
konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു.
വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും പങ്കുചേർന്നു.
രണ്ട് കാട്ടാനകളാണ് നിരന്തരം ജനവാസ കേന്ദ്രത്തിൽ എത്തുന്നത്.ഇത് സംബന്ധിച്ചു എം എൽ എ നിയമസഭയിൽ ഉന്നയിക്കുകയും വനമന്ത്രി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.