Trending Now

കർഷകരോഷം ഇരമ്പി: വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി

konnivartha.com: കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക,
വന്യജീവി നിയമം കേന്ദ്രസർക്കാർ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പ്രതിഷേധം ഇരമ്പിയത്.മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകരാണ് സമരത്തിൽ അണിനിരന്നത്.

മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിച്ച കർഷക മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്നു നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ബി.രാജീവ്കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ശ്യാംലാൽ, എസ്. മനോജ്, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി കെ.ജി.വാസുദേവൻ, വൈസ് പ്രസിഡൻ്റ് ജി.അനിൽകുമാർ, ഏരിയാ സെക്രട്ടറി ആർ. ഗോവിന്ദ്, പ്രസിഡൻ്റ് കെ.എസ്.സുരേശൻ, പി.എസ്.കൃഷ്ണകുമാർ, കെ.ആർ.ജയൻ, ദിൻരാജ്, വർഗീസ് സഖറിയ, രവിശങ്കർ, സി.കെ.നന്ദകുമാർ റ്റി.രാജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

നാട്ടിലെ ജനങ്ങളെ വിളിച്ചു ചേർത്ത് ജനകീയ പ്രതിരോധ സമിതി രൂപീകരിക്കണം : കെ.പി.ഉദയഭാനു(സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

ജനങ്ങളുടെ ജീവനും, കൃഷിയ്ക്കും സംരക്ഷണം നൽകാൻ വനം വകുപ്പ് നാട്ടിലെ ജനങ്ങളെ വിളിച്ചു ചേർത്ത് ജനകീയ പ്രതിരോധ സമിതി രൂപീകരിക്കണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ആവശ്യപ്പെട്ടു.

കർഷക സംഘം നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കർഷക മാർച്ചും,ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളെ പോലെ സർവേ നടത്തി ഉൾക്കൊള്ളാൻ കഴിയുന്ന വന്യമൃഗങ്ങളുടെ കണക്കെടുത്ത് പെരുകുന്നവയെ കൊല്ലാൻ നിയമം കൊണ്ടുവരണം. കേന്ദ്ര വനനിയമം കർഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. അരനൂറ്റാണ്ട് കഴിഞ്ഞ വനനിയമം ഭേദഗതി ചെയ്യണം.

ജില്ലയിലെ പല മേഖലകളിലും വന്യമൃഗശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളെ ജനങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ടായാൽ തെറ്റുപറയാനാകില്ല.നിയമ ഭേദഗതി വരുത്തിയും, പ്രതിരോധം ശക്തമാക്കിയും കർഷകരെ സംരക്ഷിക്കാൻ തയ്യാറായില്ലങ്കിൽ തുടർന്നും ശക്തമായ സമരപരിപടികളുമായി മുന്നോട്ട് പോകുമെന്നും ഉദയഭാനു കൂട്ടി ചേർത്തു.

 

error: Content is protected !!