konnivartha.com: ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമായത്.
ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും നല്‍കിവരുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.
തിരുവല്ല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രമാണ് (ഡി. ഇ ഐ. സി.) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ജന്മനാ ഹൃദയവൈകല്യമുള്ള ഏതൊരു കുഞ്ഞിനും വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സേവനങ്ങള്‍ക്കായിwww.hridyam.kerala.gov.in ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷകര്‍ത്താക്കളുടെ ഫോണ്‍ നമ്പറിലേക്ക് കേസ് നമ്പര്‍ മെസ്സേജ് ആയി ലഭിക്കും.
ശസ്ത്രക്രിയകള്‍ സൗജന്യമായി സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരം എസ്. എ. ടി ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണുള്ളത്; സ്വകാര്യ മേഖലയില്‍ ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല, അമൃത ആശുപത്രി കൊച്ചി, ലിസി ആശുപത്രി കൊച്ചി എന്നിവിടങ്ങളിലുമുണ്ട്.
പദ്ധതി വഴി എക്കോ, സി. റ്റി, കാത്ത്‌ലാബ് പ്രൊസീജിയര്‍ എം.ആര്‍.ഐ തുടങ്ങിയപരിശോധനകള്‍, സര്‍ജറികള്‍, ആവശ്യമായ ഇടപെടലുകള്‍ എന്നിവയും സൗജന്യമായി ലഭിക്കും. അവശ്യഘട്ടങ്ങളില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലേക്ക് വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആംബുലന്‍സ് സേവനവുമുണ്ട്.