Trending Now

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ ചെലവഴിച്ചു :മന്ത്രി ഡോ. ആര്‍. ബിന്ദു

 

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് 6000 കോടി രൂപ ചെലവഴിച്ചെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. റാന്നി വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജിന്റെ പുതിയ കെട്ടിടങ്ങളുടേയും ഹോസ്റ്റല്‍ സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്റ് സാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിടെക്നിക് കോളജുകള്‍. പ്രവര്‍ത്തികളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് അവയുടെ മുഖമുദ്ര. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജുകളേയും ഈ രീതിയിലേക്ക്് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

അഭൂതപൂര്‍വമായ കുതിച്ചുചാട്ടമാണ് സാങ്കേതിക മേഖലയില്‍. നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷിന്‍ ലേണിംഗ് തുടങ്ങിയവ വലിയ രീതിയില്‍ വികസിക്കുന്നു. നവവൈജ്ഞാനിക സമൂഹത്തെ സൃഷ്ടിച്ച് പുതിയ സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കളാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിദ്യാര്‍ഥികളുടെ നൂതനആശയങ്ങളെ പ്രായോഗികതലത്തിലേയ്ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി കോളജുകളില്‍ വിജയകരമായി തുടരുകയാണ്. വ്യാവസായിക – വിദ്യാഭ്യാസ മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകള്‍, 3.5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വര്‍ക്ക്ഷോപ്പ്, ഡ്രോയിംഗ് ഹാള്‍, ജിംനേഷ്യം, കന്റീന്‍, ഗേറ്റ്, സെക്യൂരിറ്റി റൂം തുടങ്ങിയവയാണ് നാടിന് സമര്‍പിച്ചത്.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് പണിക്കര്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. രമാദേവി, മുന്‍ എംഎല്‍എ രാജു എബ്രഹാം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍. സീമ, പ്രിന്‍സിപ്പല്‍ ഡോ. എന്‍. ഡി. ആഷ, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.