Trending Now

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 )

കേരള നിയമസഭാ വാര്‍ത്തകള്‍ ( 04/10/2024 )

നിയമസഭാ സമ്മേളനത്തിൽ പ്രധാനം നിയമനിർമാണം:സമ്മേളനത്തിന് ഇന്ന് (ഒക്ടോബർ 4) തുടക്കം

konnivartha.com: ഇന്ന് (ഒക്ടോബർ 4) ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമ്മാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഈ സമ്മേളനത്തിൽ ആകെ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബർ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്നേ ദിവസത്തേക്ക് സഭ പിരിയും.

സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസങ്ങളിൽ ആറു ദിവസങ്ങൾ സർക്കാർ കാര്യങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബർ 18ന് നടപടികൾ പൂർത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

ഈ സമ്മേളന കാലയളവിൽ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകൾ;

ദ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (അമന്റ്മെൻഡ്) ബിൽ (ബിൽ നം.179), 2023-ലെ കേരള കന്നുകാലി പ്രജനന ബിൽ (ബിൽ നം. 180), ദ കേരള പബ്ലിക് സർവീസ് കമ്മീഷൻ (അഡീഷണൽ ഫങ്ഷൻസ് ആസ് റെസ്പെക്ട്സ് സേർട്ടൺ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമന്റ്മെൻഡ് ബിൽ 2024 (ബിൽ നം.190), കേരള ജനറൽ സെൽസ് ടാക്സ് (അമന്റ്മെൻഡ്) ബിൽ 2024 (ബിൽ നം.191), 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ (ബിൽ നം. 213), ദ പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് (അമന്റ്മെൻഡ്) ബിൽ 2022 (ബിൽ നം.107) എന്നിവയാണ്.

കൂടാതെ, 2017- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്. ബില്ലുകൾ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബർ 4ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

നിയമസഭാ സംവാദങ്ങൾ മലയാളത്തിൽ

നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ നിയമവകുപ്പിന്റെ സഹകരണത്തോടെ ഭരണഘടനാ നിർമ്മാണ സഭയുടെ ഡിബേറ്റ്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു പ്രൊജക്ട് 2022 മെയിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു നിയമസഭ ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ച ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവർത്തനം നടപ്പാക്കുന്നത്. ഉദ്യോഗസ്ഥ തലങ്ങളിൽ തയ്യാറാക്കുന്ന പരിഭാഷ പരിശോധന നടത്തുന്നതിനായി മുൻ നിയമസഭാ സെക്രട്ടറി ഡോ. എൻ.കെ. ജയകുമാർ ചെയർമാനായും നിയമസഭാ സെക്രട്ടറി കൺവീനറായും ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. ഈ പ്രൊജക്ടിൽ ഭരണഘടനാ നിർമ്മാണ സഭയിലെ ആകെ 167 ദിവസങ്ങളിലെ ഡിബേറ്റ്‌സുകളാണ് പരിഭാഷപ്പെടുത്തുന്നത്. നിലവിൽ 09.12.1946 മുതൽ 02.05.1947 വരെയുള്ള തീയതികളിൽ ആകെ 21 ദിവസങ്ങളിലായി, ഭരണഘടനാ നിർമ്മാണ സഭയിൽ നടന്ന ഡിബേറ്റുകളുടെ പരിഭാഷ തയ്യാറായി വരുന്നു. പരിഭാഷയുടെ ആദ്യ വാല്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 2025 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ പ്രകാശനം ചെയ്യാനാണുദ്ദേശിക്കുന്നത്.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം- മൂന്നാം പതിപ്പ്

കേരള നിയമസഭ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട രീതിയിൽ രണ്ട് അന്താരാഷ്ട്ര പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 09 മുതൽ 15 വരെ സംഘടിപ്പിച്ച പ്രഥമ പുസ്തകോത്സവത്തിൽ എൺപത്തെട്ടോളം പ്രസാധകർ പങ്കെടുക്കുകയും 124 സ്റ്റാളുകൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. 2023 നവംബർ ഒന്നുമുതൽ ഏഴ് വരെ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിൽ 158 പ്രസാധകർ പങ്കെടുക്കുകയും 252 സ്റ്റാളുകൾ ഒരുക്കുകയും ചെയ്തു. നോബൽ സമ്മാന ജേതാക്കളുൾപ്പെടെ ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പുസ്തകോത്സവത്തിന്റെ രണ്ട് പതിപ്പുകളിലുമായി പങ്കെടുത്തിരുന്നു. ബഹുജനപങ്കാളിത്തം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകോത്സവം ദേശീയ തലത്തിൽ തന്നെ നിയമസഭകളുടെ ചരിത്രത്തിൽ മുൻ മാതൃകകളില്ലാത്ത പ്രവർത്തനമായിരുന്നു.

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി ആദ്യവാരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകോത്സവം മുൻ പതിപ്പുകളേക്കാൾ മികച്ച രീതിയിലും കുറ്റമറ്റ തരത്തിലും സംഘടിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിയമസഭാ സാമാജികരെ കൂടി ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പും വൻ വിജയമാക്കിത്തീർക്കുന്നതിന് മുൻ പതിപ്പുകളിൽ ഉണ്ടായിരുന്നതുപോലെയുള്ള സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നതായും സ്പീക്കർ പറഞ്ഞു. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ സന്നിഹിതനായിരുന്നു.

error: Content is protected !!