Trending Now

കോന്നി മെഡിക്കൽ കോളജ് റോഡിന്‍റെ നിർമ്മാണോദ്ഘാടനം നടന്നു

 

സമഗ്ര റോഡ് വികസനം ലക്ഷ്യം : മന്ത്രി പി. എ. മുഹമ്മദ് റിയാസ്

konnivartha.com: ദേശീയപാതകൾ, മലയോര ഹൈവേ, തീരദേശ ഹൈവേ, തുടങ്ങി ഗ്രാമീണ റോഡുകൾ വരെ ഉന്നതനിലവാരത്തിൽ നിർമ്മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.

സംസ്ഥാന സർക്കാർ 14 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളജ് റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിനോട് ചേർന്ന 1.15 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.8 കിലോമീറ്റർ റോഡും വട്ടമൺ മുതൽ പയ്യനാമൺ വരെയുള്ള 1.9 കിലോമീറ്റർ റോഡുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.

12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ മെഡിക്കൽ കോളജിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് അധ്യക്ഷനായ കെ. യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കോന്നി കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണം രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും അറിയിച്ചു.

കോന്നി ആനകുത്തി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ, മറ്റുജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!