
konnivartha.com: പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് ,സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം മുതല്‍ കുമ്പഴ വരെ മിക്കപ്പോഴും വാഹനാപകടം ഉണ്ടാകുന്നു .നിരവധി ആളുകള്‍ ആണ് മരണപ്പെടുന്നത് . വാഹനങ്ങള്‍ അപകടപ്പെടുന്നത് സംബന്ധിച്ച് റോഡു നിര്‍മ്മാണ ചുമതല ഉള്ള കെ എസ് ടി പിയോട് കോന്നി എം എല്‍ എ കഴിഞ്ഞിടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു . റോഡ് നിര്‍മ്മാണത്തിലെ അപാകതയാകാം വാഹനങ്ങള്‍ അടിക്കടി അപകടപ്പെടുന്നതിനു കാരണം എന്നാണ് ജനം പറയുന്നത് . വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ ഇവിടെ സംവിധാനവും ഇല്ല .