപ്പ് അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, www.kudumbashree.org എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25. ഒഴിവുകളുടെ എണ്ണം അഞ്ച്. എഴുത്തുപരീക്ഷ നവംബര്‍ ഒന്‍പതിന് .

യോഗ്യത : അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലിയും. കംപ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിലാസം : ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ടറേറ്റ് പത്തനംതിട്ട. ഫോണ്‍. 0468 222 1807.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

പട്ടികവര്‍ഗ യുവതിയുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 വയസിന് താഴെയുള്ളവരും ബിരുദപഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ കോഴ്സ് പൂര്‍ത്തീകരിച്ചവരുമാകണം.

അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. യാത്രാചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെയുളള ചെലവ്, പോക്കറ്റ് മണി എന്നിവ വകുപ്പ് നല്‍കും. അപേക്ഷയും യോഗ്യത പരീക്ഷ സര്‍ട്ടിഫിക്കറ്റ്, ജാതി വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും സഹിതം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ഒക്ടോബര്‍ 31 നകം ലഭിക്കണം. 2023-24 വര്‍ഷം സിവില്‍ സര്‍വീസ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ – 04735 227703. ടോള്‍ഫ്രീ നമ്പര്‍. 1800 425 2312.

അടൂര്‍ മുദ്രാപീഠം നൃത്തവിദ്യാലയം: പ്രവര്‍ത്തനോദ്ഘാടനം 22 ന്

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകര്‍ അടൂര്‍ കേന്ദ്രമാക്കി നടത്തുന്ന മുദ്രാപീഠം നൃത്തവിദ്യാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉപജീവനോപാധികളുടെ വിതരണവും ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ്‌ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും.

ഉച്ചയ്ക്ക് രണ്ടുമുതല്‍ വിവിധ വകുപ്പുകളുടെ ഏകോപനയോഗവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നല്‍കുന്ന വിവിധ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചുളള ചര്‍ച്ചകളും നടക്കും.

error: Content is protected !!