Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 28/09/2024 )

എലിപ്പനി : യഥാസമയം ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ്

മരണകാരണമായേക്കാവുന്ന രോഗമായ എലിപ്പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങള്‍ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.

പനി,തലവേദന,കഠിനമായക്ഷീണം,പേശിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ സമ്പര്‍ക്കം, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവ ഡോക്ടറെ അറിയിക്കണം.
പനി, പേശിവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍സ്റ്റോറുകളില്‍ നിന്നും വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് അപകടമാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടുക. കുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണണം. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കണം.

എലിയുടെ മാത്രമല്ല നായ, പൂച്ച ,കന്നുകാലികള്‍ എന്നിവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെയും കണ്ണിലെയും വായിലെയും നേര്‍ത്ത തൊലിയിലൂടെയും രോഗാണുക്കള്‍ക്ക് ശരീരത്തില്‍ കടക്കാനാകും. പാദങ്ങളില്‍ വിണ്ടു കീറല്‍, നഖംവെട്ടിയ ശേഷം ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ എന്നിവയിലൂടെയും രോഗാണുക്കള്‍ പ്രവേശിക്കാം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത്‌വൃത്തിയാക്കുക, വാഹനങ്ങള്‍കഴുകുക, കൃഷിപ്പണി, നിര്‍മ്മാണപ്രവൃത്തി, പെയിന്റിംഗ്പണി എന്നിവ കഴിഞ്ഞ് വയലിലും മറ്റുംകെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക, പണിയായുധങ്ങള്‍ കഴുകുക, മലിനമായവെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ എലിപ്പനിക്ക് കാരണമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്.

വിനോദത്തിനായി മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, പാടത്ത് പുല്ല് ചെത്തുന്നവര്‍, അടുക്കളത്തോട്ടം, പൂന്തോട്ട നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെടുന്ന അമ്മമാര്‍ എന്നിവര്‍ക്കും രോഗസാധ്യതയുണ്ട്. ജോലിക്കിറങ്ങുന്നവര്‍ കയ്യുറ, ഗംബൂട്ടുകള്‍ എന്നീ സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ,ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മസേന, വര്‍ക്ഷോപ്പ് ജീവനക്കാര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ജാഗ്രതപാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. എലിപ്പനിപോലെയുള്ള ജന്തുജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധിക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു.


സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വനം-വന്യജീവി വകുപ്പ്  വിവിധ മത്സരങ്ങള്‍ സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍.
എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ്   വിഭാഗത്തിലുള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും,   എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക്  ഉപന്യാസരചന  മത്സരവുമാണ്. ഒക്ടോബര്‍ രണ്ടിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍. രാവിലെ ഒന്‍പത് മുതലാണ് നടത്തുക.

ഓരോ കാറ്റഗറിയിലും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം.  ക്വിസ് മത്സരത്തിന് ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. പങ്കടുക്കാനായി പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രംസഹിതം രജിസ്റ്റര്‍ ചെയ്യണം.  മത്സരം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം.

മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കും.  വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കും. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിന്
നടക്കും. ഫോണ്‍ :  0468-2243452, 8547603707, 8547603708, 9074551311.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  

മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ  കരാര്‍ അടിസ്ഥാനത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ  മുഖേന തെരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം.   ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍  30 ന് ഉച്ചയ്ക്ക്  രണ്ടിനാണ് എത്തേണ്ടത്.  യോഗ്യത: ബിവിഎസ്സി ആന്‍ഡ് എഎച്ച്. കേരള സ്റ്റേറ്റ് വെറ്ററിനറി രജിസ്ട്രേഷന്‍. ഫോണ്‍ :04682322762.

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് താത്ക്കാലിക തൊഴിലവസരം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെ പരിഗണിക്കും.

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 30 ന്  രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകാം. 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് ജോലിസമയം. ഫോണ്‍ – 0468 2322762.

ക്വട്ടേഷന്‍

റാന്നി പട്ടികവര്‍ഗവികസന ഓഫീസിന്റെ പരിധിയില്‍ പെരുനാട് ഗ്രാമ പഞ്ചായത്തിലെ ളാഹ, മഞ്ഞത്തോട്, ചാലക്കയം പ്രദേശങ്ങളിലുള്ള പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ച് വിതരണം ചെയ്യുന്നതിന്  വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍  ഒന്‍പതിന് വൈകുന്നേരം മൂന്നുവരെ നല്‍കാം. ഫോണ്‍ : 04735 227703.

ലേലം

കെഐപി അഞ്ചാം ബറ്റാലിയനിലെ  നാലുമരങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30 ന് ബറ്റാലിയന്‍ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ ലേലം ചെയ്യും. ഫോണ്‍ : 04869 233072.

റേഷന്‍ കാര്‍ഡ് ആധാര്‍ അപ്ഡേഷന്‍

എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച്  (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും ഇ-പോസ് മെഷീന്‍ മുഖേന ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനായി ഒക്ടോബര്‍ ഒന്നുവരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും റാന്നി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുമായി കടകളില്‍ എത്തി വിരല്‍ പതിക്കണമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍   ഇന്‍സ്ട്രക്ടറുടെ  താല്‍കാലിക ഒഴിവുണ്ട്.   കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി  /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍ എന്നിവയില്‍  ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫേര്‍മേഷന്‍ ടെക്നോളജി  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍  എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഐസിറ്റിഎസ്എം ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും  ഉള്ളവര്‍   ഒക്ടോബര്‍ അഞ്ചിന്  രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ  യില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2258710.

അവലോകനയോഗം ഇന്ന് (28)

മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിന്റെ ഒരുക്കം വിലയിരുത്തുന്നതിന്  ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍  സെപ്റ്റംബര്‍ 28 ന്  ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേരും.

ചന്ദനതടി ചില്ലറ വില്‍പന

കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടികളുടെ ചില്ലറ വില്‍പന ഇന്നു(സെപ്റ്റംബര്‍  28) മുതല്‍. ഗോട്ടല, ബാഗ്രാദാദ്, സാപ് വുഡ് ഇനങ്ങളാണുള്ളത്.  എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി ഒരുകിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

മത്സ്യകുഞ്ഞ് വിതരണം

പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനാബസ് മത്സ്യകുഞ്ഞുങ്ങള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍നിരക്കിലാണ് വില. ഫോണ്‍ : 9562670128, 0468 2214589.

അന്താരാഷ്ട്ര സാക്ഷരത ദിനം

അന്താരാഷ്ട്ര സാക്ഷരത ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും  ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആഘോഷം. ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.കെ അശ്വതി    അധ്യക്ഷയായി.

പോഷ് ആക്ട് :  പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും അന്തസോടെയും സുരക്ഷിതത്വ ബോധത്തോടെയും ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ട് അനുസരിച്ച് എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലും (10ല്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്ള) ഇന്റേണല്‍ കമ്മിറ്റിയും, ജില്ലാ തലത്തില്‍ ലോക്കല്‍ കമ്മിറ്റിയും രൂപീകരിക്കണം.
പത്തോ അതിലധികമോ ജീവനക്കാര്‍ ഉള്ള (സ്ഥിരം, താല്‍ക്കാലികം) സ്ഥാപനമേധാവികള്‍ ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ നടത്തുന്നതും വ്യാപാരി വ്യവസായികള്‍ നടത്തുന്നതുമായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോഷ് പോര്‍ട്ടല്‍ ലിങ്ക്: https://posh.wcd.kerala.gov.in   ഫോണ്‍ : 8281239347, 0468-2966649.

ടെന്‍ഡര്‍

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എക്സ്‌റേ ഫിലിംവിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി – ഒക്ടോബര്‍ 10. ഫോണ്‍ : 0468 2243469.

യോഗം 30 ന്

ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം മൂന്നിന് എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേരും.

ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ കേന്ദ്ര/കേരള സര്‍ക്കാര്‍ എന്‍ട്രന്‍സ് മുഖേന സര്‍ക്കാര്‍/സര്‍ക്കാര്‍  അംഗീകൃത കോളജുകളില്‍ എംബിബിഎസ്, ബിടെക്, എംടെക,് ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്‍ഡ് എഎച്ച,് ബി ആര്‍ക്ക്, എംആര്‍ക്ക് പിജി ആയുര്‍വേദ,പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി,എംഎസ്, എംഡിഎസ്,എംബിഎ,എംസിഎ, എംവിഎസ്സി ആന്‍ഡ് എഎച്ച് എന്നീ കോഴ്സുകള്‍ക്ക് ഒന്നാംവര്‍ഷം പ്രവേശനം ലഭിച്ച ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ നിന്നും ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 20. ഫോണ്‍ : 0469 2603074.