Trending Now

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കുന്നു

konnivartha.com: പത്തനംതിട്ട ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കല്‍.

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാര്‍ഡ് (ഇളകൊള്ളൂര്‍), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാര്‍ഡ് (വല്ലന), നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് (കിഴക്കുംമുറി), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (ഇരുമ്പുകുഴി), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം  വാര്‍ഡ് (പുളിഞ്ചാണി) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 20നും അന്തിമപട്ടിക ഒക്ടോബര്‍ 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം.
2024 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അര്‍ഹത. sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കാന്‍  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.