ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ യു ആർ പ്രദീപും പാലക്കാട് ഡോ. പി സരിനും മത്സരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ചേലക്കര മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപ് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനുമാണ്. കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനറായിരുന്നു ഡോ. പി സരിൻ .
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്‌ബറേലിയിലും ജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗത്വം ഉപേക്ഷിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എംഎൽഎയും സംസ്ഥാന മന്ത്രിയുമായിരുന്ന കെ രാധാകൃഷ്‌ണൻ ആലത്തൂരിൽനിന്നും പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിലും ജയിച്ചു. ഇതോടെയാണ് രണ്ട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
നവംബർ പതിമൂന്നിനാണ് സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന്.